ദോഹ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഇൻകാസ് ഖത്തർ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.
ഐ.സി.സി അശോക ഹാളിൽ നടന്ന പരിപാടിയിൽ സാമൂഹിക- സാംസ്കാരിക മേഖലയിലെ പ്രമുഖരും സംഘടന പ്രതിനിധികളും ഇൻകാസ് കുടുംബാംഗങ്ങളും പങ്കെടുത്തു. ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച ചടങ്ങിൽ ഖത്തർ ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ അധ്യക്ഷത വഹിച്ചു. ഉമ്മൻ ചാണ്ടിയെക്കുറിച്ച് ഇൻകാസ് ഖത്തർ നിർമിച്ച ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.പങ്കെടുത്തവർ മെഴുകുതിരി തെളിച്ച് അദ്ദേഹത്തിന് ആദരമർപ്പിച്ചു. മാധ്യമ പ്രവർത്തകൻ സണ്ണിക്കുട്ടി എബ്രഹാം മുഖ്യപ്രഭാഷണം നടത്തി.കരുതലിനെയും ഒരുമിച്ചു കൊണ്ടുപോയ നേതാവും ഭരണാധികാരിയുമായിരുന്നു ഉമ്മൻ ചാണ്ടി എന്നും കൊച്ചി മെട്രോ, കണ്ണൂർ എയർപോർട്ട്, വിഴിഞ്ഞം തുറമുഖം തുടങ്ങി കേരളത്തിലെ വൻകിട വികസനങ്ങളെല്ലാം ഉമ്മൻ ചാണ്ടിയുടെ ഇച്ഛാശക്തിയുടെ പ്രതിഫലനമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കേരളം ഇന്നോളം കണ്ടിട്ടില്ലാത്ത രീതിയിൽ നൽകിയ യാത്രാമൊഴി, ഒരുപക്ഷേ അദ്ദേഹത്തോട് കേരള ജനതയുടെ ക്ഷമാപണമായിരുന്നിരിക്കാമെന്നും സണ്ണിക്കുട്ടി എബ്രഹാം പറഞ്ഞു.
ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവ് ഡോ. മോഹൻ തോമസ്, കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് ഈസ, സംസ്കൃതി ഖത്തർ പ്രസിഡന്റ് സാബിത് സഹീർ, പ്രവാസി വെൽഫയർ ആൻഡ് കൾചറൽ ഫോറം പ്രസിഡന്റ് ചന്ദ്രമോഹൻ പിള്ള, സമന്വയം പ്രസിഡന്റ് സതീഷ് വിളവിൽ, കെ.ബി.എഫ് പ്രസിഡന്റ് അജി കുര്യാക്കോസ്, ഇൻകാസ് ഖത്തർ ഉപദേശക സമിതി ചെയർമാൻ ജോപ്പച്ചൻ തെക്കേക്കൂറ്റ്, ഉപദേശക സമിതി അംഗം കെ.കെ. ഉസ്മാൻ, രക്ഷാധികാരി മുഹമ്മദ് ഷാനവാസ്, കെ.വി. ബോബൻ, എബ്രഹാം കെ. ജോസഫ്, പ്രദീപ് പിള്ള എന്നിയവർ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് സംസാരിച്ചു. ഇൻകാസ് സെൻട്രൽ കമ്മിറ്റി നേതാക്കളും വിവിധ ജില്ലാ ഭാരവാഹികളും, വനിതാ വിങ് - യൂത്ത് വിങ് ഭാരവാഹികളും പരിപാടികൾക്ക് നേതൃത്വം നൽകി. താജുദ്ദീൻ ചീരക്കുഴി സ്വാഗതവും ഈപ്പൻ തോമസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.