ദോഹ: ഖത്തറിന്റെ പ്രകൃതി വാതക ഉൽപാദക കമ്പനിയായ ഖത്തർ ഗ്യാസ് ഇനി ഖത്തർ എനർജി എൽ.എൻ.ജി എന്ന് അറിയപ്പെടും. ഖത്തര്‍ ഗ്യാസിന്റെ പേരിലും ലോഗോയും മാറ്റിയതായി മാതൃ സ്ഥാപനമായ ഖത്തര്‍ എനര്‍ജി അറിയിച്ചു. ആഗോളതലത്തിലുള്ള ദ്രവീകൃത പ്രകൃതി വാതക (എൽ.എൻ.ജി) ആവശ്യകത നിറവേറ്റുന്നതില്‍ ഖത്തറിന്റെ രാജ്യാന്തരതലത്തിലെ മികവ് കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പേരുമാറ്റം.
കഴിഞ്ഞ 39 വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ എൽ.എൻ.ജി മേഖലയില്‍ മുന്‍നിരയിലാണ് ഖത്തര്‍ ഗ്യാസ്. സുരക്ഷിതവും പരിസ്ഥിതി സൗഹൃദവും വിശ്വസ്തവുമായ ദ്രവീകൃത പ്രകൃതിവാതക വിതരണക്കാർ എന്ന നിലയിൽ പുതിയ പേരിലും ലോഗോയിലുമായി ഖത്തർ എനർജി എൽ.എൻ.ജി കുതിപ്പ് തുടരും.
ഖത്തർ എനർജിയുടെ പ്രകൃതിവാതക-ജൈവ ഇന്ധന വ്യവസായ മേഖലയുടെ ചരിത്രപരമായ മാറ്റത്തിന്റെയും വളർച്ചയുടെയും പ്രതീകം കൂടിയാണ് പേരുമാറ്റമെന്ന് ഖത്തർ എനർജി സി.ഇ.ഒയും ഊർജ സഹമന്ത്രിയുമായ സഅദ് ഷെരിദ അൽ കഅബി പറഞ്ഞു.
1984ൽ സ്ഥാപിതമായ ഖത്തര്‍ ഗ്യാസ് കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ ഖത്തറിന്റെ പ്രകൃതി വാതക വ്യവസായത്തെ ആഗോള തലത്തിൽ മുൻനിരയിലെത്തിക്കുന്നതിൽ പ്രധാനിയായി. ലോകത്തിന്റെ സുരക്ഷിതവും വിശ്വസ്തവുമായ ഊർജ വിതരണ പങ്കാളിയായി പ്രവർത്തിച്ച ഖത്തർ ഗ്യാസ്, ഇനി ഖത്തർ എനർജി എൽ.എൻ.ജിയായി അറിയപ്പെടും -അദ്ദേഹം പറഞ്ഞു.
2021 ഒക്ടോബറിലായിരുന്നു ഖത്തര്‍ പെട്രോളിയം പേരും ലോഗോയും മാറ്റി ഖത്തര്‍ എനര്‍ജിയായി മാറിയത്. ലോകത്തെ ഊർജാവശ്യത്തിൽ സുപ്രധാനമായി മാറാൻ ഒരുങ്ങുന്ന ദ്രവീകൃത പ്രകൃതി വാതകത്തിന്റെ ഏറ്റവും വലിയ വിതരണക്കാരാണ് ഖത്തർ. നോർത്ത് ഫീൽഡ്-സൗത്ത് ഫീൽഡ് ഉൾപ്പെടെ വികസന പദ്ധതികൾ പ്രവാർത്തികമാവുന്നതോടെ ഏതാനും വർഷങ്ങൾക്കുള്ളിൽ ലോകത്തിന്റെ പ്രകൃതി വാതക വിപണിയുടെ 40 ശതമാനവും ഖത്തർ എനർജിയുടെ കൈവശമാവുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.