മൂന്നാംതരംഗം പടിയിറങ്ങിത്തുടങ്ങി

ദോഹ: കോവിഡ്​ മൂന്നാം തരംഗത്തിന്‍റെ പ്രധാന ഘട്ടം പിന്നിട്ട്​ രാജ്യം സാധാരണ നിലയിലേക്ക്​ മടങ്ങുകയാണെന്ന്​ അധികൃതർ. പ്രതിദിന കോവിഡ് കേസുകളിലെ കുറവ് രാജ്യം മൂന്നാം തരംഗത്തിന്റെ ഉയർന്ന ഘട്ടം പിന്നിട്ടതിന്റെ സൂചനയാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്​തമാക്കി. രോഗം ഏറ്റവും സജീവമാകുന്ന ഘട്ടം പിന്നിട്ടതായാണ്​ പുതിയ കണക്കുകൾ നൽകുന്ന സൂചന. പ്രതിദിന കേസുകളിലെ കുറവ്​ ആശ്വാസകരമാണ്.

മുൻകരുതലുകൾ പാലിക്കുന്നതിലും സർക്കാർ നിയന്ത്രണങ്ങൾ നടപ്പിൽവരുത്തുന്നതിലും സമൂഹത്തിന്റെ പിന്തുണയും ഉയർന്ന വാക്സിനേഷൻ നിരക്കും കോവിഡ് കേസുകൾ കുറക്കുന്നതിൽ നിർണായകമായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

വൈറസിന്‍റെ ഉയർന്ന സാന്നിധ്യം ഇപ്പോഴും സമൂഹത്തിലുണ്ട്. ഓരോ ദിവസവും നിരവധി പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഇതിനാൽ ജനങ്ങൾ സുരക്ഷ മുൻകരുതലുകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും മന്ത്രാലയം ഓർമിപ്പിച്ചു.

ഒക്​ടോബറിൽ പ്രതിദിന കോവിഡ്​ കേസുകൾ 59ൽ വരെയെത്തിയ ശേഷം, മാസാവസാനമാണ്​ നൂറി​ന്​ മുകളിലേക്ക്​ ഉയർന്നത്​. നവംബറിൽ ദക്ഷിണാഫ്രിക്കയിൽ ഒമി​ക്രോൺ റിപ്പോർട്ട്​ ചെയ്തതിനു പിന്നാലെ, ഡിസംബർ ആദ്യത്തിൽ ഖത്തറിലും ഒമിക്രോൺ സ്ഥിരീകരിച്ചു. പ്രതിദിന കേസുകൾ പതുക്കെ ഉയർന്ന്​, ജനുവരി രണ്ടിനാണ്​ ആയിരം കടക്കുന്നത്​.

ഇരട്ടി വേഗത്തിൽ കുതിച്ച കേസുകൾ, മാസ മധ്യത്തോടെ 4000ത്തിനും മുകളിലെത്തി റെക്കോഡ്​ കുറിച്ചു. ജനുവരി 17ന്​ ശേഷമാണ്​ കോവിഡ്​ കേസ്​ ഗ്രാഫ്​ താഴ്ന്നു തുടങ്ങിയത്​. ശനിയാഴ്ച രോഗികളുടെ എണ്ണം 1538ഉം, തിങ്കളാഴ്ച 1577ഉും ആയി.

കോവിഡിന്റെ ഒമി​​ക്രോൺ വകഭേദം കാരണം അധിക രാജ്യങ്ങളെയും പോലെ ഖത്തറിലും മഹാമാരിയുടെ മൂന്നാം തരംഗം റിപ്പോർട്ട് ചെയ്തിരുന്നു. ഈ ഘട്ടത്തിൽ കോവിഡ് ബാധിച്ച് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർ വാക്സിൻ സ്വീകരിക്കാത്തവരോ അല്ലെങ്കിൽ രണ്ടാം ഡോസ്​ സ്വീകരിച്ച് ആറുമാസം പിന്നിട്ടവരോ ആണെന്നും മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - The third wave began to descend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.