ദോഹ: യൂറോപ്യൻ സമുദ്ര മേഖലയിലേക്ക് പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി റോട്ടർഡാം തുറമുഖത്തെ സംയോജിത ലോജിസ്റ്റിക്സ്, കണ്ടെയ്നർ സേവന ദാതാക്കളായ ക്രാമർ ഹോൾഡിങ്ങിന്റെ ഭൂരിഭാഗം ഓഹരികളും ഖത്തറിന്റെ ക്യു ടെർമിനൽസ് സ്വന്തമാക്കി. ഖത്തറിന്റെ തുറമുഖ മാനേജ്മെന്റ് കമ്പനിയാണ് ക്യു ടെർമിനൽസ്.
യൂറോപ്പിലെ ഏറ്റവും വലിയ തുറമുഖമെന്ന നിലയിൽ പ്രസിദ്ധമായ റോട്ടർഡാം തുറമുഖത്തെ പ്രവർത്തനം ഏറ്റെടുക്കുന്നതോടെ ക്യു ടെർമിനൽസ് ഗ്രൂപ്പിന്റെ വൈവിധ്യവത്കരണത്തിലെ സുപ്രധാന നാഴികക്കല്ലായി അറിയപ്പെടും. ദേശീയ സമ്പദ് വ്യവസ്ഥയുടെയും വിദേശ നിക്ഷേപങ്ങളുടെയും വൈവിധ്യവത്കരണം ലക്ഷ്യമിടുന്ന ഖത്തറിന്റെ വിഷൻ 2030ലേക്ക് സംഭാവന ചെയ്യാനുള്ള ക്യു ടെർമിനൽസ് ഗ്രൂപ്പിന്റെ പ്രതിബദ്ധതയെ കൂടുതൽ ശക്തിപ്പെടുത്തുന്നതു കൂടിയാണ് ഈ ഏറ്റെടുക്കൽ.
യൂറോപ്പിലെ ഏറ്റവും വലിയ തുറമുഖത്തേക്ക് സാന്നിധ്യം വിപുലീകരിക്കുന്നതിൽ സുപ്രധാന ചുവടുവെപ്പാണ് ക്രാമർ ഗ്രൂപ് ഓഹരികൾ ഏറ്റെടുക്കലെന്ന് ക്യു ടെർമിനൽസ് ഗ്രൂപ് സി.ഇ.ഒ നെവിൽ ബിസെറ്റ് പറഞ്ഞു. ക്രാമർ ഹോൾഡിങ്ങിന്റെ സി.ഇ.ഒയായി തുടരുന്ന ആൻഡ്രേ ക്രാമർ ഉൾപ്പെടെ കമ്പനിയുടെ പ്രധാന മാനേജ്മെന്റ് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും നിലനിർത്തുമെന്ന് ക്യു ടെർമിനൽസ് അറിയിച്ചു.
റോട്ടർഡാം തുറമുഖത്തിന്റെ ആഴക്കടൽ ടെർമിനലുകളിലേക്ക് നേരിട്ട് പ്രവേശനമുള്ളതിനാൽ ക്രാമർ ഗ്രൂപ്പിന് തന്ത്രപരമായ പ്രാധാന്യമാണ് ഇവിടെയുള്ളത്. റോട്ടർഡാം തുറമുഖത്തെ കണ്ടെയ്നർ ഹാൻഡ്ലിങ്, സ്റ്റോറേജ്, ടെർമിനൽ, കണ്ടെയ്നർ ഡെവലപ്മെന്റ്, ലോജിസ്റ്റിക്സ് സേവനദാതാക്കളാണ് ക്രാമർ ഗ്രൂപ്.
ഇവരെ ഏറ്റെടുക്കുന്നതോടെ യൂറോപ്പിലെ ഏറ്റവും വലിയ തുറമുഖത്തേക്കുള്ള നേരിട്ടുള്ള പ്രവേശനം ക്യു ടെർമിനൽസിന് ലഭിക്കും. യൂറോപ്പിലെയും മറ്റു വികസിത ആഗോള വിപണികളിലെയും ഭാവി അവസരങ്ങളുമായി ബന്ധപ്പെട്ട് ഖത്തരി കമ്പനിയുടെ സ്ഥാനം ശക്തമാക്കുകയും ചെയ്യും.
ക്യൂ ടെർമിനൽസുമായി ചേരുന്ന പുതിയ അധ്യായത്തിനാണ് ഇവിടെ തുടക്കം കുറിക്കുന്നതെന്നും അവരുടെ വൈദഗ്ധ്യവും വിഭവങ്ങളും ദീർഘവീക്ഷണവും ഞങ്ങളുടെ പ്രവർത്തനമണ്ഡലം വികസിപ്പിക്കാനും കൂടുതൽ അവസരങ്ങൾ കണ്ടെത്താനും പ്രാപ്തരാക്കുമെന്നും സി.ഇ.ഒ ആൻഡ്രേ ക്രാമർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.