തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം ആസ്​ഥാനം

പുതിയ വിസകൾക്ക്​ അപേക്ഷിക്കാം ആശ്വാസ നടപടിയുമായി രാജ്യം

ദോഹ: കോവിഡ്​ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന പുതിയ വിസ അപേക്ഷകൾ സ്വീകരിക്കൽ നടപടികൾ തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം പുനരാംരംഭിക്കുമെന്ന്​ അറിയിച്ചതോടെ വിദേശ തൊഴിലാളികൾക്ക്​ പ്രതീക്ഷ. ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യക്കാർക്ക്​ അതത്​ രാജ്യങ്ങളിലെ ഖത്തർ വിസ സെൻററുകൾ (ക്യു.വി.സി) പ്രവർത്തനം പുനരാരംഭിക്കാതെ പുതിയ വിസയിലുള്ള വരവ്​ സാധ്യമല്ല. എന്നാൽ, ഈ കേന്ദ്രങ്ങളുടെ പ്രവർത്തനവും വൈകാതെ തുടങ്ങുമെന്നാണ്​ പ്രതീക്ഷ.

കോവിഡ്​ പ്രതിസന്ധിയുടെ ആദ്യഘട്ടത്തിൽ തന്നെ ഖത്തർ പുതിയ വിസകൾ നൽകുന്നതും സന്ദർശനവിസകളടക്കമുള്ളവയും നിർത്തിവെച്ചിരുന്നു. തൊഴിൽ സാമൂഹികകാര്യ മന്ത്രാലയത്തിലും വെബ്​സൈറ്റിലും ഇതിനുള്ള സൗകര്യം നിർത്തലാക്കുകയായിരുന്നു. എന്നാൽ, നവംബർ 15 മുതൽ പുതിയ വിസ അപേക്ഷകൾ സ്വീകരിക്കുന്നത്​ തുടങ്ങുമെന്ന്​ അറിയിച്ചതോടെ മന്ത്രാലയത്തി‍െൻറ വെബ്​​ൈസറ്റിലുള്ള ഈ സൗകര്യമടക്കം വീണ്ടും സജ്ജമാകും.

നിലവിൽ രാജ്യത്ത്​ വിവിധ മേഖലകളിൽ തൊഴിലാളികളുടെ വൻ ക്ഷാമമാണുള്ളത്​. നിർമാണ മേഖലയിലടക്കം തൊഴിലാളികളുടെ ആവശ്യമുണ്ട്​. കോവിഡിന്​ ശേഷം ​കഫ്​റ്റീരിയ അടക്കമുള്ള കടകൾ, ​വിവിധ സ്​ഥാപനങ്ങളി​ൽ ൈഡ്രവർ തുടങ്ങിയ വിഭാഗം തൊഴിലാളികളുടെ വൻ ആവശ്യമുണ്ട്​. എൻജിനീയറിങ്​ അടക്കമുള്ള പ്രഫഷനൽ മേഖലയിലും ജോലിക്കാരെ ആവശ്യമുണ്ട്​. കോവിഡ്​ പ്രതിസന്ധിയിൽ ആയിരക്കണക്കിന്​ ഇന്ത്യക്കാരടക്കമുള്ളവരാണ്​ നാട്ടിലേക്ക്​ തിരിച്ചുപോയത്​. ഇതിനാൽ നിലവിൽ ഖത്തറിലുള്ള തൊഴിലന്വേഷകർക്ക്​ നിരവധി അവസരങ്ങളുണ്ട്​. എന്നാൽ, വിസകൾ അനുവദിക്കുന്നത്​ നിർത്തിയതോടെ പുതിയ ആളുകൾക്ക്​ വരാൻ കഴിയാത്തത്​ തൊഴിൽവിപണിയിൽ വൻതോതിൽ ആൾക്ഷാമം സൃഷ്​ടിച്ചിട്ടുണ്ട്​.

