ദോഹ: അഫ്ഗാനിസ്താന് നൽകിവരുന്ന മാനുഷിക സഹായവും പിന്തുണയും തുടരുമെന്ന് ഖത്തർ. അഫ്ഗാൻ വിഷയത്തിൽ ഇസ്ലാമാബാദിൽ നടന്ന ഒ.ഐ.സി (ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപറേഷൻ) വിദേശകാര്യ മന്ത്രിതല സമിതിയുടെ 17ാമത് അസാധാരണ സെഷനിലാണ് ഖത്തർ ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യ വിളിച്ചുചേർത്ത വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ വിദേശകാര്യ സഹമന്ത്രി സുൽതാൻ ബിൻ സഅദ് അൽ മുറൈഖിയുടെ അധ്യക്ഷതയിലുള്ള സംഘം ഖത്തറിനെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തു.
അഫ്ഗാനിസ്താെൻറ വികസനം, സുരക്ഷ, സ്ഥിരത എന്നിവ ഉറപ്പുവരുത്തുന്നതിന് ഖത്തർ പ്രതിജ്ഞാബദ്ധമാണ്. താലിബാനും അമേരിക്കയും തമ്മിൽ നേരിട്ടുള്ള സന്ധിസംഭാഷണത്തിന് ദോഹ ആതിഥ്യം വഹിച്ചത് മുതൽ അഫ്ഗാനിസ്താെൻറ വികസനവും വളർച്ചയും സുരക്ഷയും മുൻനിർത്തി ഖത്തർ വലിയ ശ്രമങ്ങളാണ് നടത്തിവരുന്നതെന്നും സുൽത്താൻ സഅദ് അൽ മുറൈഖി യോഗത്തിന് മുന്നോടിയായുള്ള പ്രസംഗത്തിൽ പറഞ്ഞു.
അഫ്ഗാൻ ജനതക്കായുള്ള മാനുഷിക സഹായം നൽകുന്നത് ഖത്തർ തുടരും. എല്ലാവർക്കും ഭക്ഷണവും മെഡിക്കൽ സഹായവും ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളും തുടരും. ഖത്തർ സ്ഥാപിച്ച എയർലിഫ്റ്റ് വഴി നിരവധി പേർക്ക് അഫ്ഗാനിസ്താനിൽനിന്ന് പുറത്തുകടക്കാനായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒ.ഐ.സി രാജ്യങ്ങളും അന്താരാഷ്ട്ര സമൂഹവും അഫ്ഗാൻ ജനതയുടെ കാര്യത്തിൽ ഉത്തരവാദിത്തമുള്ളവരാണ്. ശൈത്യകാലം ആരംഭിച്ചിരിക്കെ അഫ്ഗാൻ ജനതക്കായുള്ള മാനുഷിക, ദുരിതാശ്വാസ സഹായം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
അഫ്ഗാനിസ്താനിൽ സ്ഥിരതയും സമാധാനവും സ്ഥാപിക്കുന്നതിലും ഭീകരവാദത്തെ തുടച്ചുനീക്കുന്നതിലും മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും അന്താരാഷ്ട്ര സംഘടനകളുടെയും ലോക രാജ്യങ്ങളുടെയും ഉത്തരവാദിത്തം വലുതാണ്. ഈ ലക്ഷ്യങ്ങൾ മുൻനിർത്തി അഫ്ഗാനുമായുള്ള ആശയവിനിമയം തുടരണമെന്ന് ഖത്തർ ആവശ്യപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഫലസ്തീൻ വിഷയത്തിൽ ഖത്തറിെൻറ നിലപാടിൽനിന്നും പിന്നോട്ടില്ലെന്നും മിഡിലീസ്റ്റിൽ സമാധാനം സ്ഥാപിക്കുന്നതിലും ഫലസ്തീൻ പ്രതിസന്ധി പരിഹരിക്കുന്നതിലും ഖത്തർ ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഫലസ്തീൻ വിഷയത്തിൽ പരിഹാരം കണ്ടെത്തുന്നതിനായുള്ള ഏതു ശ്രമങ്ങളിലും അന്താരാഷ്ട്ര നിയമങ്ങൾ, യു.എൻ പ്രമേയങ്ങൾ, വിവിധ സമയങ്ങളിലായി ഒപ്പുവെച്ച കരാറുകൾ, അറബ് സമാധാന സംരംഭം എന്നിവയെല്ലാം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്താനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിലും സ്ഥിരത ഉറപ്പുവരുത്തുന്നതിലും ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ ശബ്ദമായ ഒ.ഐ.സി സുപ്രധാന പങ്കുവഹിക്കാനാകുമെന്നാണ് ഖത്തർ പ്രതീക്ഷിക്കുന്നത്. സൗദി അറേബ്യ വിളിച്ചുചേർത്ത യോഗത്തിലേക്ക് ക്ഷണിച്ചതിന് പാക് വിദേശകാര്യ മന്ത്രി മഖ്ദൂം ഷാഹ് മഹ്മൂദ് ഖുറേഷിക്ക് നന്ദി അറിയിക്കുന്നതായും അൽ മുറൈഖി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.