ദോഹ: ഗൾഫ് മേഖലയിൽ ആദ്യമായി അരങ്ങേറിയ ഖത്തർ ടോയ് ഫെസ്റ്റിലേക്ക് 25 ദിനംകൊണ്ട് ഒഴുകിയെത്തിയ റെക്കോഡ് ജനക്കൂട്ടം. ശനിയാഴ്ചയോടെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ സമാപിച്ച പ്രഥമ ടോയ് ഫെസ്റ്റിൽ 75,000പേരാണ് സന്ദർശകരായെത്തിയതെന്ന് സംഘാടകർ വെളിപ്പെടുത്തി.
അവസാന ദിനത്തിൽ ഖത്തർ ടൂറിസം പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ കേക്ക് മുറിച്ചുകൊണ്ടായിരുന്നു ആഘോഷങ്ങൾക്ക് സമാപനമായത്.
ഖത്തറിന്റെ വിനോദസഞ്ചാര മേഖലയിൽ പുതിയ നാഴികക്കല്ല് കുറിച്ചാണ് ടോയ് ഫെസ്റ്റ് എന്ന ആശയത്തിന്റെ ഗംഭീര കൊടിയിറക്കം. അന്താരാഷ്ട്ര പ്രമുഖ കളിപ്പാട്ട നിർമാതാക്കളുടെയും കാർട്ടൂൺ കഥാപാത്രങ്ങളുടെയും സാന്നിധ്യം ഖത്തറിലെ സ്വദേശികളും താമസക്കാരുമായ കുടുംബങ്ങൾക്ക് അപൂർവ അനുഭവമായി.
ജൂലൈ 13ന് ആരംഭിച്ച് ആദ്യ ദിനം മുതൽ വൻ സ്വീകാര്യത നേടിയ ഫെസ്റ്റിലേക്ക് ഓരോ ദിവസവും ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ബാർനി, ബാർബി, ആൻഗ്രി ബേർഡ്സ്, സോണിക്, ട്രാൻസ്ഫോർമേഴ്സ് തുടങ്ങിയ 25ഓളം ബ്രാൻഡുകളാണ് മേളയിൽ പങ്കെടുത്തത്. കുട്ടികളുമായെത്തുന്ന കുടുംബങ്ങൾക്ക് പൂർണസമയം കളിക്കാനും ആസ്വദിക്കാനുമെല്ലാം അവസരങ്ങൾ തീർത്തായിരുന്നു 25 ദിവസത്തെ മേള ക്രമീകരിച്ചത്.
പ്രദർശനങ്ങൾക്കൊപ്പം റേസിങ്, സൈക്ലിങ്, ബാർബി ആയി അണിഞ്ഞൊരുങ്ങൽ മുതൽ കുട്ടികൾക്ക് ചിത്രരചനയും പെയിന്റിങ്ങും പാട്ടുപാടലും സർഫിങ്ങുമെല്ലാമായി വലിയൊരു കളിയുടെ ലോകം തന്നെ തീർക്കാൻ ടോയ് ഫെസ്റ്റിവലിന് കഴിഞ്ഞു.
അടുത്തവർഷം വീണ്ടും മേള സംഘടിപ്പിക്കാനുള്ള അനുഭവവും സന്ദർശകരിൽനിന്നുള്ള പിന്തുണയും സമ്മാനിച്ചാണ് മേള അവസാനിക്കുന്നതെന്ന് ഖത്തർ ടൂറിസം ഷെയേർഡ് സർവീസസ് ഡയറക്ടർ ഉമർ അബ്ദുൽറഹ്മാൻ അൽ ജാബിർ പറഞ്ഞു. 1000ത്തോളം ഫീഡ് ബാക്കുകൾ സന്ദർശകരിൽനിന്ന് ലഭിച്ചതായും അദ്ദേഹം സമാപനച്ചടങ്ങിൽ മാധ്യമങ്ങളോട് പറഞ്ഞു.
അടുത്ത വർഷം കൂടുതൽ കളിയിടങ്ങളും ബ്രാൻഡുകളുമായി മേളയുടെ രണ്ടാം പതിപ്പ് എത്തുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ രക്ഷിതാക്കളും കുടുംബങ്ങളും മേള സന്ദർശിച്ചശേഷം മടങ്ങുന്നത് വലിയ സന്തോഷവും സംതൃപ്തിയും പങ്കുവെച്ചാണെന്നും ഖത്തർ ടൂറിസത്തിന്റെ പുതുമയേറിയ ആശയം എല്ലാവരും ഇരുകൈയും നീട്ടി സ്വീകരിച്ചതായും വിശദീകരിച്ചു.
ഖത്തർ ടൂറിസത്തിന്റെ ഫീൽ സമ്മർ ഇൻ ഖത്തർ കാമ്പയിനിന്റെ ഭാഗമായി സ്പേസ്ടൂൺ ടി.വിയുമായി സഹകരിച്ചായിരുന്നു ഗൾഫ്, മിഡിലീസ്റ്റ് മേഖലയിലെ ഏറ്റവും വലിയ ടോയ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത് കുട്ടികൾക്കും കുടുംബങ്ങൾക്കും സന്ദർശിക്കാൻ മികച്ച കേന്ദ്രമാക്കി മാറ്റിയാണ് ഫെസ്റ്റ് ഒരുക്കിയത്.
ഓരോ ദിവസവും ശരാശരി 3000 എന്ന നിലയിൽ സന്ദർശകർ എത്തിയെന്നാണ് കണക്ക്. വ്യാഴം, വെള്ളി, ശനി തുടങ്ങിയ വാരാന്ത്യങ്ങളിൽ തിരക്ക് ഇരട്ടിയോളം വർധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.