ദോഹ: നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ഖത്തറും ബഹ്റൈനും തമ്മിലുള്ള വിമാന സര്‍വിസും പുനരാരംഭിക്കാൻ ഒരുങ്ങുന്നു. ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യോമ ഗതാഗതം പുനരാരംഭിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി പ്രാദേശിക അറബ് പത്രമായ ‘അശ്ശർഖ്’ റിപ്പോര്‍ട്ട് ചെയ്തു.
വിമാന സർവിസ് ആരംഭിക്കുന്നത് സംബന്ധിച്ച് ആശയ വിനിമയം നടത്തിയതായും ഇരുപക്ഷത്തു നിന്നും അനുകൂലമായ പ്രതികരണമാണുള്ളതെന്നും ബഹ്റൈൻ ഗതാഗത മന്ത്രി മുഹമ്മദ് അൽ കഅബി പാർലമെന്റിനെ അറിയിച്ചത് അനുസരിച്ചാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ, അധികം വൈകാതെതന്നെ മനാമക്കും ദോഹക്കുമിടയിൽ ആകാശയാത്ര സാധ്യമാകും.
2017ൽ ഖത്തറിനെതിരെ പ്രഖ്യാപിച്ച ഗൾഫ് ഉപരോധത്തിനു പിന്നാലെയാണ് വ്യോമഗതാഗതവും നിലച്ചത്. നയതന്ത്രബന്ധവും യാത്രാമാർഗവും നിശ്ചലമായി. പിന്നീട്, 2021ൽ സൗദിയിൽ നടന്ന അൽ ഉല ഉച്ചകോടിക്കു പിന്നാലെയാണ് ഉപരോധം നീങ്ങുന്നതും വിവിധ രാജ്യങ്ങൾ ഖത്തറുമായും തിരിച്ചും ബന്ധം പുനഃസ്ഥാപിക്കുന്നതും. എന്നാൽ, ബഹ്റൈനും ഖത്തറും തമ്മിലെ നയതന്ത്ര ബന്ധം പുനരാരംഭിച്ചിരുന്നില്ല. ഏതാനും ആഴ്ച മുമ്പ് റിയാദിലെ ജി.സി.സി ആസ്ഥാനത്ത് നടന്ന വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥതല ഫോളോഅപ് കമ്മിറ്റിയിൽ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ്, വിമാന യാത്രയും പുനരാരംഭിക്കാൻ വഴിയൊരുങ്ങുന്നത്.
ഈ മാസം പകുതിയോടെതന്നെ സര്‍വിസ് തുടങ്ങാനുള്ള ചര്‍ച്ചകളാണ് നടക്കുന്നതെന്നാണ് വിവരം. ദിനംപ്രതിയുള്ള വിമാനങ്ങളുടെ എണ്ണത്തിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്. വിമാന യാത്രാസൗകര്യം നിലവിൽ വന്നുകഴിഞ്ഞാൽ, ഇരുരാജ്യങ്ങളുടെയും ദേശീയ എയർലൈൻ കമ്പനികളായ ഖത്തർ എയർവേസ്, ഗൾഫ് എയർ എന്നിവയുടെ സർവിസ് പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ളവരുടെ യാത്രക്ക് ഗുണകരമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.