ദോഹ: ഒക്ടോബറിൽ തുടക്കം കുറിക്കാനിരിക്കുന്ന ദോഹ ഹോർട്ടികൾചറൽ എക്സ്പോയുമായി കൈകോർത്ത് ഖത്തർ സ്റ്റാർസ് ലീഗ്. എക്സ്പോക്കുള്ള പിന്തുണയുടെ ഭാഗമായി ഈ സീസൺ ലീഗ് ‘എക്സ്പോ സ്റ്റാർസ് ലീഗ്’ എന്ന് അറിയപ്പെടും. ഇതുസംബന്ധിച്ച കരാർ തിങ്കളാഴ്ച നടന്ന ചടങ്ങിൽ ഖത്തർ സ്റ്റാർസ് ലീഗ് പ്രതിനിധികളും എക്സ്പോ പ്രതിനിധികളും ഒപ്പുവെച്ചു.
രാജ്യത്തെ ജനങ്ങൾക്കിടയിൽ ഫുട്ബാളിന്റെയും കായിക മത്സരങ്ങളുടെയും സ്വാധീനം പ്രതിഫലിപ്പിക്കുന്നതിന്റെ ഭാഗമായാണ് മെഗാമേളയുടെ പേരിനെ ഒപ്പം ചേർത്ത് പുതു സീസർ ക്ലബ് ഫുട്ബാൾ ചാമ്പ്യൻഷിപ് ആരംഭിക്കാനിരിക്കുന്നത്. ദോഹ എക്സ്പോയുടെ പങ്കാളിയായി സീസണിലെ ലീഗിന്റെ പേര് പ്രഖ്യാപിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ഖത്തർ സ്റ്റാർസ് ലീഗ് സി.ഇ.ഒ ഹാനി താലിബ് ബലാൻ പറഞ്ഞു.
കായിക ടൂർണമെന്റിന്റെ പ്ലാറ്റ്ഫോം വഴി മിഡിലീസ്റ്റിലെ ഏറ്റവും വലിയ മേളയുടെ സന്ദേശം ജനങ്ങളിലെത്തിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സംഘാടന തലത്തിലും സാങ്കേതിക തലത്തിലും രാജ്യത്തെ ഫുട്ബാൾ എല്ലാ അർഥത്തിലും വികസിപ്പിക്കുകയാണ് ലീഗിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വിശദീകരിച്ചു.
ദോഹ എക്സ്പോ ഓർഗനൈസിങ് കമ്മിറ്റി ചെയർമാനും മുനിസിപ്പാലിറ്റി മന്ത്രിയുമായ ഡോ. അബ്ദുല്ല ബിൻഅബ്ദുൽ അസീസ് ബിൻതുർകി അൽ സുബൈഇ, ദോഹ എക്സ്പോ സെക്രട്ടറി ജനറൽ മുഹമ്മദ് അലി അൽ ഖൗറി എന്നിവർക്ക് നന്ദി അറിയിക്കുന്നതായും ഹാനി താലിബ് പറഞ്ഞു.
ഒന്നര മാസം മാത്രം ബാക്കിനിൽക്കെ എക്സ്പോക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി മുഹമ്മ് അലി അൽ ഖൗറി പറഞ്ഞു. ഖത്തർ സ്റ്റാർസ് ലീഗിന്റെ 50ാമത് എഡിഷനാണ് ഇത്തവണ പന്തുരുളാൻ തുടങ്ങുന്നത്. പുതു സീസണിന് ബുധനാഴ്ച കിക്കോഫ് വിസിൽ മുഴങ്ങും. പുതിയ താരങ്ങളും ലോകവേദികളിൽ തിളങ്ങിയവരുമെല്ലാമായാണ് പല ക്ലബുകളും സീസൺ ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.