ദോഹ: ഖത്തറിൻെറ ഭക്ഷ്യസുരക്ഷ ഭദ്രമാണെന്ന് വ്യക്തമാക്കി മുനിസിപ്പാലിറ്റി പരിസ്ഥിതിമന്ത്രാലയം സംഘടിപ്പിച്ച ദേശീയ സംവാദം സമാപിച്ചു. അടുത്ത മാസം നടക്കാനിരിക്കുന്ന ഐക്യരാഷ്ട്രസഭ ഫുഡ് സിസ്റ്റം ഉച്ചകോടിയുടെ മുന്നോടിയായാണ് രണ്ട് ദിവസം നീണ്ടുനിന്ന സംവാദം സംഘടിപ്പിച്ചത്. ഭക്ഷ്യ സുരക്ഷ, അവശ്യ ഭക്ഷ്യവസ്തുക്കളുടെ സംഭരണം, വേനലിലുൾപ്പെടെയുള്ള പ്രാദേശിക ഉൽപാദനം, വിലവർധന തുടങ്ങി നിരവധി വിഷയങ്ങൾ സംവാദത്തിൽ ചർച്ച ചെയ്തതായി മുനിസിപ്പാലിറ്റി പരിസ്ഥിതിമന്ത്രാലയം കാർഷിക, മത്സ്യബന്ധന വിഭാഗം അസി. അണ്ടർ സെക്രട്ടറി ഡോ. ഫാലിഹ് ബിൻ നാസർ ആൽഥാനി പറഞ്ഞു.
കാർഷിക വിളവെടുപ്പിെൻറ മുമ്പും ശേഷവും ഭക്ഷ്യവസ്തുക്കൾ പാഴായിപ്പോകുന്നതും പ്രത്യേകം ചർച്ച ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ടും ഭക്ഷ്യസുരക്ഷ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും രാജ്യത്ത് മതിയായ ഭക്ഷ്യസംഭരണം ഉറപ്പുവരുത്തുന്നതിനുമായി ബന്ധപ്പെട്ട പുതിയ ആശയങ്ങളും നിർദേശങ്ങളും സംവാദത്തിൽ മുന്നോട്ടുവെച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം വിഷയങ്ങളിൽ ഇതാദ്യമായാണ് ഇതുപോലെയുള്ള സംവാദം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
്അതേസമയം, പരിസ്ഥിതിസൗഹൃദ ഭക്ഷ്യ ഉൽപാദനവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കാണ് സംവാദത്തിെൻറ രണ്ടാം സെഷനിൽ മുഖ്യമായും ഊന്നൽ നൽകിയതെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം മേധാവി മസ്ഈദ് ജാറല്ലാഹ് അൽ മർരി പറഞ്ഞു. എല്ലാവിഭാഗങ്ങൾക്കും ന്യായമായ വിതരണത്തിലൂടെയുള്ള ഭക്ഷ്യവിതരണ ശൃംഖല സ്ഥാപിക്കുക, ഭക്ഷ്യവിതരണ ശൃംഖലയിൽ നഷ്ടങ്ങൾ കുറച്ച് ലാഭം വർധിപ്പിക്കുക തുടങ്ങിയവയും സംവാദത്തിൽ പ്രധാന വിഷയമായി കൈകാര്യം ചെയ്തുവെന്നും അൽ മർരി വ്യക്തമാക്കി.
കൂടുതൽ സുസ്ഥിരമായ ഭക്ഷ്യസംവിധാനത്തിന് ഖത്തർ രൂപംനൽകുമെന്ന് നഗരസഭ പരിസ്ഥിതിവകുപ്പ് മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈഈ നേരത്തെ വ്യക്തമാക്കിയിരുന്നു.
ദേശീയ ഭക്ഷ്യസുരക്ഷ അനലിറ്റിക്സ് സംവിധാനത്തിന് ഖത്തർ നേരത്തെ രൂപംനൽകിയിട്ടുണ്ടെന്നും ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് സമഗ്രമായ വിവരങ്ങൾ ശേഖരിക്കാൻ ഇത് ഏറെ സഹായകമാകുമെന്നും ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് വിവരാധിഷ്ഠിതവും സത്യസന്ധവുമായ നയങ്ങൾ രൂപപ്പെടുത്തുന്നതിൽ ഇത് നിർണായകമാകുമെന്നും കൂടുതൽ സുസ്ഥിരവും മികവുറ്റതുമായ ഭക്ഷ്യസംവിധാനത്തിന് രൂപംനൽകാൻ ഖത്തർ തയാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.