ദോഹ: ആഘോഷങ്ങളോടെ വ്യാഴാഴ്ച ലോകമെങ്ങുമുള്ള മലയാളികൾക്കൊപ്പം ഖത്തറിലെ പ്രവാസികൾക്കും തിരുവോണാഘോഷത്തിരക്ക്.
രണ്ടുവർഷത്തെ കോവിഡ് നിയന്ത്രണങ്ങളിൽനിന്ന് മോചിതരായി മാസ്കില്ലാതെയും വിലക്കുകൾ കുറഞ്ഞുമാണ് പ്രവാസം ഓണത്തെ വരവേൽക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽതന്നെ വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും സൗഹൃദകൂട്ടങ്ങളുടെയും നേതൃത്വത്തിൽ ഓണാഘോഷം തുടങ്ങിക്കഴിഞ്ഞു.
സദ്യവട്ടങ്ങളും പൂക്കളങ്ങളുമായി ലേബർ ക്യാമ്പുകളും സജീവമാണ്. വ്യാഴാഴ്ചയാണ് തിരുവോണമെങ്കിലും അടുത്ത ദിവസമായ വെള്ളിയാഴ്ചയാവും കൂട്ടായ്മകളുടെ നേതൃത്വത്തിലെ ഓണാഘോഷങ്ങൾ.
താരസാന്നിധ്യത്തിൽ ഓണം
കഴിഞ്ഞ രണ്ടുവർഷങ്ങളിലും നഷ്ടമായ ഓണാഘോഷം പലിശസഹിതം കടംവീട്ടി ആഘോഷിച്ച് തീർക്കാനുള്ള ഒരുക്കത്തിലാണ് ഖത്തറിലെ മലയാളികൾ. അവരുടെ ഉത്സവങ്ങൾക്ക് മാറ്റുകൂട്ടാനായി പറന്നിറങ്ങുന്നത് മലയാളത്തിലെ സൂപ്പർതാരങ്ങളും. മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളും ഗായകരും നർത്തകരും അടങ്ങിയ വമ്പൻ നിരയാണ് സെപ്റ്റംബറിൽ ദോഹയിൽ തമ്പടിക്കുന്നത്. ഗായിക കെ.എസ്. ചിത്ര, സംഗീത സംവിധായകൻ ശരത്, ഗോപിസുന്ദർ, ചലച്ചിത്ര താരങ്ങളായ ജോജു, റിമി ടോമി, ലക്ഷ്മി ഗോപാല സ്വാമി, ഷംന കാസിം, പ്രശസ്ത ഗായകൻ ഹരിശങ്കർ, ഗായിക അമൃത സുരേഷ്, വയലിനിസ്റ്റ് വിവേകാനന്ദൻ, മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മ, ഫുട്ബാൾ താരം ഐ.എം. വിജയൻ തുടങ്ങിയവരാണ് അരങ്ങുണർത്താൻ ഖത്തറിൽ പറന്നിറങ്ങുന്നത്.
സെപ്റ്റംബർ ഒമ്പതിന് അൽഅറബി സ്പോർട്സ് ക്ലബ് ഇൻഡോർ ഹാളിൽ റിമി ടോമിയും വിധു പ്രതാപും നയിക്കുന്ന ലൈവ്മ്യൂസിക്ക് ഷോ 'ഓണാരവം'അരങ്ങേറും. സെപ്റ്റംബർ 15ന് ഗോപി സുന്ദർ നയിക്കുന്ന മ്യൂസിക് ലൈവ് ഷോയും അൽഅറബി സ്പോർട്സ് ക്ലബ് ഇൻഡോർ ഹാളിലാണ് അരങ്ങേറുന്നത്. 16ന് ലുലു അബുസിദ്രമാളിൽ സ്കൈമീഡിയ മെഗാപൂക്കള മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. 16നാണ് കെ.എസ്. ചിത്രയും ശരതും പങ്കെടുക്കുന്ന സംഗീത പരിപാടി. സെപ്റ്റംബർ 22ന് സ്കൈ മീഡിയയുടെ പൊന്നോണം പരിപാടിയിൽ ലക്ഷ്മി ഗോപാലസ്വാമി, ഷംന കാസിം, പാരീസ് ലക്ഷ്മി, റംസാൻ, ബോണി എന്നിവർ പങ്കെടുക്കും. 23ന് ഇരുന്നൂറോളം വനിതകൾ ചേർത്തൊരുക്കുന്ന മെഗാ തിരുവാതിര, കുടുംബ ശിങ്കാരിമേളം, മുന്നൂറോളം കുട്ടികൾ അവതരിപ്പിക്കുന്ന വേൾഡ്കപ്പ് ഫ്യൂഷൻ ഡാൻസ് എന്നിവയും അരങ്ങേറും. നടൻ ജോജു ജോർജ് അതിഥിയായി പങ്കെടുക്കും. ഐഡിയൽ ഇന്ത്യൻ സ്കൂളിലാണ് ഈ പരിപാടി. സെപ്റ്റംബർ 30ന് മലയാളി സമാജം ഖത്തർ നേതൃത്വത്തിലെ കേരളോത്സവത്തിൽ ഗായിക നഞ്ചിയമ്മയും മുൻ ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റൻ ഐ.എം. വിജയനും പങ്കുചേരും. അടുക്കളത്തോട്ടം ദോഹ ഒരുക്കുന്ന ജൈവകാർഷികോൽസവം, നടുമുറ്റം ഖത്തറിന്റെ ഓണാഘോഷങ്ങൾ എന്നിവയും അരങ്ങേറും. സെപ്റ്റംബർ 29നാണ് ഹരിശങ്കർ ലൈവ് 'മ്യൂസീസ്'സംഗീത പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.