ദോഹ: ഏറ്റവും അടിയന്തര സാഹചര്യത്തിൽ സഹായത്തിനായി വിളിക്കേണ്ട നമ്പറാണ് 999. ഗുരുതര പരിക്കുള്ള അപകടം, തീപ്പിടിത്തം, വെള്ളത്തിൽ മുങ്ങിപ്പോവുക, അടച്ചിട്ട മുറിക്കുള്ളിൽ കുട്ടികൾ കുടുങ്ങുക തുടങ്ങിയ സാഹചര്യങ്ങളിൽ ജീവൻരക്ഷാ സഹായത്തിനായി നാഷനൽ കമാൻഡ് സെൻററിനെ അറിയിക്കേണ്ട നമ്പറുകൾ. എന്നാൽ, ഈ നമ്പറിലേക്ക് വരുന്നതിൽ 80-85 ശതമാനം വിളികളും അനാവശ്യമോ, അപ്രധാനമായതോ ആണെന്ന് നാഷനൽ കമാൻഡ് സെൻറർ സെക്കൻഡ് ലെഫ്റ്റനൻറ് അഹമ്മദ് അൽ മുതാവ അറിയിച്ചു. ജീവൻരക്ഷാ സഹായ ആവശ്യമുള്ള സന്ദർഭങ്ങളിൽ 999 നമ്പറിലേക്ക് വിളിക്കണമെന്നും, അടിയന്തര പ്രാധാന്യമില്ലാത്ത ആവശ്യങ്ങൾക്കായി വിളിക്കുന്നത് ഒഴിവാക്കണമെന്നും ഖത്തർ റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. നിസ്സാരമായ റോഡ് അപകടങ്ങൾക്കും, അന്വേഷണങ്ങൾക്കുമായി ഈ നമ്പറിലേക്ക് വിളിയെത്തുന്നുണ്ട്. ഇതൊഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
'അടിയന്തര സാഹചര്യത്തിൽ മാത്രം 999 ലേക്ക് വിളിക്കാൻ ശ്രമിക്കുക. ഗുരുതരമായ അപകടങ്ങൾ, തീപിടിത്തം, വെള്ളത്തിൽ മുങ്ങുന്ന കേസുകൾ, കുട്ടികൾ അടച്ചിട്ട മുറിയിൽ കുടുങ്ങുന്ന സന്ദർഭം, അടിയന്തര ഇടപെടൽ വേണ്ട സാഹചര്യങ്ങൾ എന്നീ സന്ദർഭങ്ങളിൽ മാത്രം എമർജൻസി കാൾ നമ്പർ ഉപയോഗിക്കുന്നത് ഫലപ്രദമാകും സെക്കൻഡ് ലെഫ്റ്റനൻറ് അഹമ്മദ് അൽ മുതാവ പറഞ്ഞു. സൈനിക, സിവിൽ കേഡർ വിഭാഗങ്ങളിൽ നിന്നുള്ള ജീവനക്കാർ കമാൻഡ് സെൻററിൽ പ്രവർത്തിക്കുന്നുണ്ട്. ഫ്രഞ്ച്, ഇംഗ്ലീഷ്, ചൈനീസ്, ഫിലിപ്പിനോ, പേർഷ്യൻ, പഷ്തൂ, തുർക്കിഷ് തുടങ്ങിയ ഭാഷകളിലും സേവനമുണ്ടാവും. ഫിഫ അറബ് കപ്പ് കാലയളവിൽ ലക്ഷക്കണക്കിന് യാത്രക്കാർ മെട്രോ സ്റ്റേഷനുകൾ വഴി സഞ്ചരിച്ചെങ്കിലും സുരക്ഷാ സംബന്ധമായ പരാതികളും റിപ്പോർട്ടുകളും വളരെ കുറഞ്ഞതായി മെട്രോ സ്റ്റേഷൻ സെക്യൂരിറ്റി വിഭാഗം തലവൻ ക്യാപ്റ്റൻ ഫാദിൽ മുബാറസ് അൽ കാതിർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.