ദോഹ: കനത്ത ചൂടുകാലം മാറി ഖത്തറിൽ പുതിയ കാർഷിക സീസൺ ആരംഭിക്കാനിരിക്കെ പ്രവാസി കർഷകർക്ക് ഇനി മണ്ണിൽ വിത്ത് വിതക്കാനുള്ള കാലം. വിത്തിറക്കിയും, പരിപാലിച്ചും വളം നൽകിയും വിളവെടുപ്പിനായി കാത്തിരിക്കുന്ന എട്ടുമാസക്കാലയളവിനാണ് സെപ്റ്റംബറിൽ തുടക്കം കുറിക്കുന്നത്.
കൃഷി സീസണിലെ വരവറിയിച്ച് ഖത്തറിലെ പ്രവാസി കാർഷിക കൂട്ടായ്മയായ ‘നമ്മുടെ അടുക്കളത്തോട്ടം ദോഹ’ വിത്ത് വിതരണം ആരംഭിച്ചു. തുടർച്ചയായി പതിനൊന്നാം സീസണിലാണ് അടുക്കളത്തോട്ടം വിത്തുകൾ നൽകി കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ശനിയാഴ്ച ഐ.സി.സി അശോക ഹാളിൽ നടന്ന ചടങ്ങിൽ അടുക്കളത്തോട്ടം അംഗവും ഐ.സി.സി അഡ്വൈസറി ബോർഡ് അംഗവുമായ അഷ്റഫ് ചിറക്കൽ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠന് വിത്തുകൾ നൽകി കൊണ്ടാണ് വിതരണത്തിന് തുടക്കം കുറിച്ചത്.
നാട്ടിൽ നിന്നെത്തിച്ച മികച്ച ഇനം ഹൈബ്രിഡ് വിത്തുകളാണ് കൃഷിക്കായി നൽകുന്നത്. എല്ലാ പച്ചക്കറികളുടെയും നല്ലയിനം വിത്തുകൾ അടങ്ങിയ കിറ്റുകളാണ് നൽകുന്നത്. വീട്ടമ്മമാരും പ്രഫഷനലുകളും ഉൾപ്പെടെ കൃഷിയിൽ തൽപരരായ 150ഓളം പേരാണ് അടുക്കളത്തോട്ടം കൂട്ടായ്മയുടെ ഭാഗമായുള്ളത്.
കേരളത്തിൽനിന്നാണ് 25ഓളം ഇനം പച്ചക്കറി വിത്തുകൾ വിതരണത്തിനായി എത്തിക്കുന്നത്. ചൂട് മാറി മണ്ണും കാലാവസ്ഥയും കൃഷിക്ക് പാകമായി തുടങ്ങുന്നതോടെ തങ്ങളുടെ പുരയിടങ്ങളിലും ടെറസിലുമെല്ലാമായി സജ്ജീകരിച്ച നിലങ്ങളിൽ വിത്തിറക്കി കൃഷി തുടങ്ങും. തുടർന്ന് ഓരോ ഘട്ടത്തിലും കൃഷിക്കു വേണ്ട മാർഗനിർദേശങ്ങളും സഹായങ്ങളുമായി ‘നമ്മുടെ അടുക്കളത്തോട്ടം’ സജീവമായുണ്ടാകും.
സബ്സിഡി നിരക്കിൽ ജൈവവളം ഉൾപ്പെടെ എത്തിച്ചു നൽകിയും, പരിചരണത്തിലും വിളവെടുപ്പിലും ആവശ്യമായ നിർദേശങ്ങൾ നൽകിയും പിന്തുണക്കുന്ന സംഘം, ഫെബ്രുവരിയിൽ കർഷകർക്ക് വിൽപനയും പ്രദർശനവും സാധ്യമാക്കുന്ന ‘ഹാർവെസ്റ്റ് ഫെസ്റ്റിവലും’ സംഘടിപ്പിക്കും.
എല്ലാ വർഷവും മികച്ച 20 കർഷകരെ തിരഞ്ഞെടുത്ത് ആദരിക്കുന്നതും നമ്മുടെ അടുക്കളത്തോട്ടം കാർഷിക പരിപാടിയുടെ ഭാഗമാണ്. ഈ ഒക്ടോബറിൽ നടക്കുന്ന ‘ജൈവ കാർഷികോത്സവം’ മേളയിലാണ് കഴിഞ്ഞ വർഷത്തെ മികച്ച കർഷകരെ പ്രഖ്യാപിക്കുന്നതും ആദരിക്കുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.