ദോഹ: സുഡാനിലേക്കുള്ള ഐക്യരാഷ്ട്രസഭയുടെ മാനുഷിക സഹായങ്ങൾക്കും പ്രാദേശിക അഭയാർഥി പദ്ധതിക്കുമായി 50 ദശലക്ഷം ഡോളർ പ്രഖ്യാപിച്ച് ഖത്തർ. ജനീവയിൽ നടന്ന സമ്മേളനത്തിലാണ് പ്രഖ്യാപനം. ഖത്തറിന്റെ സഹ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വിഡിയോ കോൺഫറൻസ് വഴി പങ്കെടുത്ത പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയാണ് സംഭാവന പ്രഖ്യാപിച്ചത്.
സുഡാനിലെ നമ്മുടെ സഹോദരങ്ങളോടുള്ള ധാർമികവും മാനുഷികവുമായ ബാധ്യതയുടെ അടിസ്ഥാനത്തിലാണ് 50 ദശലക്ഷം ഡോളർ പ്രഖ്യാപിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി പറഞ്ഞു. സുഡാനിലെ നിരന്തരമായ മാനുഷിക, വികസന ശ്രമങ്ങളുടെ തുടർച്ചയാണിതെന്നും അദ്ദേഹം വിശദീകരിച്ചു. സൗദി അറേബ്യ, ഈജിപ്ത്, ജർമനി, യൂറോപ്യൻ യൂനിയൻ, യുനൈറ്റഡ് നേഷൻസ് ഫോർ ദ കോഓഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫയേഴ്സ് (ഒ.സി.എച്ച്.എ), അഭയാർഥികൾക്ക് വേണ്ടിയുള്ള യു.എൻ ഹൈകമീഷണർ (യു.എൻ.എച്ച്.സി.ആർ) തുടങ്ങിയവരും സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു.
1500ലധികം തദ്ദേശീയരുടെ മരണത്തിൽ കലാശിച്ച ആഭ്യന്തര സംഘർഷം ആരംഭിച്ച് രണ്ടു മാസം പിന്നിടുമ്പോഴാണ് ഏറ്റവും പുതിയ ഉന്നതതല യോഗം നടക്കുന്നത്. സുഡാന്റെ ഐക്യം, സ്വാതന്ത്ര്യം, പരമാധികാരം, സുരക്ഷ എന്നിവയെ പിന്തുണക്കുന്നതിൽ ഖത്തറിന്റെ നിലപാടിൽ മാറ്റമില്ലെന്നും എന്നാൽ അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്നും പ്രസംഗത്തിനിടെ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
സുഡാനിൽ വെടിനിർത്തൽ യാഥാർഥ്യമാക്കുന്നതിലേക്ക് നയിച്ച പ്രാദേശികവും അന്തർദേശീയവുമായ ശ്രമങ്ങളെ പ്രത്യേകിച്ചും സൗദി-അമേരിക്കൻ മധ്യസ്ഥ ശ്രമങ്ങളെയും ആഫ്രിക്കൻ യൂനിയന്റെ ശ്രമങ്ങൾക്കും ഖത്തർ നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘർഷം സൈനികമായി പരിഹരിക്കാനാകില്ലെന്നും സംഭാഷണങ്ങളിലൂടെയും ചർച്ചകളിലൂടെയുമുള്ള രാഷ്ട്രീയ പരിഹാരമാണ് ഏക പോംവഴിയെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. ധാർമികവും മാനുഷികവുമായ പ്രതിബദ്ധതയുടെ ഭാഗമായി നാമെല്ലാവരും സുഡാൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
സുഡാനിലെ സംഘർഷം ആരംഭിച്ചതിനുശേഷം 318 ടൺ അടിയന്തര സഹായമാണ് ഖത്തർ ഇതുവരെ എത്തിച്ചത്. ഖത്തറിന്റെ സൈനിക വിമാനത്തിൽ ഇതുവരെ 1784 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും ഖത്തറിന് കഴിഞ്ഞിട്ടുണ്ട്.
സുഡാനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളിൽ അടിയന്തര സഹായമെത്തിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും മാനുഷിക പ്രതികരണ പദ്ധതിയിലും അഭയാർഥികൾക്കായുള്ള പ്രാദേശിക പദ്ധതിയിലുമുള്ള വിടവ് നികത്തുന്നതിന് ഇനിയും ധനസഹായം ആവശ്യമാണെന്നും ശൈഖ് മുഹമ്മദ് അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി പറഞ്ഞു.സൗദിയുടെയും അമേരിക്കയുടെയും മധ്യസ്ഥതയിൽ ഞായറാഴ്ച രാവിലെ മുതൽ 72 മണിക്കൂർ വെടിനിർത്തലിന് സുഡാനിലെ സൈനിക-സായുധ കക്ഷികൾ സമ്മതിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.