ദോഹ: 30 രാജ്യങ്ങളിലെ അർഹരായ 1.6 മില്യൺ പേർക്ക് സഹായമെത്തിക്കാൻ ഖത്തർ ചാരിറ്റിയുടെ ഉദ്ഹിയ്യത്ത് കാമ്പയിൻ. ഈ വർഷത്തെ ബലി പെരുന്നാളിനോടനുബന്ധിച്ചുള്ള ഉദ്ഹിയ്യത്ത് കാമ്പയിന് തുടക്കംകുറിച്ചതായി ഖത്തർ ചാരിറ്റി അറിയിച്ചു. ഖത്തറിന് പുറമെ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളിലെ 30 രാജ്യങ്ങളിൽ നിന്നായി 1.6 ദശലക്ഷം പേർ പദ്ധതിയുടെ ഗുണഭോക്താക്കളാകും. ഖത്തറിൽ നിന്നുള്ള ഉദാരമതികളുടെ സഹായത്തോടെ 20 ദശലക്ഷം റിയാൽ ചെലവിൽ കാമ്പയിെൻറ ഭാഗമായി 42,286 ഉരുക്കളെയാണ് ബലിയറുക്കുക. ദരിദ്രർക്കും അഗതികൾക്കും കുടിയൊഴിപ്പിക്കപ്പെട്ടവർക്കും അഭയാർഥികൾക്കും പുറമേ ഇത്തവണ കോവിഡ് –19 പ്രതിസന്ധിയിലകപ്പെട്ടവരും ഉദ്ഹിയ്യ കാമ്പയിനിെൻറ ഗുണഭോക്താക്കളാകുമെന്ന് ഖത്തർ ചാരിറ്റി അറിയിച്ചു.
മൂന്ന് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള ആയിരങ്ങൾക്ക് ഖത്തർ ചാരിറ്റി ഉദ്ഹിയ്യ കാമ്പയിൻ വലിയ ആശ്വാസമാകും. കോവിഡ്–19 കാരണം കടുത്ത പ്രതിസന്ധിയിലകപ്പെട്ടവരും ആഭ്യന്തര–വൈദേശിക ഇടപെടലുകളാൽ കുടിയൊഴിക്കപ്പെട്ടവരും അഭയാർഥികളും കാമ്പയിെൻറ ഭാഗമാകുമെന്നും ഖത്തർ ചാരിറ്റി കമ്യൂണിക്കേഷൻ –റിസോഴ്സ് ഡെവലപ്മെൻറ് സി.ഇ.ഒ മുഹമ്മദ് റാഷിദ് അൽ കഅ്ബി പറഞ്ഞു. കാമ്പയിന് ഖത്തറിലെ സ്വദേശികളിൽ നിന്നും താമസക്കാരിൽ നിന്നും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും ഖത്തർ ചാരിറ്റിയുടെ പദ്ധതികൾക്കെല്ലാം അവരുടെ സഹകരണം അതുല്യമായിരുന്നുവെന്നും അൽ കഅ്ബി കൂട്ടിച്ചേർത്തു. ഖത്തറിൽ മാത്രം 20 ലക്ഷം റിയാൽ ചെലവിൽ 4500 ബലിമൃഗങ്ങളെയാണ് വിതരണം ചെയ്യുക. 42,615 പേർ ഇതിൽ ഗുണഭോക്താക്കളാകും. ഖത്തർ ചാരിറ്റിക്ക് കീഴിലെ അനാഥ കുടുംബങ്ങൾ, കുറഞ്ഞ വരുമാനക്കാർ, തൊഴിലാളികൾ, കോവിഡ് –19 ബാധിതർ എല്ലാവരും പദ്ധതിക്ക് കീഴിൽ വരും.
അതോടൊപ്പം 450 അനാഥകൾക്ക് ഈദ് സമ്മാനങ്ങളും 450 മുതിർന്നവർക്ക് ഈദ് പുതുവസ്ത്രങ്ങളും വിതരണം ചെയ്യുമെന്നും ഖത്തർ ചാരിറ്റി വ്യക്തമാക്കി. ഖത്തറിന് പുറമേ, അൽബേനിയ, ഇത്യോപ്യ, ബോസ്നിയ– ഹെർസോഗോവിന, സെനഗൽ, ഫിലിപ്പീൻസ്, ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ഗാംബിയ, യമൻ, ഘാന, ഫലസ്തീൻ, കൊസോവോ, ലബനാൻ, നേപ്പാൾ, ഐവറികോസ്റ്റ്, ഇന്തോനേഷ്യ, നൈജീരിയ, സുഡാൻ, കെനിയ, കിർഗിസ്താൻ, മാലി, ഛാഡ്, ജോർഡൻ, ബെനിൻ, ബുർകിനഫാസോ, തുർക്കി, ടോഗോ, തുനീഷ്യ എന്നീ രാജ്യങ്ങളിലും ഖത്തർ ചാരിറ്റി ഉദ്ഹിയ്യ കാമ്പയിൻ നടക്കും. കാമ്പയിന് സാമ്പത്തിക പിന്തുണ നൽകാൻ എല്ലാവരും മുന്നോട്ടുവരണമെന്നും ബലിപെരുന്നാളിെൻറ നാലാം ദിനം വരെ സംഭാവനകൾ സ്വീകരിക്കുമെന്നും ഖത്തർ ചാരിറ്റി അറിയിച്ചു. ഖത്തർ ചാരിറ്റിയുടെ വെബ്സൈറ്റ് മുഖേനയോ ഫോൺ വഴിയോ ഖത്തർ ചാരിറ്റി ബ്രാഞ്ചുകൾ വഴിയോ സംഭാവനകൾ നൽകാമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.