തുമാമയിലെ താമസസ്​ഥലത്ത്​ പൂക്കളമൊരുക്കുന്ന കുരുന്നുകൾ                     ഫോ​ട്ടോ: സൈഫു ചെങ്ങളം  

നല്ലോണം, വീട്ടിലിരുന്നോണം, ആഘോഷിച്ചോണം

ദോഹ: ലോകത്തി​െൻറ ഏത്​ കോണിലായാലും മലയാളി ഓണമാഘോഷിക്കും. കോവിഡല്ല അതിനെക്കാൾ വലിയ മഹാമാരി വന്നാലും ശരി. കാലത്തിനനുസരിച്ച്​ മാറ്റങ്ങൾ വരുത്തി, കോവിഡ്​കാല പ്രത്യേക ഓണാഘോഷത്തിന്​ എല്ലാം തയാറാക്കി കാത്തിരിക്കുകയാണ്​ പ്രവാസലോകവും. കടകളായ കടകളൊക്കെയും ഓണസാധനങ്ങൾ നേരത്തേ ഒരുക്കിക്കഴിഞ്ഞു, ഇനി തിരുവോണമിങ്ങെത്തിയാൽ മതി.

​ഖത്തറിൽ കോവിഡ്​ നിയന്ത്രണങ്ങൾ മിക്കതും എടുത്തുകളഞ്ഞു. സെപ്​റ്റംബർ ഒന്നുമുതൽ കൂടുതൽ നിയന്ത്രണങ്ങളും നീക്കും. തിരുവോണത്തെ സാധ്യമാകുന്നത്ര പൊലിമകളോടെ വരവേൽക്കുന്നതിനുള്ള ഒരുക്കത്തിലാണ് മലയാളികൾ. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി എല്ലാവരും വീടുകളിലാകും ഒാണസദ്യയൊരുക്കി ആഘോഷിക്കുക.

കോവിഡ് പശ്ചാത്തലത്തിൽ ഒത്തുചേരലുകൾക്കുള്ള നിയന്ത്രണം നിലനിൽക്കുന്നതിനാൽ സംഘടനകളും കൂട്ടായ്മകളും സംഘടിപ്പിക്കുന്ന വിപുലമായ ഒാണാഘോഷങ്ങൾ ഇക്കുറി ഇല്ല. മുൻ വർഷങ്ങളിലെ പോലെ മാസങ്ങൾ നീളുന്ന ആഘോഷ പരിപാടികളും നാട്ടിൽനിന്നടക്കം അതിഥികൾ എത്തിയുള്ള പൊലിമയും ഉണ്ടാകില്ല. ആഘോഷം ഒാണദിവസം മാത്രം ഒതുക്കേണ്ട സ്​ഥിതിയാണ്​. എല്ലാ ആഘോഷങ്ങൾക്കും ആളുകൾ പരമാവധി വീടുകളിൽതന്നെ കഴിയണമെന്നും പുറത്തിറങ്ങു​േമ്പാൾ കോവിഡ്​ പ്രതിരോധ നടപടികളിൽ വീഴ്​ച വരുത്തരുതെന്നും ആരോഗ്യവകുപ്പ്​ അധികൃതർ മുന്നറിയിപ്പ്​ നൽകുന്നുണ്ട്​.

പുറത്തുള്ള സംഗമങ്ങൾ തീരെയില്ലെങ്കിലും മലയാളി കൂട്ടായ്​മകൾ നേരത്തേ തന്നെ ഓണമത്സരങ്ങൾ ഓൺലൈനിൽ ഒരുക്കിയിട്ടുണ്ട്​. ആകർഷകമായ സമ്മാനങ്ങൾ ഒരുക്കുന്ന മത്സരങ്ങളിൽ വൻപങ്കാളിത്തമാണ്​ ഉണ്ടാവുന്നത്​.ഒാണ വിഭവങ്ങളെല്ലാം നേരത്തേതന്നെ വിപണിയിൽ എത്തിക്കഴിഞ്ഞു. നാട്ടിൽനിന്ന്​ ചരക്കുവിമാനങ്ങളിൽ ഓണക്കാലത്തേക്ക്​ മാത്രമായി പ്രത്യേകസാധനങ്ങളാണ്​ വിപണിയിലെ വമ്പൻമാരും ചെറുകിടക്കാരും എത്തിച്ചത്​. ഒാണ വിഭവങ്ങളെല്ലാമുണ്ടെങ്കിലും അളവ് കഴിഞ്ഞ വർഷത്തെക്കാൾ കുറവാണ്. എല്ലാ കടകളും വാരാന്ത്യങ്ങളിൽ ഓണസാധനങ്ങൾക്കായി പ്രത്യേക ഓഫർ വിൽപന നടത്തുന്നുണ്ട്​. പൂക്കളും വാഴയിലയുമടക്കം സകല സാധനങ്ങളും ദിവസങ്ങൾക്കുമു​േമ്പ ഇടംപിടിച്ചുകഴിഞ്ഞു.

ഏത്തപ്പഴം, പൂവൻ, രസകദളി, ചുവന്ന പൂവൻ, പാളയംേകാടൻ, പച്ചക്കായ തുടങ്ങിയ വാഴപ്പഴ ഇനങ്ങളെല്ലാം എത്തിയിട്ടുണ്ട്. പച്ചമാങ്ങ, മുരിങ്ങക്കായ, വെള്ളരി, അമരക്ക, കറിനാരങ്ങ, ചേമ്പ്, കാന്താരി മുളക്, കാന്താരി മുളക് തുടങ്ങിയ മുളകിനങ്ങളും കാച്ചിൽ, ചേമ്പ്, കൂർക്ക, പടവലം, പയർ, ചെറിയ ഉള്ളി തുടങ്ങിയവയും ഉണ്ട്​. നിരവധി ഇനം പൂക്കളും എത്തിയിട്ടുണ്ട്.

എല്ലാ റസ്​റ്റാറൻറുകളും ഒാണസദ്യക്കായി ഒരുങ്ങികഴിഞ്ഞു. സദ്യ സംബന്ധിച്ച അന്വേഷണങ്ങളും ഒാർഡറുകളും നിരവധിയാണ്​ ലഭിക്കുന്നതെന്ന്​ ഇൗ മേഖലയിലുള്ളവർ പറയുന്നു. കടകളിൽ വിവിധതരം പായസങ്ങളും റെഡിയാണ്​.ആരോഗ്യ മുൻകരുതൽ പാലിച്ച് നിബന്ധനകൾക്ക്​ വിധേയമായി റസ്​റ്റാറൻറുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയുണ്ട്​. എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ പാർസൽ സദ്യക്കാണ്​ കൂടുതൽ ആവശ്യക്കാർ. പ്രമുഖ ഹൈപ്പർ മാർക്കറ്റുകളും സദ്യ പാർസൽ ഒരുക്കുന്നുണ്ട്.ഏതായാലും കോവിഡി​െൻറ പ്രതിസന്ധികൾ നിലനിൽക്കുന്നുണ്ടെങ്കിലും ഓണാഘോഷം പരിമിതികൾക്കുള്ളിൽനിന്ന്​ കെ​ങ്കേമമാക്കുമെന്നാണ്​ മലയാളികളുടെ പക്ഷം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.