ദോഹ: ലബനാനിലെ ആരോഗ്യ സംവിധാനങ്ങൾ കുറ്റമറ്റതാക്കാൻ ഖത്തറിന്റെ ഇടപെടൽ. ബെയ്റൂത്തിനെ പിടിച്ചുലച്ച 2020ലെ തുറമുഖ സ്ഫോടനത്തിൽ തകർന്ന കാരന്റിന ആശുപത്രിയുടെ പുനർനിർമാണത്തിനാണ് ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് തുടക്കം കുറിച്ചത്.
ലബനീസ് പൊതുജനാരോഗ്യ മന്ത്രാലയവുമായി ചേർന്നുള്ള ആശുപത്രി പുനർനിർമാണ പ്രവർത്തനങ്ങളുടെ തറക്കല്ലിടൽ കഴിഞ്ഞ ദിവസം നടന്നു. സ്ഫോടനത്തിൽ പൂർണമായി തകർന്ന ആശുപത്രിയുടെ ‘ബി’ കെട്ടിടം പുനർനിർമിച്ച് പ്രവർത്തന സജ്ജമാക്കുകയാണ് ഖത്തറിന്റെ ലക്ഷ്യം.
ലബനാനിലെ ഖത്തർ അംബാസഡർ ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി കെട്ടിട നിർമാണത്തിന് തറക്കല്ലിട്ടു. ക്യു.എഫ്.എഫ്.ഡി ആക്ടിങ് ഡയറക്ടർ ജനറൽ സുൽതാൻ ബിൻ അഹ്മദ് അൽ അസിരി, ലബനാൻ ആരോഗ്യമന്ത്രി ഫിറാസ് അബിയാദ്, കാരന്റിന ആശുപത്രി ചെയർമാൻ മൈകൽ മതാർ എന്നിവർ പങ്കെടുത്തു.
2020 ആഗസ്റ്റ് നാലിനുണ്ടായ ബെയ്റൂത്ത് തുറമുഖ സ്ഫോടനത്തിൽ 200ലേറെ പേരാണ് കൊല്ലപ്പെട്ടത്. ആറായിരത്തിലേറെ പേർക്ക് പരിക്കേൽക്കുകയും മേഖലയിലെ നൂറോളം കെട്ടിടങ്ങൾ പൂർണമായോ ഭാഗികമായോ തകരുകയും ചെയ്തിരുന്നു.
പാരിസിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ലബനാൻ പുനർനിർമാണത്തിൽ പങ്കുചേരുമെന്ന അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പ്രഖ്യാപനത്തിന്റെ തുടർച്ചയാണ് ആശുപത്രി നിർമാണത്തിലെ ഖത്തറിന്റെ പങ്കാളിത്തം. ലബനാൻ തലസ്ഥാന നഗരമായ ബെയ്റൂത്തിലെ സുപ്രധാന ആശുപത്രി കൂടിയായിരുന്നു കാരന്റിന.
സ്ഫോടനത്തിനു പിന്നാലെ മരുന്ന്, ഭക്ഷണം, മാനുഷിക സഹായങ്ങൾ എന്നിവയുമായി ഖത്തർ സജീവമായി ഇടപെട്ടിരുന്നു. ലബനാൻ താൽകാലിക സർക്കാർ ഖത്തറിനുള്ള നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.