ദോഹ: റിഹാബിലിറ്റേഷൻ കേന്ദ്രങ്ങളിലെ കിടപ്പു രോഗികളിൽ കോവിഡ് വാക്സിൻ നൽകുന്നത് പൂർണ പ്രതിരോധശേഷി നേടുന്നതിന് പ്രയോജനം ചെയ്യുമെന്ന് ഖത്തരി പഠനം. രോഗികളുടെ പുനരധിവാസം പൂർത്തിയാകുന്നതു വരെ വാക്സിൻ കാലതാമസം വരുത്തുന്നത് ന്യായീകരിക്കാനാകില്ലെന്നും രോഗികൾ അവരുടെ പുനരധിവാസ പരിപാടി പൂർത്തിയാക്കുന്ന സമയത്ത് കിടത്തിച്ചികിത്സക്കുള്ള സൗകര്യങ്ങളിൽ വാക്സിനേഷൻ കാമ്പയിൻ ആരംഭിക്കാനും ക്യു.സയൻസ് ഡോട്ട് കോമിൽ അവതരിപ്പിച്ച പഠനത്തിൽ ശുപാർശ ചെയ്യുന്നു.
ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ ഖത്തർ റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സഹ്റ നൗറെദ്ദീൻ, ലാമ മാഡി, സമീഉള്ള, ഹനീൻ അൽ റവാഷ്ദെ, ബ്രിട്ടനിലെ ബർമിങ്ഹാം സർവകലാശാലയിലെ മെഡിക്കൽ ആൻഡ് ഡെന്റൽ സയൻസ് സ്കൂൾ ഓഫ് ഫാർമസിയിലെ ലിന നസറുല്ല എന്നിവർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇൻപേഷ്യന്റ് പുനരധിവാസത്തിൽ വാക്സിനേഷൻ കാമ്പയിനുകൾ ആരംഭിക്കുന്നത് അവർക്ക് പൂർണ പ്രതിരോധശേഷി നേടുന്നതിനും കോവിഡ് അണുബാധക്കുള്ള സാധ്യത കുറക്കുന്നതിനും ഡിസ്ചാർജ് ചെയ്ത് കഴിഞ്ഞാൽ സങ്കീർണതകൾ കുറക്കാനും സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു.
ക്യു.ആർ.ഐയുടെ റിഹാബിലിറ്റേഷൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച പ്രായപൂർത്തിയായ രോഗികൾ അവരുടെ ആശുപത്രിവാസ സമയത്ത് കോവിഡ് വാക്സിൻ സ്വീകരിക്കാൻ യോഗ്യരാണെന്ന് കരുതപ്പെടുന്ന നീരീക്ഷണ പഠനം കൂടിയാണിത്. 2021 ജൂൺ മുതൽ 2022 മേയ് വരെ കുത്തിവെപ്പിനുശേഷമുള്ള 24 മണിക്കൂറും, 48 മണിക്കൂറും ഏഴ് ദിവസത്തെയും വിവരങ്ങൾ പഠനത്തിനായി ശേഖരിച്ചു. കൂടാതെ ഒരു പൈലറ്റ് ഡാറ്റാ ശേഖരണവും ഇതിനായി ഉപയോഗിച്ചു.
ജനറൽ ട്രോമ രോഗികൾ, സ്ട്രോക്ക് രോഗികൾ, സുഷുമ്ന നാഡി പ്രയാസമുള്ളവർ, മസ്തിഷ്കാഘാതം സംഭവിച്ചവർ എന്നിവർക്ക് പിന്തുണയും പുനരധിവാസവും വാഗ്ദാനം ചെയ്യുന്ന കേന്ദ്രമാണ് ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ ക്യു.ആർ.ഐ അഥവാ ഖത്തർ റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട്. ഉൾപ്പെടുത്തൽ മാനദണ്ഡങ്ങൾ പാലിക്കുകയും പഠനത്തിൽ പങ്കെടുക്കാൻ സമ്മതിക്കുകയും ചെയ്ത 35 രോഗികൾക്കാണ് കോവിഡ് വാക്സിൻ നൽകിയത്. പാർശ്വഫലങ്ങൾ കണ്ടെത്താതിരിക്കാൻ രോഗികളെ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള അവസരവും ഗവേഷകർ ഉപയോഗപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.