ഇത്തരത്തിൽ പ്രയാസം അനുഭവിക്കുന കമ്പനികൾക്ക്​ പുതിയ തീരുമാനപ്രകാരം പുതിയ വിസകൾക്ക്​ അപേക്ഷിക്കാനാകും. ഭാവിപദ്ധതികൾ മുന്നിൽക്കണ്ട്​ ആവശ്യത്തിന്​ വിസകൾക്കായി കമ്പനികൾക്ക്​ അപേക്ഷിക്കാനുള്ള അവസരമാണ്​ കൈവന്നിരിക്കുന്നത്​. റിക്രൂട്ടിങ്​ മാൻപവർ ഏജൻസികളും സ്​ഥാപനങ്ങളും ഇതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്​. എന്നാൽ, എല്ലാവിധ കോവിഡ്​ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും ഓരോ അ​േപക്ഷയിലും തീരുമാനമെടുക്കുക. തൊഴിലാളികൾക്ക്​ മെച്ച​െപ്പട്ട താമസസൗകര്യം ഒരുക്കാൻ കഴിയുന്ന കമ്പനികളാണോ അപേക്ഷകർ എന്നതടക്കമുള്ള കാര്യങ്ങളിൽ സൂക്ഷ്​മപരിശോധന നടത്തിയിട്ടായിരിക്കും വിസകൾ അനുവദിക്കുക. ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യക്കാരുടെ ഖത്തറിലേക്കുള്ള പുതിയ വിസ നടപടികൾ പൂർണമായും നിലവിൽ അതത്​ രാജ്യങ്ങളിലെ ക്യു.വി.സികൾ വഴിയാണ്​ ചെയ്യുന്നത്​. കൊച്ചിയിലടക്കം ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്​. കോവിഡ്​ തുടങ്ങിയതോടെ ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നില്ല. ഇവ പ്രവർത്തനം പുനരാംരംഭിച്ചാൽ മാത്രമേ ഇത്യക്കാർക്കടക്കം പുതിയ വിസയിൽ എത്താൻ കഴിയൂ. കമ്പനികൾക്ക്​ പുതിയ വിസകൾ കിട്ടിയാലും വിസകൾ അതത്​ രാജ്യക്കാരുടെ പേരിലും പാസ്​പോർട്ടിലും രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികൾ ക്യു.വി.സികൾ വഴി​േയ സാധ്യമാകൂ.

എന്നാൽ, ക്യു.വി.സികൾ ഇല്ലാത്ത കെനിയ, യുഗാണ്ട രാജ്യങ്ങളിൽനിന്നടക്കമുള്ള തൊഴിലാളികളുടെ പുതിയ വിസകളിലുള്ള വരവ്​ ഖത്തറിൽ നേരത്തേ തന്നെ തുടങ്ങിയിട്ടുമുണ്ട്​. പുതിയ വിസക്കാർക്ക്​ ദേശീയ ദുരന്തനിവാരണ സു​പ്രീം കമ്മിറ്റിയുടെ കോവിഡ്​ മാനദണ്ഡങ്ങൾ അനുസരിച്ചേ രാജ്യത്തേക്ക്​ വരാൻ കഴിയൂ. നിലവിൽ തൊഴിലാളികൾക്ക്​ രണ്ടാഴ്​ച ക്വാറൻറീനാണ്​ ഖത്തറിൽ വേണ്ടത്​.

