??.??.????????, ???????????, ?.??.??.???

പ്രവാസത്തിന്​ പണമല്ല, കരുതലാണ്​ വലുത്​

‘പത്തേമാരി’ സിനിമയും ‘ആടുജീവിത’വുമൊക്കെ കാണുകയും വായിക്കുകയും ചെയ്തെങ്കിലും പ്രവാസം ഇത്രയും ഹൃദയഭേദകമാണെന്ന് അറിഞ്ഞത് ഈ കാലത്താണ്. ഫെബ്രുവരിയിൽ തുടങ്ങി മാർച്ച് അവസാനിക്കുമ്പോഴേക്കും ദരിദ്രരായ കുറെ പ്രവാസ ജീവിതങ്ങളെ നേരിട്ട് കാണാനും കേൾക്കാനും കഴിഞ്ഞു. വാടക കൊടുക്കാൻ കഴിയാതെ തെരുവിലിറങ്ങേണ്ടി വന്ന കുടുംബങ്ങൾ, സന്ദർശക വിസയിലെത്തിയ ഭാര്യയെ താമസിപ്പിക്കാൻ വീട്ടുവാടക തികയാതെ വന്നപ്പോൾ തൻെറ പഴയ ബാച്ചിലർ അക്കൊമൊഡേഷനിലേക്ക് ഭാര്യയേയും കൂട്ടിയെത്തിയ ലിമോസിൻ ഡ്രൈവർ... മരുന്ന് തീർന്നപ്പോൾ ശരീരം നിറയെ നീരുവന്ന് വീർത്ത കാൻസർ രോഗി, നാട്ടിലെത്തി മരിച്ചാൽ മതിയെന്നാഗ്രഹിച്ച മറ്റൊരു കാൻസർ രോഗി. ടിക്കറ്റെടുത്ത് എയർപോർട്ടിൽ എത്തിയെങ്കിലും അയാൾക്ക്​ യാത്ര ചെയ്യാനായില്ല. ദിവസങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹം ദോഹയിൽ മരിച്ചു. ആ നെരിപ്പോട് നെഞ്ചിലിപ്പോഴുമുണ്ട്​. നാട്ടിൽ ഒറ്റപ്പെട്ടുപോയ ഭർത്താവിൻെറ അരികിലെത്താൻ കൊതിച്ച ആയിഷുമ്മ. മകളുടെ പ്രസവ ശുശ്രൂഷക്ക്​ ഒരു മാസത്തെ സന്ദർശക വിസയിലെത്തിയതായിരുന്നു അവർ. ഭർത്താവ്​ നാട്ടിൽ ഒറ്റപ്പെട്ടിരിക്കുമെന്ന വേവലാതിയായിരുന്നു അവർക്ക്​. ഉറവവറ്റാത്ത സ്നേഹത്തിൻെറ മൃതുസ്പർശം. എല്ലാവരെയും ഐ.സി.ബി.എഫ്​ ആവുംവിധം സഹായിച്ചു. 

ഒരു ചാനൽ ഹെൽപ്​ ഡെസ്കിലെ പ്രതിനിധിയെന്ന നിലയിൽ എല്ലാ ദിവസവും നാട്ടിൽ നിന്നുള്ള ചില അപേക്ഷകൾ ലഭിക്കുമായിരുന്നു. ഒരു ദിവസത്തെ ചർച്ചയിൽ കൊല്ലത്തുള്ള വീട്ടമ്മ വിളിച്ചു. സ്പെഷ്യൽ കെയർ ആവശ്യമുള്ള അവരുടെ മകനെ ആശുപത്രിയിൽ കൊണ്ടുപോകണമെങ്കിൽ ദോഹയിലുള്ള കുട്ടിയുടെ ഉപ്പ നാട്ടിലെത്തണം. വളരെ ബുദ്ധിമുട്ടി കിട്ടിയ അപ്പോയ്​ൻമ​െൻറ്​ മാറ്റിവെച്ചാൽ പിന്നീട് ഏറെ കാത്തിരിക്കേണ്ടി വരും. അദ്ദേഹത്തിനു ജോലിയോ കയ്യിൽ പൈസയോ ഇല്ല. ഞങ്ങൾ അദ്ദേഹത്തിന്​ നാട്ടിലേക്കുള്ള യാത്രാസൗകര്യം ഒരുക്കി. അദ്ദേഹം ഐ.സി.ബി.എഫിൻെറ സൗജന്യ ടിക്കറ്റ് സ്വീകരിച്ചില്ല. അവിടെ ക്യൂവിൽ നിൽക്കുന്ന നിർധനരായ കുറെ മനുഷ്യരെ കണ്ടപ്പോൾ അദ്ദേഹത്തിൻെറ മനസ്സലിഞ്ഞു. ഓഫർ നൽകിയ സൗജന്യ ടിക്കറ്റ്​ തന്നെക്കാൾ അർഹരായവർക്ക് നൽകാനായിരുന്നു അദ്ദേഹത്തിൻെറ അപേക്ഷ.

ചെറുതും വലുതുമായ സംഘടനകളും വ്യക്തികളും ആവുംവിധം മറ്റുള്ളവർക്ക്​ വേണ്ടി ഗോദയിലിറങ്ങി. സ്വന്തം ആരോഗ്യം പോലും കണക്കിലെടുക്കാതെ നൂറുകണക്കിന് വളണ്ടിയർമാർ രാവും പകലും അർഹരെ അന്വേഷിച്ചെത്തി സഹായങ്ങൾ നൽകി. 150ഓളം ആളുകൾ തിങ്ങിപ്പാർക്കുന്ന ഒരു ക്യാമ്പിൽ രാത്രി 11ന്​ ഭക്ഷണ കിറ്റുകൾ എത്തിക്കാൻ ഈ കോവിഡ് കാലത്ത്, രോഗപ്പകർച്ച വകവെക്കാതെ ഒരു ഐ.സി.ബി .എഫ് മാനേജ്മൻറ്​ കമ്മറ്റി അംഗം അദ്ദേഹത്തിൻെറ മകനെയും കൂട്ടി പോയത് വല്ലാതെ സ്വാധീനിച്ച അനുഭവമായിരുന്നു. ഇന്ത്യൻ എംബസി നൽകിയ സേവനങ്ങൾ വിലമതിക്കാനാവാത്തതായിരുന്നു. ഖത്തർ ഭരണകൂടം, ആരോഗ്യമന്ത്രാലയം, ഖത്തർ ചാരിറ്റി, റെഡ് ക്രെസൻറ്​ തുടങ്ങി ഒരുപാട്​ പേരുകൾ. ഹൃദയത്തോട്​ ചേർക്കാം, എല്ലാം... പ്രവാസത്തിനു പണത്തേക്കാൾ വലുത് കരുതലാണെന്നു ഈ കോവിഡ് കാലം നമ്മെ കൂടുതൽ പഠിപ്പിക്കുകയായിരുന്നു.

Tags:    
News Summary - p.n. baburajan-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.