ദോഹ: ഒരു നൂറ്റാണ്ട് മുമ്പ് വിടവാങ്ങിയ കലാകാരന്റെ കാലതിവർത്തിയായ സൃഷ്ടികളുടെ അപൂർവമായൊരു പ്രദർശനത്തിന് വേദിയൊരുക്കാൻ ഒരുങ്ങുകയാണ് ഖത്തർ മ്യൂസിയം. 1824ൽ ജനിച്ച് 1904ൽ മരണമടഞ്ഞ ഫ്രഞ്ച് ഫ്രഞ്ച് ചിത്രകാരനും ശിൽപിയുമായ ജീൻ ലിയോൺ ജെറോമിന്റെ ലോകശ്രദ്ധേയമായ കലാ സൃഷ്ടികളുടെ പ്രദർശനം.
‘സീയിങ് ഈസ് ബിലീവിങ്’ എന്ന പേരിൽ നവംബർ രണ്ട് മുതൽ 2025 ഫെബ്രുവരി 22 വരെയാണ് സംഘടിപ്പിക്കുന്നത്. മത്ഹഫ് അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ടുമായി സഹകരിച്ച് ലൂസൈൽ മ്യൂസിയമാണ് ഇതിഹാസ കലാകാരന്റെ സൃഷ്ടികൾ ദോഹയിലെ കാഴ്ചക്കാർക്ക് മുന്നിലെത്തിക്കുന്നത്.
16 മുതൽ 19ാം നൂറ്റാണ്ടുകളിൽ വ്യാപിച്ചുകിടക്കുന്ന മിനാസ (മിഡിലീസ്റ്റ്, നോർത്ത് ആഫ്രിക്ക, സൗത്ത് ഏഷ്യ) മേഖലയുടെ യൂറോപ്യൻ ചിത്രീകരണങ്ങൾ ഉൾപ്പെടെ, ലുസൈൽ മ്യൂസിയത്തിലെ ഓറിയന്റലിസ്റ്റ് കലകളുടെ ശേഖരത്തിലെ 400ഓളം സൃഷ്ടികൾ പ്രദർശനത്തിലുൾപ്പെടുത്തും.
ഖത്തർ മ്യൂസിയം കലക്ഷൻസ്, ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്, മലേഷ്യയിലെ ഇസ്ലാമിക് ആർട്ട് മ്യൂസിയം തുടങ്ങിയ ലോകമെമ്പാടുമുള്ള പ്രമുഖ സ്ഥാപനങ്ങളിലെ സൃഷ്ടികളും ഇതിൽപെടും.
ബാബി ബദലോവ് (അസൈർബൈജാൻ), നാദിയ കാബി ലിങ്കെ (തുനീഷ്യ) എന്നിവരുൾപ്പെടെയുള്ള പ്രമുഖ കലാകാരന്മാരിൽനിന്ന് കമീഷൻ ചെയ്ത പുതിയ സൃഷ്ടികൾ 21ാം നൂറ്റാണ്ടിൽ ജെറോമിനെ പ്രദർശനത്തിൽ പുനർവ്യാഖാനം ചെയ്യും. 19ാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനും ഏറെ ആരാധകരുമുള്ള യൂറോപ്യൻ കലാകാരന്മാരിൽ ഒരാളാണ് ജെറോം. പൗരാണിക ഗ്രീസിന്റെയും റോമിന്റെയും ലോകങ്ങളെ ജീവസുറ്റതാക്കിയ ചിത്രകാരനായാണ് കണക്കാക്കുന്നത്.
വടക്കേ ആഫ്രിക്കയിലെയും മിഡിലീസ്റ്റിലെയും ആധുനിക സംസ്കാരങ്ങളുടെയും ജനങ്ങളുടെയും ചരിത്രകാരൻ എന്ന നിലയിലാണ് ജെറോം കൂടുതലറിയപ്പെടുന്നത്. 1855നും 1880നും ഇടയിൽ ഈജിപ്തിലേക്കും തുർക്കിയയിലേക്കും ആവർത്തിച്ച് യാത്ര ചെയ്ത ഇദ്ദേഹം, ഓറിയന്റലിസത്തിലെ ചിത്രകലക്ക് മികച്ച സംഭാവന നൽകി. ലുസൈൽ മ്യൂസിയത്തിലെ ഗസ്റ്റ് ക്യൂറേറ്ററായ എമിലി വീക്സ് ആണ് പ്രദർശനം ക്യുറേറ്റ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.