ദോഹ: ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടും ശാരീരികാവശതകൾ സംഭവിച്ചും ദുരിതമനുഭവിക്കുന്ന കുരുന്നുകളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ച അസ്സലാം ഫസ്റ്റ് സ്കൂൾ സന്ദർശിച്ച് ഇ.എ.എ ചെയർപേഴ്സൻ ശൈഖ മൗസ ബിൻത് നാസർ.
പുതിയ അധ്യയന വർഷം ആരംഭിച്ചതിനു പിറകെയാണ് അറിവിന്റെ ലോകത്തേക്ക് തിരികെയെത്തിയ കുരുന്നുകളെ കാണാനും കുശാലാന്വേഷണങ്ങൾ നടത്താനുമായി ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൻ ശൈഖ മൗസ എത്തിയത്. യുദ്ധവും സംഘർഷങ്ങളും പട്ടിണിയും കാരണം വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർക്കായി പ്രവർത്തിക്കുന്ന എജുക്കേഷൻ എബൗ ഓൾ ഫൗണ്ടേഷനു കീഴിലാണ് ഫസ്റ്റ് അസ്സലാം സ്കൂൾ ദോഹയിൽ സ്ഥാപിച്ചത്.
ഗസ്സയിൽ തുടരുന്ന യുദ്ധത്തിനിടെ നിരാലംബരായ കുട്ടികളുടെ തുടർ പഠനത്തിനുവേണ്ടിയാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ഒക്ടോബർ ഏഴിന് ആരംഭിച്ച യുദ്ധം മൂലം എല്ലാം നഷ്ടമായി ദുരിതമനുഭവിക്കുന്ന ജനങ്ങളിൽനിന്നും ഖത്തറിൽ അഭയം തേടിയവരുടെ തലമുറകളാണ് ഇവിടെ പ്രവേശനം നേടിയവർ. മികച്ച പഠനവും, പരിശീലനവും ഒരുക്കിയാണ് അസ്സലാം സ്കൂൾ പ്രവർത്തിക്കുന്നത്.
സ്കൂളിലെ സൗകര്യങ്ങളും കുട്ടികളുടെ പഠനവും ക്ലാസുകളും ശൈഖ മൗസ സന്ദർശിച്ചു. ഇ.എ.എ അൽ ഫഖൂറ പ്രോഗ്രാമിന്റെ പ്രവർത്തനങ്ങൾ വിവരിക്കുന്ന പ്രദർശനവും അവർ സന്ദർശിച്ചു.
അൽ ഫഖൂറ എജുക്കേഷൻ പ്രോഗ്രാം വഴി പഠനവും പരിശീലനവും നേടി, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ വിജയകഥകളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു. എംബ്രോയ്ഡറി, പാചക മികവ് തുടങ്ങിയ ഹോം പ്രോജക്ടുകളും ഇതിന്റെ ഭാഗമായി സജ്ജീകരിച്ചു.
ബ്രസീൽ പ്രഥമ വനിത റോങ്കില ലുല ഡിസിൽവയും ശൈഖ മൗസക്കൊപ്പമുണ്ടായിരുന്നു. ആക്രമണങ്ങളിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തിന്റെ ഭാഗമായി തിങ്കളാഴ്ച ക്യു.എൻ.സി.സിയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനായാണ് ബ്രസീലിയൻ പ്രഥമ വനിത ദോഹയിലെത്തിയത്.
ഇരുവരും അസ്സലാം സ്കൂളിൽ കുട്ടികളുമായി സംവദിച്ചും പഠന പ്രവർത്തനങ്ങൾകണ്ടും സമയം ചെലവഴിച്ചു. കുട്ടികളുമായി ക്ഷേമാന്വേഷണങ്ങൾ നടത്തിയും അധ്യാപകരുമായി കൂടിക്കാഴ്ച നടത്തിയുമാണ് ശൈഖ മൗസ നീങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.