ഫലസ്​തീൻ ഭവനങ്ങൾ തകർക്കൽ: ഖത്തർ അപലപിച്ചു

ദോഹ: ഫലസ്​തീനിൽ ഇസ്രായേൽ അധിനിവേശ സേന ഫലസ്​തീനികളുടെ ഭവനങ്ങൾ തകർത്തതിനെ ഖത്തർ ശക്തമായ ഭാഷയിൽ അപലപിച്ചു. ഫലസ്​തീനികളെ നാടുകടത്താൻ ലക്ഷ്യംവെച്ചുള്ള നടപടിയാണിത്​. അന്താരാഷ്​ട്ര നിയമങ്ങളുടെ പ്രത്യക്ഷമായ ലംഘനമാണിതെന്നും തീർത്തും നിയമവിരുദ്ധമായ നടപടിയാണെന്നും ഖത്തർ വ്യക്തമാക്കി.ഇസ്രായേൽ അതിക്രമങ്ങളിൽനിന്ന്​ ഫലസ്​തീൻ ജനതയുടെ സംരക്ഷണം ഉറപ്പുവരുത്താൻ അന്താരാഷ്​ട്ര ജനത മുന്നോട്ടുവരണം.

കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.ഫലസ്​തീൻ ജനതക്ക് പിന്തുണ നൽകുന്ന നിലപാടിൽനിന്ന്​ ഖത്തർ പിറകോട്ടില്ല. 1967ലെ അതിർത്തികൾ പ്രകാരം കിഴക്കൻ ഖുദ്സ്​ തലസ്ഥാനമാക്കി സ്വതന്ത്ര പരമാധികാര ഫലസ്​തീൻ രാഷ്​ട്രം സ്ഥാപിക്കാനുള്ള ഫലസ്​തീൻ ജനതയുടെ അവകാശത്തെ എപ്പോഴും പിന്തുണക്കുന്നുവെന്നും മന്ത്രാലയം അറിയിച്ചു.

ഇസ്രായേൽ അധിനിവേശ കേന്ദ്രങ്ങളിൽ ഫലസ്​തീനികളുടെ വീടുകളും തമ്പുകളും ബുൾഡോസറുകളും വലിയ ഉപകരണങ്ങളും ഉപയോഗിച്ച് തകർത്തതായി കഴിഞ്ഞദിവസം അസോസിയേറ്റഡ് പ്രസ്​ റിപ്പോർട്ട് ചെയ്തിരുന്നു.ഫലസ്​തീനുമായുള്ള ​പ്രശ്​നങ്ങൾ പരിഹരിക്കുന്നതുവരെ ഇസ്രായേലുമായി ബന്ധം ഇല്ലെന്ന്​ ഖത്തർ ഈയടുത്ത്​ വ്യക്തമാക്കിയിരുന്നു. ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന അയൽരാജ്യങ്ങളുമായി ഖത്തർ ചേരില്ലെന്നും വിദേശകാര്യ സഹമന്ത്രി ലുൽവ ബിൻത്​ റാഷിദ്​ അൽ ഖാതിർ പറഞ്ഞിരുന്നു.

കാര്യങ്ങൾ സാധാരണ നിലയിൽ ആവുക എന്നതല്ല ഫലസ്​തീൻ പ്രശ്​നപരിഹാരം. ഫലസ്​തീനികൾ നിലവിൽ ഏറ്റവും മോശമായ സാഹചര്യത്തിലാണ്​ കഴിയുന്നത്​. രാജ്യമില്ലാത്ത ജനങ്ങളാണവർ. അവർ ജീവിക്കുന്നത്​ അധിനിവേശത്തിനു​ കീഴിലാണെന്നും ഇക്കാര്യങ്ങളെല്ലാം പരിഹരിക്കപ്പെടണമെന്നും വിദേശകാര്യ സഹമന്ത്രി നിലപാട്​ വ്യക്തമാക്കിയിരുന്നു.

ഫലസ്​തീനിലെ ഇസ്രായേൽ അധിനിവേശവും അനധികൃത കുടിയേറ്റവും അവസാനിപ്പിക്കുകയും ജറൂസലം ആസ്ഥാനമാക്കി സ്വതന്ത്ര പരമാധികാര ഫലസ്​തീൻ രാഷ്​ട്രം സ്ഥാപിക്കണമെന്നുള്ളതുമാണ് ഖത്തറി​െൻറ എക്കാലത്തെയും നിലപാട്​. സുരക്ഷ സമിതി പ്രമേയങ്ങൾ അനുസരിച്ചും അന്താരാഷ്​ട്ര നിയമങ്ങൾ പാലിച്ചുമായിരിക്കണം ഇത്​. ഫലസ്​തീനിൽനിന്ന്​ കുടിയൊഴിപ്പിക്കപ്പെട്ട എല്ലാവർക്കും തിരികെയെത്താനും സാധിക്കണം. 70 വർഷത്തിലധികമായി തുടരുന്ന പ്രതിസന്ധിക്ക് സുസ്ഥിര പരിഹാരം കാണുന്നതിന് ഖത്തർ കാണുന്ന മാർഗമിതാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.