ദോഹ: കോവിഡ് പ്രതിസന്ധിയിൽ നാട്ടിൽ കുടുങ്ങിയവർ നിലവിലെ സാഹചര്യത്തിൽ വന്ദേഭാരത് വിമാനങ്ങളിൽ ഖത്തറിൽ എത്താൻ ശ്രമിക്കരുതെന്ന് ഇന്ത്യൻ എംബസി. ആഗസ്റ്റ് ഒന്ന് മുതൽ വിദേശങ്ങളിലുള്ള പ്രവാസികൾക്ക് തിരിച്ചെത്താൻ ഖത്തർ അനുമതി നൽകിയിട്ടുണ്ട്.
പ്രത്യേക എൻട്രി പെർമിറ്റ് എടുത്തവർക്ക് തിരിച്ചെത്താൻ കഴിയും. എന്നാൽ, മറ്റ് രാജ്യങ്ങളിലേക്കുള്ള യാത്രാവിമാനളുടെ വിലക്ക് ഇന്ത്യ ആഗസ്റ്റ് 31വരെ നീട്ടിയിട്ടുണ്ട്. ഇതോടെ ഇന്ത്യക്കാരുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
നിലവിൽ ഖത്തറിൽനിന്ന് ഇന്ത്യക്കാരെ നാട്ടിേലക്കെത്തിക്കാൻ വന്ദേഭാരത് പദ്ധതിക്ക് കീഴിൽ വിമാനങ്ങൾ നാട്ടിൽനിന്ന് വരുന്നുണ്ട്. ഈ വിമാനങ്ങളിൽ ചിലർ ഇതിനകം ഖത്തറിലെത്തി. ഖത്തറിലെ ആരോഗ്യപ്രവർത്തകർക്കായുള്ള വിമാനങ്ങളിലാണ് ഇവരല്ലാത്ത മറ്റ് ചിലരും തിരിച്ചെത്തിയത്.
ഖത്തറിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഇൻഡിഗോയും എയർഇന്ത്യയും തുടങ്ങിയിട്ടുമുണ്ട്. എന്നാൽ, ഇത്തരത്തിൽ വന്ദേഭാരത് വിമാനങ്ങളിൽ സാധാരണ യാത്രക്കാർക്ക് മടങ്ങിയെത്താൻ ഔദ്യോഗിക അനുമതി ഉണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇൗ സാഹചര്യത്തിലാണ് ഇന്ത്യൻ എംബസി മുന്നറിയിപ്പുമായി രംഗത്തുവന്നത്.
നാട്ടിൽ കുടുങ്ങിയ ഖത്തറിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്ന ഖത്തരി വിസയുള്ളവർക്കായി പ്രത്യേക യാത്രാസംവിധാനമൊരുക്കുന്നത് ആലോചനയിലാണെന്ന് എംബസി ട്വിറ്ററില്‍ അറിയിച്ചു. ഉറപ്പില്ലാത്ത യാത്രക്കായി വന്ദേഭാരത് വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യരുത്. ഔദ്യോഗിക വിവരങ്ങളെ മാത്രമേ ഇക്കാര്യത്തില്‍ ആശ്രയിക്കാവൂവെന്നും എംബസി പറയുന്നു.
അതേസമയം, കോവിഡ് പ്രതിസന്ധിയിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയവർക്ക് താമസ വിസയുടെ കാലാവധി കഴിഞ്ഞയിനത്തിലെ ഫീസ് വേണ്ടെന്ന് ഖത്തർ അറിയിച്ചു. ഇത്തരം വിദേശികളെ റെസിഡൻസി പെർമിറ്റ് (ആർ.പി) കാലാവധി കഴിഞ്ഞതിനുള്ള ഫീസിൽനിന്ന് ഒഴിവാക്കി. ആറുമാസത്തേക്കാൾ വിദേശത്ത് കഴിഞ്ഞത് കാരണമുള്ള ഫീസുകളും നൽകേണ്ടതില്ലെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.