പുതിയ തൊഴിൽ നിയമം സംബന്ധിച്ച്​ ഖത്തർ ചേംബറും തൊഴിൽ മന്ത്രാലയവും നടത്തിയ ചർച്ച

ഖത്തർ തൊഴിൽ നിയമ പരിഷ്കാരം: തൊഴിൽ മാറ്റം ഇരുകക്ഷികളുടെയും താൽപര്യങ്ങൾ സംരക്ഷിച്ച് മാത്രം

ദോഹ: രാജ്യത്തെ പുതിയ തൊഴിൽനിയമപരിഷ്​കാരപ്രകാരമുള്ള തൊഴിൽമാറ്റം തൊഴിലാളിയുടെയും തൊഴിലുടമയു​േടയും താൽപര്യങ്ങൾ സംരക്ഷിച്ച് മാത്രമേ നടക്കൂ. തൊഴിൽ മന്ത്രാലയം നിർദേശിക്കുന്ന മൂന്ന് നിയന്ത്രണങ്ങളും പാലിച്ചുമാത്രമേ തൊഴിലാളിക്ക്​ തൊഴിൽ ഉടമയുടെ എൻ.ഒ.സി ഇല്ലാതെ തൊഴിൽമാറ്റം സാധ്യമാകൂ.

തൊഴിൽ മാറ്റത്തിനുള്ള വിജ്ഞാപനം, നടപടികൾ മത്സര രഹിതമാകൽ, നഷ്​ടപരിഹാരം എന്നീ മൂന്ന്​ നിയന്ത്രണങ്ങൾ പാലിച്ചാൽ മാത്രമേ തൊഴിൽമാറ്റം സാധ്യമാകൂ. ഭരണനിർവഹണ വികസന തൊഴിൽ മന്ത്രാലയം തൊഴിൽകാര്യ അസി. അണ്ടർസെക്രട്ടറി മുഹമ്മദ് ഹസൻ അൽ ഉബൈദലിയാണ്​ ഇക്കാര്യം അറിയിച്ചത്​.

കഴിഞ്ഞ ദിവസം അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി ഉത്തരവിറക്കിയ പുതിയ തൊഴിൽ നിയമം സംബന്ധിച്ച്​ ഖത്തർ ചേംബറും തൊഴിൽ മന്ത്രാലയവും നടത്തിയ ചർച്ചയിലാണ് തൊഴിൽ മാറ്റം സംബന്ധിച്ച് വിശദീകരണം നൽകിയിരിക്കുന്നത്​. യോഗത്തിൽ മിനിമം വേതനം, തൊഴിൽ മാറ്റം എന്നിവ സംബന്ധിച്ചുള്ള പുതിയ നിയമങ്ങൾ ചർച്ച ചെയ്​തു.

നിയപ്രകാരം എൻ.ഒ.സി ഇല്ലാതെ തന്നെ തൊഴിലാളിക്ക്​ തൊഴിൽമാറാൻ കഴിയുമെന്നത്​​ സംബന്ധിച്ച്​ തൊഴിൽ ഉടമകൾക്ക്​ ആശയക്കുഴപ്പമുണ്ടായിരുന്നു. ഇതോടെയാണ്​ മന്ത്രാലയം കൂടുതൽ വ്യക്​തത വരുത്തിയത്​.

ഖത്തറിലെ തൊഴിലാളികൾക്കും ഗാർഹികജീവനക്കാർക്കും മിനിമം വേതനം ഉറപ്പുവരുത്തിക്കൊണ്ടുള്ള മിനിമം വേതന നിയമത്തിന്​ അംഗീകാരം നൽകി കഴിഞ്ഞ ദിവസമാണ്​ അമീർ ഉത്തരവിട്ടത്​. ഇത്​പ്രകാരം ഗാർഹിക ജോലിക്കാരടക്കം എല്ലാ തൊഴിലാളികൾക്കും 1000 റിയാൽ മിനിമം വേതനം നൽകണം.

