ദോഹ: ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ ഉത്സവമായ 'പാസേജ് ടു ഇന്ത്യ' കമ്യൂണിറ്റി ഫെസ്റ്റിന് വ്യാഴാഴ്ച കൊടിയേറ്റം. ഖത്തർ സാംസ്കാരിക വർഷം 'മെനാസ' ആഘോഷ പരിപാടികളുടെ ഭാഗമായാണ് ഇന്ത്യൻ എംബസി അപെക്സ് ബോഡിയായ ഇന്ത്യൻ കൾചറൽ സെൻററിന്റെ നേതൃത്വത്തിൽ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. പാസേജ് ടു ഇന്ത്യ എന്ന പേരിൽ നടക്കുന്ന പരിപാടികൾക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഇന്ത്യൻ എംബസി-ഐ.സി.സി പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഖത്തർ സാംസ്കാരിക മന്ത്രാലയവുമായി സഹകരിച്ച് മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട് (മിയ) പാർക്കിലാണ് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി സാംസ്കാരിക വൈവിധ്യങ്ങളുടെ സംഗമമായി മാറുന്ന പരിപാടി അരങ്ങേറുന്നത്.
ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകൾ, ഇന്ത്യൻ കമ്യൂണിറ്റി സംഘടനകൾ തുടങ്ങിയവരുമായി സഹകരിച്ചാണ് വിവിധ സാംസ്കാരിക പരിപാടികൾ മൂന്നു ദിവസങ്ങളിലായി അരങ്ങിലെത്തുന്നത്. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനാഘോഷമായ ആസാദീ കാ അമൃത് മഹോത്സവ് ഭാഗമായാണ് ഇത്തവണ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നത്. വ്യാഴാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ സാംസ്കാരിക മന്ത്രാലയം പ്രതിനിധികൾ ഉൾപ്പെട വിശിഷ്ടാതിഥികൾ പങ്കെടുക്കുമെന്ന് ഐ.സി.സി പ്രസിഡന്റ് പി.എൻ. ബാബു രാജൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 2012ൽ ആരംഭിച്ച ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിന്റെ പത്താം വാർഷിക ആഘോഷം കൂടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തർ സാംസ്കാരിക വർഷത്തിൽ ഇന്ത്യൻ കമ്യൂണിറ്റിയുമായി സഹകരിച്ച് സാംസ്കാരിക ഉത്സവത്തിന് വേദിയൊരുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഖത്തർ മ്യൂസിയംസ് കൾചറൽ ഡിപ്ലോമസി ഡയറക്ടർ ഐഷ ഗാനിം അൽ അതിയ്യ പറഞ്ഞു. 'സാംസ്കാരിക വർഷം' പരിപാടി രാജ്യങ്ങൾ തമ്മിലെ സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും വഴിയൊരുക്കലാണെന്ന് അവർ വിശദീകരിച്ചു. വിവിധ മേഖലകളിലെ ഇന്ത്യ-ഖത്തർ സൗഹൃദത്തിന്റെയും ബന്ധത്തിന്റെയും പ്രാതിനിധ്യമാവും പാസേജ് ടു ഇന്ത്യ സാംസ്കാരിക ആഘോഷമെന്ന് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി പദ്മ കറി പറഞ്ഞു. ഇരുരാജ്യങ്ങൾക്കുമിടയിലെ സഹകരണവും സൗഹൃദവും ശക്തമാവുന്നതിൽ അഭിമാനമുണ്ടെന്നും അവർ വിശദീകരിച്ചു.
വാർത്തസമ്മേളനത്തിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി പദ്മ കറി, ഐ.സി.സി പ്രസിഡന്റ് പി.എൻ. ബാബുരാജൻ, ജനറൽ സെക്രട്ടറി കൃഷ്ണ കുമാർ, വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗേലു, സംഘാടക സമിതി ചെയർമാൻ എ.പി. മണികണ്ഠൻ, മീഡിയ കോഓഡിനേറ്റർ വിനോദ് നായർ, ഓർഗനൈസിങ് കമ്മിറ്റി വളന്റിയർ കൺവീനർ കെ.ആർ. ജയരാജ് എന്നിവർ പങ്കെടുത്തു.
