പേൾ ഖത്തറിൽ ആരംഭിച്ച പ്രവാചക ജീവചരിത്ര പ്രദർശനമായ സീറയിൽനിന്ന്
ദോഹ: ദി പേൾ ആൻഡ് ജിവാൻ ദ്വീപുകളുടെ മാസ്റ്റർ ഡെവലപ്പേഴ്സായ യു.ഡി.സിയും മസ്റഫ് അൽ റയ്യാനും സംയുക്തമായി സംഘടിപ്പിക്കുന്ന സീറ പ്രദർശനം പേൾ ഐലൻഡിലെ പോർട്ടോ അറേബ്യയിയിൽ തുടക്കംകുറിച്ചു.
ഒക്ടോബർ 31ന് ആരംഭിച്ച് ഡിസംബർ 31 വരെ രണ്ടുമാസം നീണ്ടുനിൽക്കുന്ന മതപരമായ പ്രദർശനത്തിന് പോർട്ടോ അറേബ്യയിലെ 31 ലാ ക്രോയിസെറ്റിലെ 75 മീറ്ററോളം ദൈർഘ്യത്തിലുള്ള മനോഹരമായ ബോർഡ്വാക്കാണ് വേദിയാകുന്നത്. എല്ലാ ദിവസവും വൈകുന്നേരം അഞ്ചുമുതൽ രാത്രി 10 വരെയാണ് പ്രദർശനസമയം.
പ്രവാചകനായ മുഹമ്മദ് നബിയുടെ ജീവിതത്തെ ആസ്പദമാക്കി ജനനംമുതൽ മരണംവരെയുള്ള പ്രധാന സംഭവങ്ങളാണ് പ്രദർശനത്തിന്റെ അകക്കാമ്പ്.
പ്രവാചകന്റെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളിലൂടെ സന്ദർശകരെ നയിക്കുന്ന പാതയായാണ് പ്രദർശന നഗരിയൊരുക്കിയിരിക്കുന്നത്. പ്രവാചക ചരിത്രത്തെ മികവോടെ സന്ദർശകർക്ക് പരിചയപ്പെടുത്തുന്നതോടൊപ്പം പ്രാർഥനാ സൗകര്യങ്ങൾ, സംവേദനാത്മക ശിൽപശാലകൾ, പരമ്പരാഗത രീതിയിലുള്ള ഭക്ഷണ ഔട്ട്ലെറ്റുകൾ, ദി പേൾ സുവനീർസിന്റെ സുവനീർ ബൂത്ത് എന്നിവയും സന്ദർശകർക്ക് മികച്ച അനുഭവം സമ്മാനിക്കും.
ഇസ്ലാമിക കലയെയും സംസ്കാരത്തെയും കുറിച്ചുള്ള ഉൾക്കാഴ്ചകൾ പ്രദാനം ചെയ്യുന്ന വിവിധ ശിൽപശാലകളും പ്രദർശനത്തിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. പ്രാർഥനാ മുത്തുകൾ (തസ്ബീഹ് മാല) നിർമിക്കുന്നതിനുള്ള സെഷൻ, ഇഷ്ടാനുസൃത ഖുർആൻ ബുക്ക്മാർക്കുകൾ രൂപകൽപന ചെയ്യുന്നതിനുള്ള സെഷൻ എന്നിവ ഇതിലുൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.