ഗസ്സയിൽ നടക്കുന്ന ഖത്തറി​െൻറ സാമ്പത്തികസഹായവിതരണം (ഫയൽ ചിത്രം)

ഗസ്സയിലെ കുടുംബങ്ങൾക്കുള്ള ഖത്തർ സാമ്പത്തിക സഹായ വിതരണം ഇന്ന്​

ദോഹ: ഖത്തറിെൻറ മേൽനോട്ടത്തിൽ ഫലസ്​തീനിലെ ഗസ്സ മുനമ്പിലെ അർഹരായ കുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായം ഇന്ന്​ മുതൽ വിതരണം ചെയ്യുമെന്ന് ഗസ്സ പുനർനിർമാണത്തിനുള്ള ഖത്തർ സമിതി അധ്യക്ഷൻ അംബാസഡർ മുഹമ്മദ് അൽ ഇമാദി പറഞ്ഞു.ഖത്തർ ഡെവലപ്മെൻറ് ഫണ്ടുമായി (ക്യു.എഫ്.എഫ്.ഡി) സഹകരിച്ച് അർഹരായ ഒരു ലക്ഷം കുടുംബങ്ങൾക്ക് 100 ഡോളർ വീതമാണ് സാമ്പത്തിക സഹായം നൽകുന്നത്.

സാമൂഹിക വികസന മന്ത്രാലയം മേൽനോട്ടം വഹിക്കുന്ന പ്രത്യേക സമിതിയുടെ കീഴിലായിരിക്കും സാമ്പത്തിക സഹായ വിതരണമെന്നും അൽ ഇമാദി കൂട്ടിച്ചേർത്തു.ഒരു ലക്ഷം കുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായ വിതരണത്തിന് ശേഷം കോവിഡ്-19നെ തുടർന്ന് ദുരിതത്തിലായ സാമൂഹിക വികസന മന്ത്രാലയത്തിൽ രെജിസ്​റ്റർ ചെയ്ത 70000 കുടുംബങ്ങൾക്കുള്ള 100 ഡോളർ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്-19 പശ്ചാത്തലത്തിൽ ഗുണഭോക്താക്കളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് മതിയായ സുരക്ഷാ മുൻകരുതലുകളോടെ ഗസ്സയിലെ ബന്ധപ്പെട്ട സർക്കാർ അതോറിറ്റികളുമായി സഹകരിച്ചാണ് പണം വിതരണം ചെയ്യുകയെന്നും അംബാസഡർ മുഹമ്മദ് അൽ ഇമാദി വ്യക്തമാക്കി.

ഗസ്സയിലെ സർക്കാർ ഉദ്യോഗസ്​ഥർക്കും ജീവനക്കാർക്കും ശമ്പളം നൽകാനായുള്ള ഖത്തറി​െൻറ സഹായ പദ്ധതി പുരോഗമിക്കുകയാണ്​.ആഭ്യന്തര രംഗത്തും വൈദേശിക തലത്തിലും ഫലസ്​തീൻ ജനതക്ക് സഹായവും പിന്തുണയും നൽകുന്ന പ്രഥമ രാജ്യം കൂടിയാണ് ഖത്തർ.ഫലസ്​തീന് വേണ്ടിയുള്ള ഖത്തറിെൻറ സാമ്പത്തിക സഹായം എപ്പോഴും തുടരുകയാണ്.കഴിഞ്ഞ വർഷം മാത്രം 180 ദശലക്ഷം ഡോളർ ഖത്തർ ഫലസ്​തീന് നൽകിക്കഴിഞ്ഞു.ഗസ്സയിൽ തകർക്കപ്പെട്ട 10000 വീടുകളുടെ പുനർനിർമാണത്തിന് ഈ തുക ഏറെ പ്രയോജനപ്പെട്ടു.ഗസ്സയിലെ എല്ലാ പുനർനിർമാണ പ്രവർത്തനങ്ങൾക്കും ഖത്തറിെൻറ നേതൃത്വത്തിലുള്ള ഗസ്സ പുനർനിർമാണ സമിതിയാണ് മേൽനോട്ടം വഹിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.