ദോഹ: പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിലേക്ക് മുന്നേറി ഖത്തർ. ഇതിെൻറ ഭാഗമായി ഗതാഗത വാർത്താവിനിമയ മന്ത്രാലയം ഇലക്ട്രിക് ബസുകൾക്കായി കഴിഞ്ഞ ദിവസം ടെൻഡർ വിളിച്ചു.ഇലക്ട്രിക് ബസ് റാപിഡ് ട്രാൻസിറ്റ് വാഹനങ്ങൾ വിതരണം ചെയ്യുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനുമുള്ള ടെൻഡറാണ് മന്ത്രാലയം ക്ഷണിച്ചിരിക്കുന്നത്. ഇതിെൻറ വിവരങ്ങൾ മന്ത്രാലയംതന്നെ സമൂഹമാധ്യമങ്ങൾ വഴി പുറത്തുവിട്ടു. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി.
2022 ആകുമ്പോഴേക്ക് പൊതുഗതാഗത ബസുകളിൽ 25 ശതമാനവും പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകളാക്കുമെന്ന് ആഴ്ചകൾക്കു മുമ്പ് ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.പൊതുഗതാഗത ബസുകൾക്ക് പുറമെ, പബ്ലിക് സ്കൂൾ ബസുകൾ, ദോഹ മെട്രാ ഫീഡർ ബസുകൾ എന്നിവയെല്ലാം ഘട്ടം ഘട്ടമായി ഇലക്ട്രിക് ബസുകളാക്കി മാറ്റും. 2030ഓടെ കാർബൺ വിസരണം കുറച്ചുകൊണ്ട് പരിസ്ഥിതി സുസ്ഥിരതയെന്ന ലക്ഷ്യത്തിലേക്കാണ് ഖത്തർ മുന്നേറുന്നത്.
2022 ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെൻറിനുള്ള പ്രധാന ബസ് സർവിസുകൾക്ക് ഇലക്ട്രിക് ബസുകൾ ഉപയോഗിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇലക്ട്രിക് മാസ് ട്രാൻസിറ്റ് ബസുകൾ ഉപയോഗിക്കപ്പെടുന്ന പ്രഥമ ഫിഫ ലോകകപ്പ് ടുർണമെൻറ് കൂടിയായിരിക്കും ഖത്തറിൽ നടക്കാനിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ, കാർബൺ ന്യൂട്രൽ ലോകകപ്പാണ് ലോകത്തിനു മുന്നിൽ ഖത്തർ പ്രഖ്യാപിച്ചിരിക്കുന്നത്.
2018ൽ കഹ്റമ, മുവാസലാത്ത്, ചൈന ഹാർബർ എൻജിനീയറിങ് കമ്പനി എന്നിവയുമായി സഹകരിച്ച് ഇലക്ട്രിക് ബസുകളുടെ പരീക്ഷണ ഓട്ടം മന്ത്രാലയം സംഘടിപ്പിച്ചിരുന്നു. ഖത്തർ ദേശീയ വികസന കാഴ്ചപ്പാട് 2030െൻറ ലക്ഷ്യങ്ങളുമായി ചേർന്ന് സമഗ്രവും ലോകോത്തര നിലവാരത്തിലുള്ളതും സുരക്ഷിതവുമായ സർവിസുകൾ ജനത്തിലേക്ക് എത്തിക്കുന്നതിെൻറ ശ്രമങ്ങളിലാണ് ഗതാഗത വാർത്താവിനിമയ മന്ത്രാലയം.
അതേസമയം, പരിസ്ഥിതി സൗഹൃദ, സുസ്ഥിര ഗതാഗതത്തിലേക്ക് പ്രചോദനം നൽകുന്നതിെൻറ ഭാഗമായി രാജ്യത്തുടനീളം ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷനുകൾ നിർമിച്ചുകൊണ്ടിരിക്കുകയാണ്. ഖത്തരി ദിയാറുമായി സഹരിച്ച് 10 ഇ.വി ചാർജിങ് സ്റ്റേഷനുകളാണ് കഹ്റമ ലുസൈൽ സിറ്റിയിൽ നിർമിക്കുന്നത്. രാജ്യത്തെ ആദ്യ ഇലക്േട്രാണിക് വാഹന അസംബ്ലി ഫാക്ടറി റാസ് അബൂ ഫുൻതാസ് ഫ്രീസോണിൽ നിർമിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിർണായക കരാറിൽ ഖത്തർ ഫ്രീസോൺ അതോറിറ്റി (ക്യു.എഫ്.ഇസഡ്.എ) ഫ്രഞ്ച് കമ്പനിയായ ഗൗസിൻ അഡ്വാൻസ് മൊബിലിറ്റിയുമായി ഒപ്പുവെച്ചിരിക്കുന്നത്.
ഗൗസിൻ കമ്പനിയും ഖത്തറിലെ അൽ അത്വിയ്യ മോട്ടോർസ് ആൻഡ് േട്രഡിങ് കമ്പനിയും ചേർന്നുള്ള 20 ദശലക്ഷം യൂറോ മൂല്യം വരുന്ന സംയുക്ത സംരംഭമാണിത്. ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കൂട്ടുന്നതിനും കാർബൺ പുറന്തള്ളൽ കുറഞ്ഞ വാഹനങ്ങൾ വർധിപ്പിക്കുന്നതിനുമുള്ള പദ്ധതിയാണ് ഇതിലൂടെ യാഥാർഥ്യമാവുക.
ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുമായി രാജ്യത്തെ പ്രഥമ ഫോട്ടോവോൾട്ടേക്ക് ചാർജിങ് സ്റ്റേഷൻ ഈയടുത്ത് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്റമ) തുറന്നിരുന്നു.മിസൈമീറിലെ കഹ്റമാ കോംപ്ലക്സിലാണ് സൗരോർജ ചാർജിങ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചത്.270 ചതുരശ്രമീറ്റർ വിസ്തൃതിയിൽ സ്ഥാപിച്ചിരിക്കുന്ന സ്റ്റേഷനിലെ 216 ഫോട്ടോവോൾട്ടേക്ക് പാനലുകൾ വഴിയാണ് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുക. പാനലുകളിൽനിന്നായി 72 കിലോവാട്ട് വൈദ്യുതിയാണ് ഉൽപാദിപ്പിക്കാൻ സാധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.