രുചിവൈവിധ്യവുമായി ഫുഡ്ഫെസ്റ്റ്
സാംസ്കാരിക വൈവിധ്യം പോലെ ഇന്ത്യൻ രുചിവൈവിധ്യവും മേളയുടെ ഭാഗമായി ഒരുക്കുന്നതായി സംഘാടകർ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള വ്യത്യസ്ത രുചിവൈവിധ്യങ്ങളിലെ വിഭവങ്ങളുമായാവും പത്തിലേറെ ഫുഡ്കോർട്ടുകൾ ഒരുക്കുന്നത്. ഖത്തറിൽനിന്നുള്ള പ്രധാന സ്ഥാപനങ്ങളാവും ഫുഡ്കോർട്ട് തയാറാക്കുന്നത്. ഇതോടനുബന്ധിച്ച് കരകൗശല പ്രദർശനങ്ങൾ ഉൾപ്പെടെ വിവിധ സ്റ്റാളുകളും തയാറാക്കിയതായി സംഘാടകർ അറിയിച്ചു.
ദോഹയിൽ താജ്മഹൽ
ലോകമെങ്ങുമുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായ താജ്മഹൽ ആയിരിക്കും പാസേജ് ടു ഇന്ത്യ ഫെസ്റ്റിവലിൽ ഏറ്റവും ആകർഷകമാവുന്നത്. ഖത്തറിലെ തന്നെ ഇന്ത്യൻ കലാകാരന്മാരുടെ നേതൃത്വത്തിലാണ് താജ്മഹലിന്റെ മാതൃക നിർമിച്ചത്.
മുതിർന്നവർക്ക് ആദരം
കമ്യൂണിറ്റി ഫെസ്റ്റിന്റെ ഭാഗമായി ഖത്തറിൽ ദീർഘകാലം പ്രവാസം അനുഷ്ഠിച്ച ഇന്ത്യക്കാർക്ക് ആദരവ് ഒരുക്കിയതായി ഭാരവാഹികൾ അറിയിച്ചു. ഏറ്റവും കൂടുതൽ കാലം പ്രവാസികളായ 25 പേരെയാണ് ആദരിക്കുന്നത്. കൂടുതൽ കാലം പ്രവാസികളായ ഏറ്റവും പ്രായമുള്ളവരെയും ചടങ്ങിൽ ആദരിക്കും. നിലവിൽ 165 ഓളം അപേക്ഷകൾ ലഭിച്ചതായും സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ത്രിദിനം; സാംസ്കാരിക ഉത്സവം
വിവിധ ഇന്ത്യൻ കമ്യൂണിറ്റി സംഘടനകളുടെ നേതൃത്വത്തിൽ കലാകാരന്മാർ അവതരിപ്പിക്കുന്ന സാംസ്കാരിക പരിപാടി ഇന്ത്യൻ സാംസ്കാരിക വൈവിധ്യത്തിന്റെ പ്രദർശനമാവും. ഉച്ച രണ്ടുമണി മുതൽ ഫെസ്റ്റിവൽ ആരംഭിക്കും. ദിവസവും രാത്രി 11നാണ് സമാപനം. പരിപാടിക്കെത്തുന്നവർക്ക് ഫാമിലി ഫുഡ്സെന്റർ, മതാർ ഖദീം പാർക്കിങ് ഏരിയയിൽനിന്ന് വേദിയിലേക്ക് ഷട്ട്ൽ ബസ് സർവിസ് ഉണ്ടായിരിക്കും. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എല്ലാവർക്കും പ്രവേശനം സൗജന്യമാണ്. സംഘാടനത്തിന് 250 പേരുടെ വളന്റിയർ സംഘം സജ്ജമായതായി ഭാരവാഹികൾ അറിയിച്ചു.
പരിപാടികൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.