ദോഹ: രാജ്യത്തെ ഒന്നാം ഡിവിഷൻ ഫുട്ബാൾ ലീഗായ സ്റ്റാർസ് ലീഗിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ആഗസ്റ്റ് ഒമ്പതിന് അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ഉദ്ഘാടന മത്സരത്തിൽ അൽ റയ്യാൻ സലാലിനെ നേരിടും. ഇതേദിവസം അൽ ബൈത് സ്റ്റേഡിയത്തിൽ മറ്റൊരു മത്സരത്തിൽ അൽ ഖോർ അൽ ഗരാഫയുമായി ഏറ്റുമുട്ടും. ആഗസ്റ്റ് പത്തിന് ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ ഖത്തർ എസ്.സി അൽ ദുഹൈലിനെയും അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ അൽ ഷമാൽ നിലവിലെ ചാമ്പ്യന്മാരായ അൽ സദ്ദിനെയും എതിരിടും. 11ന് ജനൂബ് സ്റ്റേഡിയത്തിൽ വക്റ അൽ അഹ്ലിയുമായും തുമാമ സ്റ്റേഡിയത്തിൽ അൽ അറബി അൽ ഷഹാനിയയുമായും ഏറ്റുമുട്ടുന്നതോടെ ആദ്യ റൗണ്ട് സമാപിക്കും.
നേരത്തേ മുഴുവൻ ഷെഡ്യൂളും പുറത്തുവിട്ടിരുന്നുവെങ്കിലും വിവിധ ഏഷ്യൻ ടൂർണമെന്റുകളിലെ ഖത്തരി ക്ലബുകളുടെ പങ്കാളിത്തം കണക്കിലെടുത്ത് ഷെഡ്യൂൾ പുനഃക്രമീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. ബാക്കി റൗണ്ട് ഷെഡ്യൂൾ മൂന്നാഴ്ചക്കുശേഷം പ്രഖ്യാപിക്കും. ഖത്തറിൽനിന്ന് അൽ സദ്ദും അൽ റയ്യാനും എ.എഫ്.സി ചാമ്പ്യൻസ് ലീഗ് എലൈറ്റിൽ കളിക്കുന്നുണ്ട്. പ്ലേ ഓഫിലൂടെ ഇടംനേടാൻ അൽ ഗരാഫയും ശ്രമിക്കുന്നു. അൽ വക്റ ചാമ്പ്യൻസ് ലീഗ് രണ്ടിലും അൽ അറബി ഗൾഫ് ചാമ്പ്യൻസ് ലീഗിലും മത്സരിക്കും. എ.എഫ്.സി ഗ്രൂപ് നറുക്കെടുപ്പും ഷെഡ്യൂൾ പ്രഖ്യാപനവും നടത്തിയിട്ടില്ല.
കഴിഞ്ഞ സീസണിൽ അൽ സദ്ദിന് പിറകിൽ അൽ റയ്യാൻ രണ്ടാം സ്ഥാനവും അൽ ഗറാഫ മൂന്നാം സ്ഥാനവും സ്വന്തമാക്കി. അൽ വക്റ, അൽ അറബി, അൽ ദുഹൈൽ, ഖത്തർ എഫ്.സി, അൽ ഷമൽ, അൽ അഹ്ലി, അൽ മർഖിയ, മുഐതിർ എന്നിവയായിരുന്നു യഥാക്രമം അടുത്ത സ്ഥാനങ്ങളിൽ. 26 ഗോൾ നേടി അൽ സദ്ദിന്റെ അക്റം ആതിഫ് ടോപ് സ്കോററായി. ടീമുകൾ വിദേശത്ത് പരിശീലന ക്യാമ്പുകൾക്ക് ഈയാഴ്ച പോയിത്തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.