ദോഹ: ഒക്ടോബറിൽ തുടക്കം കുറിക്കാനിരിക്കുന്ന ദോഹ ഹോർട്ടികൾചറൽ എക്സ്പോയുമായി കൈകോർത്ത് ഖത്തർ മ്യൂസിയംസ്. എക്സ്പോയുടെ ഭാഗമായി കലാ, സാംസ്കാരിക പരിപാടികളുടെയും അന്താരാഷ്ട്ര തലത്തിലെ കലാകാരന്മാരുടെ പ്രകടനങ്ങൾക്കുമെല്ലാം ഖത്തർ മ്യൂസിയംസ് ദോഹ എക്സ്പോയുമായി ചേർന്ന് ആതിഥ്യം വഹിക്കും.
പങ്കാളിത്തം സംബന്ധിച്ച കരാറിൽ ഖത്തർ മ്യൂസിയംസ് ആക്ടിങ് സി.ഇ.ഒ മുഹമ്മദ് സഅദ് അൽ റുമൈഹിയും ദോഹ എക്സ്പോ സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഖൗറിയും ഒപ്പുവെച്ചു. ആറു മാസം നീണ്ടുനിൽക്കുന്ന എക്സ്പോയിലെത്തുന്ന 30 ലക്ഷത്തോളം വരുന്ന സന്ദർശകർക്ക് മുമ്പാകെ സാംസ്കാരിക സംവാദത്തിന് ഖത്തർ മ്യൂസിയവുമായുള്ള പങ്കാളിത്തത്തിലൂടെ വഴിയൊരുക്കുകയാണ് സംഘാടകരുടെ ലക്ഷ്യം.
ഒപ്പം, ദൈനംദിന ജീവിതത്തിൽ സുസ്ഥിര ശൈലികൾ പിന്തുടരുന്നതിന്റെ പ്രാധാന്യം വിവിധ കലാ, സാംസ്കാരിക പരിപാടികളിലൂടെയും പ്രദർശനത്തിലൂടെയും സന്ദർശകരിലേക്ക് പകരാനും കഴിയും. ലോകമെമ്പാടുമുള്ള കലാസ്നേഹികൾ, ചരിത്ര ആസ്വാദകർ, പരിസ്ഥിതി സ്നേഹികൾ എന്നിവരുടെ സാംസ്കാരിക കേന്ദ്രമെന്ന നിലയിലും ഖത്തർ മ്യൂസിയംസിന്റെ പങ്കാളിത്തം പ്രധാനമായി മാറും.
എക്സ്പോ 2023 ദോഹയും ഖത്തർ മ്യൂസിയങ്ങളും തമ്മിലുള്ള സഹകരണം സാംസ്കാരിക വിനിമയത്തിലെ സുപ്രധാനമായ അടയാളപ്പെടുത്തലായി മാറുമെന്ന് അൽ ഖൗറി പറഞ്ഞു. ദോഹ എക്സ്പോ പ്രാദേശികവും അന്തർദേശീയവുമായ സാംസ്കാരിക ഭൂപ്രകൃതിയിൽ ഗുണപരമായ സ്വാധീനം ചെലുത്തുമെന്ന് ഖത്തർ മ്യൂസിയംസ് ആക്ടിങ് സി.ഇ.ഒ മുഹമ്മദ് സഅദ് അൽ റുമൈഹി പറഞ്ഞു. നൂറ്റാണ്ടുകളുടെ ലോക ചരിത്രം സാക്ഷ്യപ്പെടുത്തുന്ന
ഖത്തറിലെ ഒരു പ്രമുഖ സാംസ്കാരിക സ്ഥാപനമെന്ന നിലയിൽ ദോഹ എക്സ്പോയുമായി കൈകോർക്കുന്ന നിമിഷം അഭിമാനകരമാണ്. പ്രകൃതിയെയും പരിസ്ഥിതിയെയും ലോകത്തിനുമുന്നിൽ പ്രദർശിപ്പിക്കുന്ന വേദിയിൽ കൂടുതൽ സുസ്ഥിരവും ആധുനികവുമായ സാംസ്കാരിക വികസനം കൈവരിക്കാൻ പിന്തുണക്കുകയെന്നതാണ് ഖത്തർ മ്യൂസിയംസ് കാഴ്ചപ്പാട് -അദ്ദേഹം വിശദീകരിച്ചു.
ഒക്ടോബർ രണ്ടിനാണ് ആറു മാസം നീണ്ടുനിൽക്കുന്ന എക്സ്പോക്ക് തുടക്കം കുറിക്കുന്നത്. 88 രാജ്യങ്ങളിൽ നിന്നുള്ള പവലിയനുകൾ അൽ ബിദ പാർക്കിലെ എക്സ്പോ വേദിയെ വർണാഭമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.