ദോഹ: ലോകോത്തര ക്ലബുകളായ ബാഴ്സലോണയും റയൽ മഡ്രിഡും തങ്ങളുടെ ഇതിഹാസ താരങ്ങളുമായി ദോഹയിലെത്തുന്നു. പഴയകാലങ്ങളിൽ മിന്നുന്ന നീക്കങ്ങളുമായി മൈതാനത്തെ ത്രസിപ്പിച്ച സൂപ്പർതാരങ്ങൾ നവംബർ 28ന് ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിലെ പുൽമൈതാനങ്ങളിൽ ‘ലെജൻഡ്സ് എൽ ക്ലാസികോ’യിൽ പന്തുതട്ടും. വിസിറ്റ് ഖത്തറും ആസ്പയർ സോണും ചേർന്നാണ് മത്സരത്തിന് ആതിഥ്യമൊരുക്കുന്നത്.
രാത്രി ഏഴിനാണ് മത്സരത്തിന് കിക്കോഫ് വിസിൽ മുഴങ്ങുന്നത്. മാച്ച് ടിക്കറ്റിന്റെ വിൽപന ഒക്ടോബർ 10ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. നൂറ്റാണ്ടിലേറെ പഴക്കമുള്ള ഇരു ക്ലബുകളുടെയും വൈര്യവും പോരാട്ട വീര്യവും ചരിത്രവും ഖത്തറിന്റെ മണ്ണിലൂടെ ഒരിക്കൽകൂടി ആഘോഷമാക്കുകയാണ് ഈ മത്സരത്തിലൂടെയെന്ന് ആസ്പയർ സോണിൽ നടന്ന ചടങ്ങിൽ സംഘാടകർ അറിയിച്ചു.
മാച്ച് സംഘാടനം സംബന്ധിച്ച് വിസിറ്റ് ഖത്തർ വിവിധ പങ്കാളികളുമായി ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഇരു ടീമുകളിലുമായി ആരെല്ലാം വീണ്ടും ബൂട്ടുകെട്ടാനെത്തുമെന്നത് പിന്നീട് പ്രഖ്യാപിക്കും. 124 വർഷത്തെ ചരിത്രമുള്ള ബാഴ്സലോണ 27 തവണ സ്പാനിഷ് ലാ ലിഗയും അഞ്ചുതവണ യുവേഫ ചാമ്പ്യൻസ് ലീഗും ജയിച്ചവരാണ്.
122 വർഷത്തെ ചരിത്രമുള്ള റയൽമഡ്രിഡ് 36 തവണ ലാ ലിഗയും 15 തവണ യവേഫ ചാമ്പ്യൻസ് ലീഗിലും കിരീടമണിഞ്ഞു. ഒരുപിടി ഇതിഹാസ താരങ്ങൾ പല കാലങ്ങളിലായി പന്തുതട്ടിയ ഇരു ടീമുകളും പരസ്പര വൈര്യത്തിലും പ്രശസ്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.