ദോഹ: ഗൾഫ് മേഖലയിൽനിന്നും ഖത്തറിലേക്കുള്ള സന്ദർശകരുടെ എണ്ണം വർധിച്ചതോടെ വിനോദസഞ്ചാര മേഖലയിൽ വലിയ കുതിപ്പെന്ന് റിപ്പോർട്ട്. ഈ വർഷം ജനുവരിയിൽ ജി.സി.സി രാജ്യങ്ങളിൽനിന്ന് മാത്രമായി 3.70 ലക്ഷം സന്ദർശകരെയാണ് ഖത്തർ സ്വാഗതം ചെയ്തത്. 2023 ജനുവരിയിൽ ഖത്തറിലെത്തിയ ജി.സി.സി സന്ദർശകരുടെ എണ്ണം 1.41 ലക്ഷം ആയിരുന്നു. പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (പി.എസ്.എ) പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരമാണ് രാജ്യത്തേക്കുള്ള ഗൾഫ് രാജ്യങ്ങളിലെ സന്ദർശകരുടെ എണ്ണം കൂടുന്നതായി സൂചിപ്പിക്കുന്നത്.
2022 ഫിഫ ലോകകപ്പിൽ ഫാൻ വിസയായി ആദ്യം അവതരിപ്പിച്ച ഹയ്യ കാർഡ് വിപുലീകരിച്ചത്, ഈ വർഷം ആദ്യത്തിൽ സമാപിച്ച എ.എഫ്.സി ഏഷ്യൻ കപ്പിനായി ഖത്തർ സന്ദർശിക്കുന്നവർക്ക് ഏറെ പ്രയോജനം ചെയ്തിരുന്നു. ഖത്തറിൽ മൂന്നാം തവണയെത്തിയ ഏഷ്യൻ കപ്പിനായി ജനുവരിയിൽ മാത്രം ഏഴ് ലക്ഷത്തിലധികം ആഗോള സന്ദർശകരെത്തി. പി.എസ്.എയുടെ കണക്കുകൾ പ്രകാരം ആകെ സന്ദർശകരിൽ 15 ശതമാനം ഏഷ്യൻ രാജ്യങ്ങളിൽ നിന്നാണെത്തിയത്. 20 ശതമാനം സന്ദർശകർ യൂറോപ്യൻ രാജ്യങ്ങളിൽനിന്നെത്തിയപ്പോൾ ആഫ്രിക്കയിൽനിന്ന് ഖത്തർ സന്ദർശിച്ചത് 8692 പേരാണ്. 2023ൽ 40 ലക്ഷം സന്ദർശകരാണുണ്ടായിരുന്നത്. വിനോദസഞ്ചാര മേഖലയിൽ അഞ്ച് വർഷത്തിനിടെ ഏറ്റവും ഉയർന്ന കണക്കാണിതെന്ന് ഖത്തർ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
അന്താരാഷ്ട്ര സമ്മേളനങ്ങൾ, പ്രമോഷനുകൾ, പ്രദർശനങ്ങൾ എന്നിവയെല്ലാം വിനോദസഞ്ചാര മേഖലയുടെ വളർച്ചയിലെ പ്രധാന ഘടകങ്ങളാണ്. കൂടാതെ അന്താരാഷ്ട്ര വ്യാപാര പ്രദർശനങ്ങളിലെ പങ്കാളിത്തം, വിനോദസഞ്ചാരികൾക്കായി പ്രത്യേക ഹോട്ട്ലൈൻ എന്നിവ ടൂറിസം ശക്തമാക്കി. മിന മേഖലയിൽ ആദ്യമായെത്തിയ വെബ് ഉച്ചകോടി, കഴിഞ്ഞ മാസം സമാപിച്ച ദോഹ ജ്വല്ലറി, വാച്ച് പ്രദർശനം എന്നിവ ഈ രംഗത്തെ പ്രധാന പരിപാടിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.