ദോഹ: അറേബ്യൻ പെനിൻസുലയിൽ രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിച്ചതിനെ തുടർന്ന് ഖത്തറിൽ പരക്കെ ശക്തമായ മഴ. വ്യാഴാഴ്ച മുതൽ മൂന്നു ദിവസം രാജ്യത്ത് കനത്ത മഴ ലഭിക്കുമെന്ന കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനങ്ങൾക്കൊത്ത് വെള്ളിയാഴ്ച പുലർച്ച മുതൽ മിക്ക സ്ഥലങ്ങളിലും മഴ പെയ്തു. വെള്ളിയാഴ്ച പകൽ ഖത്തറിലുടനീളം ശക്തമായ മഴയാണ് ലഭിച്ചത്. മിക്കയിടത്തും ഇടിമിന്നലോടുകൂടിയ മഴപെയ്തു.
വെള്ളിയാഴ്ച പുലർച്ചെ തരക്കേടില്ലാത്ത രീതിയിൽ പെയ്തുതുടങ്ങിയ മഴ മിക്കയിടത്തും പതിയെ ശക്തമാവുകയായിരുന്നു. ഒറ്റപ്പെട്ട രീതിയിൽ തുടങ്ങിയശേഷം ഖത്തറിൽ എല്ലായിടത്തുമെന്ന രീതിയിൽ മഴ പെയ്യാൻ തുടങ്ങി.
ദോഹ, അബൂഹമൂർ, അൽ സദ്ദ്, ലുസൈൽ, വക്റ, മെസഈദ്, റസ്ലഫാൻ, അൽഖോർ, തുമാമ, ദുഖാൻ, റയ്യാൻ തുടങ്ങി മിക്ക സ്ഥലങ്ങളിലും മഴ ശക്തമായി. പകലിൽ ഭൂരിഭാഗം സമയത്തും മേഘാവൃതമായ ആകാശമായിരുന്നു മിക്കയിടത്തും. ശനി, ഞായർ ദിവസങ്ങളിൽ ഒറ്റപ്പെട്ട തോതിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
വെള്ളിയാഴ്ച മഴക്കൊപ്പം വടക്കുപടിഞ്ഞാറുനിന്ന് കാറ്റും ശക്തമായി. ഇടിയോടുകൂടിയ കനത്ത മഴക്കൊപ്പം പൊടുന്നനെ ശക്തമായ കാറ്റുവീശാൻ ഇടയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു. 15-17 ഡിഗ്രി സെൽഷ്യസിനിടയിലാണ് കുറഞ്ഞ താപനില. വടക്കുപടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനം കാരണം പല മേഖലകളിലും താപനില ഇതിലും കുറഞ്ഞിരുന്നു. പരമാവധി താപനില 19 മുതൽ 22 ഡിഗ്രി സെൽഷ്യസ്വരെയാണ്. മന്ത്രാലയ വകുപ്പുകളുടെ സഹകരണത്തോടെ മുനിസിപ്പാലിറ്റികളിലെ മഴക്കെടുതി ടീമുകൾ വെള്ളക്കെട്ട് നീക്കാൻ ആവശ്യമായ സംവിധാനങ്ങളുമായി രംഗത്തുണ്ട്. പൊതുമരാമത്ത് അതോറിറ്റിയുടെ 188 എന്ന നമ്പറിന് പുറമെ, 184 വഴിയും കാളുകൾ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.