ഖത്തർ വിസ സെൻററുകൾ, പ്രവർത്തനം

പ്രവാസി തൊഴിലാളികള്‍ക്ക് ഖത്തര്‍ റെസിഡൻറ്​സ് പെര്‍മിറ്റ് (ആര്‍.പി) അഥവാ വിസയുടെ നടപടിക്രമങ്ങള്‍ മാതൃരാജ്യത്തുവെച്ചുതന്നെ പൂര്‍ത്തീകരിക്കാന്‍ സൗകര്യമൊരുക്കുകയാണ് ഖത്തര്‍ വിസ കേന്ദ്രങ്ങളുടെ (ക്യു.വി.​സി) ലക്ഷ്യം. തൊഴില്‍ വിസയില്‍ ഖത്തറിലേക്കു വരുന്നവരുടെ മെഡിക്കല്‍ പരിശോധന, ബയോമെട്രിക് വിവര ശേഖരണം, തൊഴില്‍ കരാര്‍ ഒപ്പുവെക്കല്‍ എന്നിവ സ്വകാര്യ ഏജന്‍സിയുടെ സഹകരണത്തോടെ അതത്​ രാജ്യങ്ങളിൽ തന്നെ ഇതിലൂടെ പൂര്‍ത്തീകരിക്കാനാകും. വിസ കേന്ദ്രങ്ങള്‍ മുഖേന പ്രവാസികളുടെ വിസ സംബന്ധമായ വിരലടയാളം, ആരോഗ്യ പരിശോധന ഉള്‍പ്പടെയുള്ള എല്ലാ നടപടികളും പൂര്‍ത്തീകരിക്കാനാകും. നിലവില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെയും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും വിസ സംബന്ധമായ നടപടികളാണ് ഈ കേന്ദ്രങ്ങൾ മുഖേന പൂര്‍ത്തിയാക്കുന്നത്.

കൊച്ചി ഇ​ട​പ്പ​ള്ളി ച​ങ്ങ​മ്പു​ഴ പാ​ര്‍ക്ക് മെ​ട്രോ സ്​റ്റേ​ഷ​ന് സ​മീ​പം നാ​ഷ​ന​ല്‍ പേ​ള്‍ സ്​റ്റാ​ര്‍ ബി​ല്‍ഡി​ങ്ങി‍െൻറ താ​ഴ​ത്തെ നി​ല​യി​ലാ​ണ് (​ഡോ​ര്‍ ന​മ്പ​ര്‍ 384111ഡി) ​കേരളത്തിലെ കേന്ദ്രമുള്ളത്​. മ​ല​യാ​ള​ത്തി​ല്‍ തൊ​ഴി​ല്‍ ക​രാ​ര്‍ വാ​യി​ച്ചുമ​ന​സ്സി​ലാ​ക്കാ​നും ഇവിടെ സൗ​ക​ര്യ​മു​ണ്ട്. ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണ​വും വിസ ത​ട്ടി​പ്പു​ക​ളും പൂ​ര്‍ണ​മാ​യി ഒ​ഴി​വാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ ഉ​ള്‍പ്പെ​ടെ എട്ട്​ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലാ​യി 20 വി​സ സെ​ൻററു​ക​ള്‍ തു​റ​ക്കാ​ന്‍ ഖ​ത്ത​ര്‍ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ല്‍ ഇ​ന്ത്യ​യി​ലെ ഏഴ്​ കേന്ദ്രങ്ങളും പ്രവർത്തനം തുടങ്ങിയിരുന്നു. ന്യൂ​ഡ​ല്‍ഹി, മു​ംബൈ, കൊ​ല്‍ക്ക​ത്ത, ല​ക്നോ, ഹൈ​ദ​രാ​ബാ​ദ്, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​റ്റു ക്യു​.വി​.സി​ക​ള്‍. ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താന്‍, നേപ്പാള്‍ എന്നിവിടങ്ങളിലും ഇതിനകം ഖത്തര്‍ വിസ സെൻററുകള്‍ തുറന്നിട്ടുണ്ട്.

നേരത്തേ മെഡിക്കൽ അടക്കമുള്ള നടപടികൾ ഖത്തറിലെത്തിയാലാണ്​ ചെയ്യേണ്ടിയിരുന്നത്​. ക്യു.വി.സികൾ വന്നതോടെ എല്ലാ വിസ നടപടികളും അവക്ക്​ കീഴിലായി. കോവിഡ്​ വന്നതോടെ ഇൗ കേന്ദ്രങ്ങളും അടച്ചിരുന്നു. ഖത്തർ തൊഴിൽ മന്ത്രാലയത്തി‍െൻറ അനുമതി കിട്ടി ഈ കേന്ദ്രങ്ങൾ തുറക്കുന്നതോടെ പുതിയ വിസയിലുള്ള ഇന്ത്യക്കാരു​െട വരവും സാധ്യമാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.