ന്യായമായ താമസസൗകര്യവും ഭക്ഷണവും നൽകുന്നില്ലെങ്കിൽ തൊഴിലാളിയുടെ താമസ ചെലവിനായി 500 റിയാലും ഭക്ഷണ അലവൻസിനായി 300 റിയാലും ഇതിന്​ പുറമേ നൽകാനും നിയമം അനുശാസിക്കുന്നു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസം കഴിയുന്നതോടെയാണ്​ നിയമം പ്രാബല്യത്തിൽ വരിക.

ഇതിനേക്കാൾ കുറഞ്ഞ വേതനം നിലവിൽ ലഭിക്കുന്നവരുടെ തൊഴിൽ കരാർ തൊഴിൽ ഉടമകൾ പുതിയനിയമമനുരിച്ച്​ പുതുക്കണം. തൊഴിലാളികളുടെ ജോലി മാറുന്നതിനാവശ്യമായ എൻ.ഒ.സി സംവിധാനവും ഭരണ വികസന തൊഴിൽ സാമൂഹ്യ മന്ത്രാലയം പുതിയ നിയമ​്രൽകാരം നീക്കം ചെയ്തിട്ടുമുണ്ട്​.

ഇതുപ്രകാരം തൊഴിലാളിക്ക് നിലവിലുള്ള തൊഴിലുടമയുടെ എൻ.ഒ.സി കൂടാതെ തന്നെ ജോലി മാറാൻ സാധിക്കും. തൊഴിൽ വിപണിയിൽ പുതിയ ഉണർവ് വരുത്താൻ പുതിയ തൊഴിൽ പരിഷ്കരണത്തിന് സാധിക്കും. തൊഴിലാളിക്ക് മികച്ച തൊഴിൽ കണ്ടെത്തുന്നതിനും തൊഴിലുടമകൾക്ക് കഴിയും പ്രാപ്തിയുമുള്ള ഉദ്യോഗാർഥികളെ തേടുന്നതിനും ഇത്​ സഹായകമാകും.

തൊഴിലാളിക്ക് മിനിമം വേതനം നൽകുന്നതിൽ വീഴ്ച വരുത്തുന്ന തൊഴിലുടമ കടുത്ത നിയമനടപടികൾക്ക് വിധേയമാകേണ്ടി വരുമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നുണ്ട്​. തൊഴിൽ തർക്ക പരിഹാര സമിതികളുടെ എണ്ണം കൂട്ടുന്നതിനും പുതിയ നിയമഭേദഗതി നിർദേശിക്കുന്നുണ്ട്. മിഡിലീസ്​റ്റിൽ ഇത്തരം നിയമം നടപ്പാക്കുന്ന ആദ്യ രാജ്യമാണ്​ ഖത്തർ.

മിനിമം വേതനം കാലാനുസൃതമായി പുതുക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമായി മിനിമം വേജ് കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്യും. ഖത്തർ തൊഴിൽ വിപണിയിലെ നിലവിലെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് നിയമ പരിഷ്കാരങ്ങൾ പ്രയോജനപ്പെടുമെന്ന്​ ഹസൻ അൽ ഉബൈദലി യോഗത്തിൽ വ്യക്തമാക്കി.

തൊഴിലുടമകളെയും സ്വകാര്യമേഖലയെയും പിന്തുണക്കുന്നതിലും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്​. ഖത്തറിലെ പുതിയ തൊഴിൽ നിയമ പരിഷ്കരണത്തിന് വലിയ സ്വീകാര്യതയാണ് അന്താരാഷ്ട്ര തലത്തിൽ നിന്ന് ലഭിച്ചത്​. നിരവധി രാജ്യങ്ങൾ ഖത്തറിനെ പ്രശംസിച്ച് രംഗത്തെത്തി.

ഖത്തറിലെ സ്വകാര്യ മേഖലയിലെ കമ്പനികൾ നേരിടുന്ന വെല്ലുവിളികളും തടസ്സങ്ങളും നീക്കുന്നതിന് ഖത്തർ ചേംബറും തൊഴിൽ മന്ത്രാലയവും തമ്മിലുള്ള സഹകരണവും ഒരുമിച്ചുള്ള പ്രവർത്തനവും ഏറെ പ്രധാനപ്പെട്ടതാണെന്ന്​ ഖത്തർ ചേംബർ ചെയർമാൻ ശൈഖ് ഖലീഫ ബിൻ ജാസിം ആൽഥാനി യോഗത്തിൽ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.