ദോഹ: ഇന്ന് പെയ്യും നാളെ പെയ്യും എന്ന കാത്തിരിപ്പിനൊടുവിൽ ഖത്തറിൽ ആശ്വാസമായി മഴയെത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് ദോഹ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ മഴ തിമിർത്തു പെയ്തത്. ശക്തമായ കാറ്റിനൊപ്പമെത്തിയ മഴ ഏതാനും മിനിറ്റുകൾ പെയ്ത ശേഷം ഒഴിഞ്ഞു. പിന്നീട് വൈകീട്ട് മൂന്ന് മണിയോടെയും വിവിധ ഇടങ്ങളിൽ കുളിരുപെയ്യിച്ച് മഴയിറങ്ങി. ഉം സലാൽ, മിസഈദ്, ലുസൈൽ, അൽ വക്റ, അബു ഹമൂർ, ദോഹയുടെ വിവിധ ഭാഗങ്ങൾ തുടങ്ങി രാജ്യത്തിന്റെ വിവിധ മേഖലകളിൽ പെയ്ത മഴച്ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചാണ് സ്വദേശികളും പ്രവാസികളും മഴയെ വരവേറ്റത്.
കടുത്ത ചൂടിന് ഒക്ടോബർ ആദ്യവാരത്തിൽ തന്നെ കുറവുണ്ടായെങ്കിലും സീസണിലെ ആദ്യ മഴക്കായുള്ള കാത്തിരിപ്പിലായിരുന്നു എല്ലാവരും. കഴിഞ്ഞ ദിവസങ്ങളിൽ മഴ സാധ്യത പ്രവചിച്ചെങ്കിലും രാജ്യത്തിന്റെ അതിർത്തികളിലും ഒറ്റപ്പെട്ട ചിലയിടങ്ങളിലും ചാറ്റൽ മഴയായി പെയ്ത് അകന്നു. എന്നാൽ, വ്യാഴാഴ്ച ഉച്ചയോടെയെത്തിയ മഴ, വൈകുന്നേരവും തുടർന്നുമായി എല്ലായിടത്തും മഴപെയ്തുവെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
മഴയിൽ സുരക്ഷ മറക്കേണ്ട
ദോഹ: മരുഭൂമിയുടെ വരണ്ട ചൂടിനെ നനച്ചുകൊണ്ട് മഴയെത്തുമ്പോൾ നാട്ടിലെന്ന പോലെ ആഘോഷത്തോടെ വരവേൽക്കുന്നവരാണ് പ്രവാസികളും സ്വദേശികളും. എന്നാൽ, പ്രധാന റോഡുകളിലും ഇടറോഡുകളിലും വെള്ളം നിറയുമെന്നതിനാൽ സുരക്ഷ മുൻകരുതലുകളിൽ വിട്ടുവീഴ്ചവേണ്ട. കാലാവസ്ഥാ വിഭാഗം, അഷ്ഗാൽ, ആഭ്യന്തര മന്ത്രാലയം എന്നിവർ സമൂഹ മാധ്യമങ്ങളിലൂടെ കരുതൽ മുന്നറിയിപ്പുകൾ നൽകി. ഇടിയും മിന്നലുമുള്ളപ്പോൾ അനാവശ്യമായ പുറത്തിറങ്ങൽ ഒഴിവാക്കാനും വീടുകളിലോ താമസ സ്ഥലങ്ങളിലോ തന്നെ തുടരാനും അധികൃതർ നിർദേശിച്ചു.
ഫ്ലാറ്റുകൾ, വില്ലകൾ ഉൾപ്പെടെ കെട്ടിടങ്ങളുടെ റൂഫ് ടോപ്പിലും മരങ്ങൾക്കരികിലും നിൽക്കരുതെന്നും, അപ്രതീക്ഷിത വെള്ളക്കെട്ടുകൾ പ്രത്യക്ഷപ്പെടാനും ദൂരക്കാഴ്ച കുറയാനും സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ വേഗം കുറച്ച് ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു.മഴപെയ്യുമ്പോൾ അണ്ടർപാസ്, മേൽപാലങ്ങൾ വഴി വാഹനമോടിക്കുമ്പോൾ സൂക്ഷ്മത പാലിക്കുക. വാഹനങ്ങൾ സഞ്ചരിക്കാത്ത പ്രദേശങ്ങളിലൂടെയും സ്ഥലങ്ങളിലൂടെയും ഡ്രൈവിങ് നടത്താതിരിക്കുക. ഇലക്ട്രിക് പോസ്റ്റ്, പാനൽ എന്നിവ തൊടുന്നത് ഒഴിവാക്കുക. റോഡിലെ തിരിവുകളിലും യു ടേണിലും വേഗം കുറക്കുക. റോഡിലെയും മറ്റും മാൻഹോളുകൾ തുറക്കരുത് എന്നീ നിർദേശങ്ങൾ അഷ്ഗാൽ പൊതുജനങ്ങൾക്കായി പങ്കുവെച്ചു. മഴപെയ്യുന്നതിനാൽ ഡ്രൈവിങ്ങിനി ടെ മുന്നിലുള്ള വാഹനങ്ങളുമായി ആവശ്യമായ അകലം പാലിക്കുകയും വേഗം കുറക്കുകയും ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.