ദോഹ: രണ്ടു മാസത്തിലേറെ നീണ്ട വേനലവധിയും കഴിഞ്ഞ് പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ ഒരുങ്ങി ഖത്തറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. സെപ്റ്റംബർ ഒന്നിന് വിദ്യാർഥികളെ വരവേൽക്കാനായി രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളും സജ്ജമായതായി ഖത്തർ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സ്കൂൾ ആൻഡ് സ്റ്റുഡന്റ്സ് ഡയറക്ടർ മറിയം അൽ നിസ്ഫ് അൽ ബുഐനാൻ പറഞ്ഞു. ഏറ്റവും മികച്ച വിദ്യാഭ്യാസ സാഹചര്യവും, അധ്യാപകരും, പഠന രീതികളുമായാണ് പുതിയ അധ്യയന വർഷം ആരംഭിക്കുന്നതെന്നും ഖത്തർ ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അവർ അറിയിച്ചു.
1.31 ലക്ഷം വിദ്യാർഥികളാണ് രാജ്യത്തെ 215ഓളം സർക്കാർ സ്കൂളുകളിലായി സെപ്റ്റംബർ ഒന്നിന് വീണ്ടും പഠനത്തിരക്കിലേക്ക് തിരികെയെത്തുന്നത്. 60 പൊതു കിൻറർ ഗാർട്ടനുകൾ, 70 ഇന്റഗ്രേഷൻ സ്കൂൾ, ഏഴ് അൽ ഹിദായ സ്പെഷൽ സ്കൂൾ എന്നിവയിലും സെപ്റ്റംബർ ഏഴിന് ക്ലാസുകൾ ആരംഭിക്കും. ഇതിനു പുറമെ, വിവിധ രാജ്യങ്ങളുടെ സിലബസ് പിന്തുടരുന്ന 300ലേറെ സ്വകാര്യ സ്കൂളുകളിലും ഇതേ ദിവസം തന്നെയാണ് പ്രവൃത്തിദിനം ആരംഭിക്കുന്നത്.
സർക്കാർ സ്കൂളുകളിലെയും കിന്റർഗാർട്ടനുകളിലെയും വിദ്യാർഥി രജിസ്ട്രേഷൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ‘മആരിഫ് പോർട്ടൽ വഴി ആരംഭിച്ചു. രജിസ്ട്രേഷൻ നടപടികൾ ഓൺലൈൻവഴി പൂർത്തിയാക്കാൻ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് അൽ ബുഐനാൻ ആവശ്യപ്പെട്ടു. വിദ്യാർഥികൾക്ക് മികച്ച പഠനനിലവാരം ഉറപ്പാക്കാൻ മന്ത്രാലയം നേതൃത്വത്തിൽ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തതായും അറിയിച്ചു. ഏറ്റവും മികച്ച തലമുറയെ സൃഷ്ടിക്കാനാണ് വിദ്യാഭ്യാസ പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നത്.
മത്സരാധിഷ്ഠിതമാക്കാനും, വ്യക്തിത്വ വികസനം, സാമൂഹിക, സാംസ്കാരിക ബോധത്തോടെയുള്ള വളർച്ച ഉറപ്പാക്കാനും അക്കാദമിക് മികവ് നേടാനും ലക്ഷ്യമിടുന്നതാണ് ഓരോ പ്രവർത്തനവും. രക്ഷിതാക്കളും, വിദ്യാഭ്യാസ വിചക്ഷണരും അധ്യാപകരും ഉൾപ്പെടുന്ന പരസ്പര സൗഹൃദ വിദ്യാഭ്യാസ അന്തരീക്ഷം കെട്ടിപ്പടുക്കുകയാണെന്നും അവർ വിശദീകരിച്ചു. ആധുനിക കാലത്തെ പഠന രീതികൾക്കനുസരിച്ച പദ്ധതികൾ ഉൾപ്പെടുത്തിയാണ് കരിക്കുലം വികസിപ്പിച്ചതെന്നും വ്യക്തമാക്കി.
കിന്റർഗാർട്ടൻ കുട്ടികൾക്ക് വായനക്കായി കൂടുതൽ സമയം നീക്കിവെക്കുക, കളികൾക്കുള്ള സമയം നൽകുക എന്നിവ അതിൽ ഉൾപ്പെടുന്നു. പ്രൈമറി സ്കൂളുകളിൽ വിദ്യാർഥികളുടെ ഭാഷാപരവും സാങ്കേതികവുമായ കഴിവുകൾ വർധിപ്പിക്കുന്നതിന് ഊന്നൽ നൽകും. പ്രിപ്പറേറ്ററി സ്കൂളുകളിൽ അറബി വായിക്കാനും എഴുതാനുമുള്ള കഴിവുകൾ മെച്ചപ്പെടുത്തുന്നതിലും വിദ്യാർഥികളുടെ താൽപര്യങ്ങൾക്കനുസൃതമായ വിഷയങ്ങൾ അവതരിപ്പിക്കുന്നതിലും ശ്രദ്ധകേന്ദ്രീകരിക്കും.
പ്രിപ്പറേറ്ററി സ്കൂളുകളിൽ, വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ 1.30 വരെയാണ് ക്ലാസുകൾ. വ്യാഴാഴ്ച 12.40ന് അവസാനിക്കും. സെക്കൻഡറിയിൽ എല്ലാ ദിവസവും ഉച്ചക്ക് 1.30 വരെയാകും ക്ലാസുകൾ. വിദ്യാർഥികളെ പുതിയ അധ്യയന വർഷത്തിലേക്ക് സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി മുവാസലാത്തുമായി സഹകരിച്ച് ദോഹ ഫെസ്റ്റിവൽ സിറ്റിയിലും മുശൈരിബ് പ്രോപ്പർട്ടിയിലും ‘ബാക് ടു സ്കൂൾ’ കാമ്പയിൻ ആരംഭിച്ചതായും മറിയം അൽ ബുഐനാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.