ദുബൈ: ഒമാനെയും യു.എ.ഇയെയും തമ്മിൽ ബന്ധിക്കുന്ന റെയിൽ പദ്ധതിക്ക് ഔദ്യോഗിക ധാരണയായതോടെ പിന്നിട്ടത് ജി.സി.സി റെയിൽ പാതയിലേക്കുള്ള സുപ്രധാന ചുവട്. രണ്ടായിരത്തിലേറെ കി.മീറ്റർ നീളത്തിൽ ജി.സി.സി റെയിൽവേ ശൃംഖലയെ കുറിച്ച് നേരത്തേതന്നെ ചർച്ചകൾ സജീവമായിരുന്നു. യു.എ.ഇയുടെ ഇത്തിഹാദ് റെയിൽ പദ്ധതി വളരെ സജീവമായി മുന്നോട്ടുപോയതോടെയാണ് ജി.സി.സി പാത സാധ്യമാണ് എന്ന അഭിപ്രായം ശക്തമായത്. ഒമാനിലെ സുഹാർ തുറമുഖവുമായി അബൂദബിയെ ബന്ധിപ്പിക്കുന്ന പാതക്ക് കരാറായതോടെ പദ്ധതിക്ക് ചിറക് മുളച്ചിരിക്കയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
2009ലാണ് കുവൈത്തിൽനിന്ന് ആരംഭിച്ച് സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, യു.എ.ഇ എന്നിവിടങ്ങളിലേക്ക് നീളുകയും ഒടുവിൽ ഒമാനിലെ സുഹാർ തുറമുഖത്ത് അവസാനിക്കുകയും ചെയ്യുന്ന രീതിയിൽ ജി.സി.സി പാത നിർദേശിക്കപ്പെട്ടത്. നീണ്ട പത്തുവർഷത്തെ പഠനത്തിനുശേഷം 2021ഡിസംബറിൽ ജി.സി.സി റെയിൽ അതോറിറ്റി രൂപവത്കരിക്കുകയും ചെയ്തു. കഴിഞ്ഞദിവസം ഒപ്പുവെച്ച കരാറോടെ റെയിൽ ശൃംഖലയുടെ യു.എ.ഇയിലെയും ഒമാനിലെയും ഭാഗങ്ങൾ പൂർത്തിയാകാനാണ് വഴിയൊരുങ്ങിയത്. ജി.സി.സി റെയിൽപദ്ധതിയിൽ ഓരോ രാജ്യങ്ങളും സ്വന്തം ഭാഗം പൂർത്തിയാക്കുകയും പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യാനാണ് ആലോചിക്കുന്നത്. പൂർത്തിയായാൽ ജനങ്ങൾക്ക് ഏറെ സൗകര്യപ്രദവും വികസനരംഗത്ത് വലിയ കുതിപ്പിന് വഴിവെക്കുമെന്നുമാണ് ഈ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നു.
ജി.സി.സി രാജ്യങ്ങൾ തമ്മിൽ അകലം കുറയുകയും പരസ്പര സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് പദ്ധതി. രാജ്യങ്ങൾക്കിടയിലെ യാത്രാ, ചരക്കുനീക്കത്തിൽ വിപ്ലവകരമായ മാറ്റത്തിന് തിരികൊളുത്താനും ഇത് സഹായകരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.