ദോഹ: 2022ലെ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിന് പന്തുരുളാൻ കൃത്യം രണ്ട് വർഷം മാത്രം ദൂരമിരിക്കെ, ഫിഫയുടെ ഔദ്യോഗിക എയർലൈൻ പാർട്ട്ണർമാരായ ഖത്തർ എയർവേസ് 2022ലെ ലോകകപ്പ് ലോഗോ പതിച്ച തങ്ങളുടെ ആദ്യ വിമാനം പുറത്തിറക്കി. ബോയിങ് 777 വിമാനത്തിന് പുറത്താണ് ഖത്തറിെൻറ മെറൂൺ വർണവും ലോകകപ്പ് ലോഗോയും പതിച്ചിരിക്കുന്നത്. വിമാനം ദോഹക്കും സൂറിച്ചിനുമിടയിൽ ശനിയാഴ്ച മുതൽ സർവിസ് ആരംഭിക്കും. ഫിഫയുമായുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് വിമാനത്തിെൻറ ആദ്യ സർവിസ് തന്നെ ഫിഫയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്ന സ്വിറ്റ്സർലൻഡിലെ സൂറിച്ചിലേക്ക് പറക്കുന്നത്.
വരും ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ ഇത്തരത്തിലേക്ക് മാറ്റാനുള്ള തയാറെടുപ്പിലാണ് ഖത്തറിെൻറ ദേശീയ വിമാന കമ്പനി. 2022 ലോകകപ്പിലേക്കുള്ള ഖത്തറിെൻറ തയാറെടുപ്പിനെയാണ് ലോകകപ്പ് വിമാനം സൂചിപ്പിക്കുന്നതെന്നും ഫിഫയുടെ ഔദ്യോഗിക വൈമാനിക പങ്കാളികളാകാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഖത്തർ എയർവേസ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു. അടുത്ത വർഷം മാർച്ച് മാസത്തോടെ 125 കേന്ദ്രങ്ങളിലേക്ക് വിമാന സർവിസുകൾ നടത്താനാണ് പദ്ധതിയിടുന്നത്. ഫിഫയുടെ ഔദ്യോഗിക വിമാനത്താവള പങ്കാളികളായ ഹമദ് രാജ്യാന്തര വിമാനത്താവളത്തിെൻറ വിപുലീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
പുതിയ വിമാനം പുറത്തിറക്കിയത് ലോകകപ്പിെൻറ യാത്രയിൽ പുതിയ നാഴികക്കല്ലാണെന്ന് ഫിഫ മാർക്കറ്റിങ് മേധാവി യാങ് ഫ്രാങ്കോയിസ് പാത്തി പറഞ്ഞു.2022 ലോകകപ്പ് ടൂർണമെൻറിനായുള്ള ട്രാവൽ പാക്കേജുകൾ ഖത്തർ എയർവേസ് ഹോളിഡേയ്സ് ഉടൻതന്നെ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.