ദോഹ: രാജ്യത്തെ സ്വകാര്യ സ്കൂളുകളിലെ ഫീസ് കുറക്കാൻ നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് ഖത്തർ ചേംബർ ഫസ്റ്റ് വൈസ് പ്രസിഡൻറും ഖത്തർ ചേംബറിലെ എജുക്കേഷൻ കമ്മിറ്റി ചെയർമാനുമായ മുഹമ്മദ് ബിൻ അഹ്മദ് ബിൻ തവാർ അൽ കുവാരി വ്യക്തമാക്കി. സ്കൂൾ ഉടമകൾക്ക് സാമ്പത്തിക ബാധ്യതകളുള്ളതിനാൽ നിലവിലെ സാഹചര്യത്തിൽ ഫീസ് കുറക്കാനിടയില്ല. എന്നാൽ, ഭാവിയിൽ വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ വരുകയാണെങ്കിൽ ചിലപ്പോൾ ഫീസ് കുറയാൻ സാധ്യതയുണ്ടെന്നും മുഹമ്മദ് അഹ്മദ് അൽ കുവാരി ലുസൈൽ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഫീസ് കുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഇടപെടണമെന്നും നിക്ഷേപങ്ങൾക്കായി കൂടുതൽ സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ട് രാജ്യത്ത് സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപകരിൽ നിന്നും അപേക്ഷകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സീറ്റുകളുടെ ലഭ്യതയും ആവശ്യകതയും അനുസരിച്ച് സ്കൂൾ ഫീസ് ക്രമീകരിക്കുന്നതിന് ഉദാര സമീപനം സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവിയിൽ കൂടുതൽ നിക്ഷേപം വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാവുകയും വിദ്യാർഥികളുടെ എണ്ണത്തേക്കാൾ കൂടുതൽ സീറ്റുകളുടെ എണ്ണം കൂടുകയും ചെയ്യുന്നത് സ്ഥാപനങ്ങൾക്കിടയിൽ മത്സരക്ഷമത വർധിപ്പിക്കും.
അപ്പോൾ ഫീസ് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ സ്വകാര്യ സ്കൂളുകളിലെ സീറ്റ് ലഭ്യത കുറവായിരുന്നു. ഈ ഘട്ടത്തിൽ അതിന് മാറ്റം വന്നിട്ടുണ്ടെന്നും സ്വകാര്യ സ്കൂളുകളിലെ ഫീസ് കുറയാനിടയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപം വർധിപ്പിക്കാൻ സ്വകാര്യ–സർക്കാർ പങ്കാളിത്ത നിയമം േപ്രാത്സാഹിപ്പിക്കുന്നുണ്ട്.സ്വകാര്യ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്്ദുൽ വാഹിദ് അൽ ഹമ്മാദി, മുഹമ്മദ് ബിൻ അഹ്മദ് ബിൻ തവാർ അൽ കുവാരിയുടെ നേതൃത്വത്തിലുള്ള ഖത്തർ ചേംബർ വിദ്യാഭ്യാസ സമിതിയുമായി വിഡിയോ കോൺഫറൻസ് കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.