ലോകകപ്പിന് ആവേശമാവാൻ ഖത്തർ ഫൗണ്ടേഷൻ ദരീഷ ഫെസ്റ്റും

ദോഹ: ഖത്തറിലെയും മേഖലയിലെയും കലാ പ്രതിഭകൾ അണിനിരക്കുന്ന ദരീഷ ആർട്സ് ഫെസ്റ്റിവലിന്‍റെ രണ്ടാം പതിപ്പ് ലോകകപ്പിനെത്തുന്ന ആഗോള സന്ദർശകർക്ക് നവ്യാനുഭവമാകും. എജുക്കേഷൻ സിറ്റി ഓക്സിജൻ പാർക്കിൽ ഡിസംബർ 11 മുതൽ 18 വരെയാണ് ദരീഷ ആർട്സ് ഫെസ്റ്റ് നടക്കുന്നത്. കലാ, സംഗീത, നാടക, സാഹിത്യം, വിദ്യാഭ്യാസ, ശാസ്ത്ര, ഗവേഷണ പരിപാടികൾ ഫെസ്റ്റിവലിന്‍റെ ഭാഗമായി നടക്കും. കലയോടുള്ള സ്നേഹമാണ് ദരീഷയിലൂടെ പ്രതിഫലിക്കുന്നതെന്നും കലയുടെയും സംസ്കാരത്തിന്‍റെയും കേന്ദ്രമാവുകയെന്ന രാജ്യത്തിന്‍റെ അഭിനിവേശത്തിലേക്കുള്ള ചുവടുവെപ്പ് കൂടിയാണ് ദരീഷയെന്നും ഖത്തർ ഫൗണ്ടേഷൻ കമ്യൂണിറ്റി ആർട്സ് ലീഡറും സംഘാടക സമിതിയംഗവുമായ അമീറ അൽ അജി പറഞ്ഞു.

ഈ വർഷത്തെ ദരീഷ കലോത്സവം ഫിഫ ലോകകപ്പിനോടനുബന്ധിച്ചാണ് നടക്കുന്നത് എന്നതിനാൽതന്നെ വളരെ ആവേശത്തോടെയാണ് കാത്തിരിക്കുന്നതെന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കാണികൾക്ക് മികച്ച അനുഭവമാവുന്ന പരിപാടികൾക്കാണ് വേദിയൊരുക്കുന്നതെന്നും അമീറ അൽ അജി കൂട്ടിച്ചേർത്തു. ഖത്തർ ഫൗണ്ടേഷൻ എങ്ങനെ രാജ്യത്തിന്‍റെയും മേഖലയുടെയും വിദ്യാഭ്യാസ -ഗവേഷണ കേന്ദ്രമായെന്ന് വിശദീകരിക്കുന്നതിനൊപ്പം, ഫൗണ്ടേഷനുകീഴിലെ വിദ്യാർഥികൾക്ക് രാജ്യത്തിന്‍റെ സമ്പന്നമായ പാരമ്പര്യവും പൈതൃകവും പ്രദർശിപ്പിക്കാനുള്ള വഴിയുമൊരുക്കും.

Tags:    
News Summary - Qatar Foundation and Darisha Fest to get excited for the World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.