സാമുവൽ എറ്റു ലോകകപ്പ് പ്രചാരണത്തിനിടെ 

ആഫ്രിക്കയിൽ ലോകകപ്പ് പ്രചാരണവുമായി സാമുവൽ എറ്റു

ദോഹ: ലോകകപ്പ് ആരവങ്ങൾക്കായി ഖത്തർ ഒരുങ്ങുമ്പോൾ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കളിയാവേശം പകരുന്ന തിരക്കിലാണ് കാമറൂണിന്‍റെ ഇതിഹാസതാരം സാമുവൽ എറ്റു. ഖത്തർ ലോകകപ്പിൽ പന്തുതട്ടുന്ന കാമറൂൺ, സെനഗാൾ, ഘാന എന്നീ രാജ്യങ്ങളിലാണ് ഖത്തർ ലോകകപ്പ് പ്രചാരണവുമായി എറ്റുവിന്‍റെ പര്യടനം.

മൂന്നു രാജ്യങ്ങളിലുമായി മുൻ ബാഴ്സലോണ, ഇൻറർമിലാൻ, ചെൽസി താരമായ എറ്റുവിന്‍റെ പര്യടനം ആരാധകരിലും വലിയ ആവേശമുയർത്തുന്നു. ഖത്തർ ലോകകപ്പിന് പിന്തുണയുമായി ആരാധകർ തയാറാക്കിയ ഗാനങ്ങളുടെയും നൃത്തങ്ങളുടെയും അകമ്പടിയോടെ സംഘടിപ്പിക്കുന്ന പരിപാടികളുമായാണ് എറ്റു കളിക്കാനൊരുങ്ങുന്ന രാജ്യങ്ങളിലെത്തുന്നത്.

കാമറൂണിൽ നൂറിലധികം യുവതാരങ്ങൾ പങ്കെടുത്ത പരിശീലന സെഷനിൽ എറ്റു പങ്കെടുത്തു. ഖത്തർ ലോകകപ്പിൽ പങ്കെടുക്കാനെത്തുന്ന ആരാധകരുടെ സംശയങ്ങൾക്കും അദ്ദേഹം വിശദീകരണം നൽകി. ഖത്തറിലെ താമസസൗകര്യങ്ങൾ, ഹയ്യ കാർഡ് നടപടികൾ, ഖത്തറിലെ പ്രധാന ആകർഷണങ്ങൾ തുടങ്ങിയവയെല്ലാം താരം പരിപാടികളിൽ വിശദീകരിച്ചു. ഖത്തർ സ്റ്റാർസ് ലീഗിൽ ഖത്തർ സ്പോർട്സ് ക്ലബ് താരമായിരുന്ന സാമുവൽ എറ്റുവിന് ഖത്തറുമായി നേരിട്ടുള്ള ബന്ധം ലോകകപ്പ് പ്രചാരണത്തിൽ അദ്ദേഹത്തിന് വലിയ ആവേശം നൽകി.

'ഫിഫ ലോകകപ്പ് ഫുട്ബാളിനെ ഏറെ അക്ഷമയോടെയും ആശ്ചര്യത്തോടെയുമാണ് കാത്തിരിക്കുന്നത്. ഖത്തറിലെത്തുന്ന കാണികളെ കാത്തിരിക്കുന്നത് ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങളാണ്. ലോകകപ്പ് ചരിത്രത്തിലെ വേറിട്ട ടൂർണമെൻറായിരിക്കും ഇത്തവണ. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന ആരാധകരെ നേരിൽ കാണാനും സംസ്കാരങ്ങളുടെ കൈമാറ്റത്തിനുമുള്ള സുവർണാവസരമാണ് ഖത്തർ ലോകകപ്പ്'-കാമറൂൺ പര്യടനത്തിനിടെ അദ്ദേഹം പറഞ്ഞു.

സെനഗാളിലായിരുന്നു പിന്നീട് ലോകകപ്പ് പ്രചാരണവുമായി എറ്റു എത്തിയത്. ഈയിടെ നടന്ന സി.എ.എഫ് ആഫ്രിക്ക നേഷൻസ് കപ്പ് ജേതാക്കളായത് രാജ്യത്ത് ലോകകപ്പ് ആവേശം വർധിപ്പിച്ചിട്ടുണ്ട്. അവിടെ മാധ്യമപ്രവർത്തകരുമായും ആരാധകരുമായും താരം കൂടിക്കാഴ്ച നടത്തി. 2022 ലോകകപ്പിൽ സെനഗാളിനെ ക്വാർട്ടറിലെത്തിച്ച താരങ്ങളും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. മുൻ ലിവർപൂൾ താരവും ബയേൺ മ്യൂണിക്കിന്‍റെ മുന്നേറ്റനിരക്കാരനുമായ സാദിയോ മാനെയെ പോലെയുള്ള താരങ്ങളെ വളർത്തിയെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച അക്കാദമിയ ജനറേഷൻ ഫൂട്ടും എറ്റു സന്ദർശിച്ചു. നിലവിലെ ആഫ്രിക്കൻ ഫുട്ബാളർകൂടിയായ മാനെ സെനഗാളിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരവുംകൂടിയാണ്.

ഘാനയുടെ ലോകകപ്പ് സാധ്യതകൾ സംബന്ധിച്ച ചോദ്യങ്ങളായിരുന്നു അവിടെ എറ്റുവിനെ കാത്തിരുന്നത്. ഖത്തർ ലോകകപ്പിനെയും ആഫ്രിക്കൻ സാന്നിധ്യത്തെയും ലോകകപ്പ് സാധ്യതകളും അദ്ദേഹം വിശദീകരിച്ചു. ലോകകപ്പ് പ്രചാരണാർഥം ഘാന ടി.വി, റേഡിയോയിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു. പ്രാദേശിക റസ്റ്റാറൻറിൽ ആരാധകർക്കൊപ്പം ഒരു ഫുട്ബാൾ മാച്ച് കാണാനും പര്യടനത്തിനിടെ സമയം കണ്ടെത്തി.

ഘാനയിലും സെനഗാളിലും സഹോദരങ്ങളുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചതിലും വിവിധ പരിപാടികളിൽ പങ്കെടുക്കാനായതും ഏറെ സന്തോഷം നൽകുന്നുവെന്നും ലോകകപ്പ് പോലെയുള്ള വൻ ടൂർണമെൻറുകളിൽ ഇരുരാജ്യങ്ങൾക്കും സമ്പന്നമായ ചരിത്രമാണെന്നും എറ്റു പറഞ്ഞു. ഖത്തറിൽ ഈ ആരാധകരുടെ സാന്നിധ്യം ശ്രദ്ധേയമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറബ് ലോകത്തും മിഡിലീസ്റ്റിലുമായി ആദ്യമെത്തുന്ന ലോകകപ്പിന്‍റെ പ്രചാരണാർഥമുള്ള എറ്റുവിന്റെ സാന്നിധ്യം ഏറെ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. 

Tags:    
News Summary - Samuel Ettu with the World Cup campaign in Africa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.