ദോഹ: ഗസ്സയിലെ വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസ് തങ്ങളുടെ പൗരന്മാരെ മോചിപ്പിച്ചതിൽ ഖത്തറിന് നന്ദി പറഞ്ഞ് ഫിലിപ്പീൻസും തായ്ലൻഡും. ഫിലിപ്പിനോ പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറാണ് തങ്ങളുടെ ഒരു പൗരന്റെ മോചനത്തിന് വഴിയൊരുക്കിയ ഖത്തറിന്റെ ഇടപെടലിന് നന്ദി അറിയിച്ചത്.
ഹമാസ് വിട്ടയച്ച 24 തടവുകാരിൽ ഫിലിപ്പീൻസ് പൗരനായ ഗെലിയനോർ ജിമ്മി പാച്ചെക്കോയും ഉൾപ്പെട്ടിട്ടുണ്ടെന്നും പാച്ചെക്കോ സുരക്ഷിതനാണെന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും മാർക്കോസ് പറഞ്ഞു.
‘അദ്ദേഹത്തിന്റെ മോചനം ഉറപ്പാക്കുന്നതിൽ ഫിലിപ്പീൻസ് ഫോറിൻ സർവിസിന്റെ പ്രവർത്തനത്തെ ഞാൻ അഭിവാദ്യം ചെയ്യുന്നു. ജിമ്മിയുടെ മോചനം സാധ്യമാക്കുന്നതിൽ ഖത്തറിന്റെ വിലമതിക്കാനാവാത്ത സഹായത്തിന് ഒരിക്കൽകൂടി നന്ദി പറയുന്നു’-മാർക്കോസ് എക്സിൽ കുറിച്ചു.
തായ്ലൻഡ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഡോ. ബൺബുറി പഹിദ നൊകാര ഖത്തർ വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസിസ് ബിൻ സാലിസ് അൽ ഖുലൈഫിയെ ഫോണിൽ വിളിച്ച് നന്ദി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി മോചിപ്പിച്ചവരിൽ 10 പേർ തായ്ലൻഡ് പൗരന്മാരായിരുന്നു. ഗസ്സയിലെ വെടിനിർത്തൽ സാധ്യമാക്കി ഖത്തറിന്റെ മധ്യസ്ഥ ഇടപെടലിനും അദ്ദേഹം നന്ദി അറിയിച്ചു.
തങ്ങളുടെ ബന്ദികളുടെ മോചനം സാധ്യമാക്കാൻ തായ്ലൻഡ് ഭരണാധികാരികൾ നേരത്തെതന്നെ ഖത്തർ പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു. ശനിയാഴ്ച നടന്ന വാർത്തസമ്മേളനത്തിൽ അമേരിക്കൻ പ്രസിഡന്റും ഗസ്സയിലെ മധ്യസ്ഥ ദൗത്യത്തിൽ ഖത്തറിന്റെയും ഈജിപ്തിന്റെയും ഇടപെടലിനെ പ്രശംസിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.