'ലോകകപ്പ് ലോകത്തിന്‍റെ കണ്ണ് തുറപ്പിക്കും'

ദോഹ: മുസ്ലിംകളെയും അറബ് ലോകത്തെയും മിഡിലീസ്റ്റിനെയും സംബന്ധിച്ച് നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ നീക്കാൻ ഖത്തർ വേദിയാവുന്ന ലോകകപ്പ് ഫുട്ബാൾ വലിയ ഘടകമായി മാറുമെന്ന് ഹമദ് ബിൻ ഖലീഫ യൂനിവേഴ്സിറ്റിയും ഖത്തർ യൂനിവേഴ്സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പാനൽ ചർച്ച വിലയിരുത്തി. അടുത്ത വർഷം ദോഹയിൽ നടക്കാനിരിക്കുന്ന വേൾഡ് അസോസിയേഷൻ ഫോർ സ്പോർട് മാനേജ്മെൻറ് (ഡബ്ല്യു.എ.എസ്.എം) സമ്മേളനത്തിന്‍റെ ഭാഗമായി നടത്തിയ ചർച്ചയിൽ പങ്കെടുത്തവരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഫിഫ ലോകകപ്പ് ഫുട്ബാളിന് ഖത്തർ ആതിഥ്യം വഹിക്കുന്നതിലൂടെ മേഖലയിലുണ്ടാക്കുന്ന മാറ്റങ്ങൾ ജർമനി, റഷ്യ ലോകകപ്പുകൾ മുന്നിൽ വെച്ച് പാനൽ ചർച്ചയിൽ വിശകലനം ചെയ്തു. ആസ്പയർ സോണിലെ ഒളിമ്പിക് മ്യൂസിയത്തിൽ നടന്ന ചർച്ചയിൽ ടൂർണമെൻറിന്‍റെ മഹത്തായ ശേഷിപ്പുകൾ, 2006 ഏഷ്യൻ ഗെയിംസ് മുതലുള്ള ഖത്തറിന്‍റെ ആഗോള കായിക ഹബ്ബ് സ്റ്റാറ്റസ്, 2030 ഏഷ്യൻ ഗെയിംസ്, 2036 ഒളിമ്പിക്സിനായുള്ള ശ്രമങ്ങൾ എന്നിവയും പാനലിസ്റ്റുകൾ ചൂണ്ടിക്കാട്ടി.

ഖത്തർ യൂനിവേഴ്സിറ്റി സ്പോർട്സ് മാനേജ്മെൻറ് വിഭാഗം പ്രഫസറും ഡബ്ല്യു.എ.എസ്.എം 2023 സഹ അധ്യക്ഷനുമായ ഡോ. അഹ്മദ് അൽ ഇമാദി, എച്ച്.ബി.കെ.യു സി.എസ്.ഇ സ്പോർട്സ് ആൻഡ് എൻറർടൈൻമെൻറ് മാനേജ്മെൻറ് വിഭാഗം മേധാവിയും അസോ. പ്രഫസറുമായ ഡോ. കാമില സ്വർട്-അരീസ്, ജോൺ ഗുട്ടൻബർഗ് സർവകലാശാല സ്പോർട്സ് ഇക്കോണമി ആൻഡ് സ്പോർട്സ് സോഷ്യോളജി പ്രഫസർ ഡോ. ഹോൾഗർ പ്രിയൂസ്, ഖത്തർ ഒളിമ്പിക് കമ്മിറ്റി സ്ട്രാറ്റജി ആൻഡ് പ്രോജക്ട്സ് വിഭാഗം മേധാവി എൻജി. ഫഹദ് ഇബ്റാഹിം ജുമാ മുഹന്ന എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തവർ. ഖത്തർ യൂനിവേഴ്സിറ്റി ബിസിനസ്-ഇകണോമിക്സ് കോളജിലെ ഡോ. ഉസ്മാൻ അൽ തവാദി മോഡറേറ്ററായിരുന്നു.

തീരെ ചെറിയ രാജ്യമാണെങ്കിലും വമ്പൻ കായിക ഇവൻറുകൾ വിജയകരമായി സംഘടിപ്പിക്കുന്നതിൽ മികച്ച ട്രാക്ക് റെക്കോഡാണ് ഖത്തറിനുള്ളതെന്നും 2010ൽ ലോകകപ്പ് ആതിഥേയത്വം ഖത്തർ നേടിയെടുക്കുമ്പോൾ, ഈ ലോകകപ്പ് അറബ് രാജ്യങ്ങളുടെയും മുസ്ലിം രാജ്യങ്ങളുടേതുമായിരിക്കുമെന്ന ഖത്തർ പ്രഖ്യാപനം നടത്തിയിരുന്നതായും ഡോ. അഹ്മദ് അൽ ഇമാദി പറഞ്ഞു.

രണ്ട് ദശലക്ഷത്തിനടുത്ത് ആരാധകരും സന്ദർശകരുമാണ് ലോകകപ്പ് വേളയിൽ ഖത്തറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. നമ്മുടെ സംസ്കാരത്തെയും ചരിത്രത്തെയും സംബന്ധിച്ച് പഠിക്കാൻ അവർക്കുള്ള സുവർണാവസരമാണ്.

പാശ്ചാത്യ മാധ്യമങ്ങൾക്കിടയിൽ നമ്മെ സംബന്ധിച്ച ധാരണകളിൽ സമീപഭാവിയിൽ തന്നെ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഇത് സഹായിക്കും.

പൗരന്മാരോടും താമസക്കാരോടുമായി അഭ്യർഥിക്കാനുള്ളത്, നമ്മുടെ സംസ്കാരത്തെയും മതത്തെയും യഥാർഥ രൂപത്തിൽ പ്രതിനിധീകരിക്കുന്നവരാകുകയെന്നതാണ്, ഒരു മികച്ച അംബാസഡറാവുക. ഡോ. അൽ ഇമാദി വ്യക്തമാക്കി.

ജർമൻ നിവാസികളെ സംബന്ധിച്ച് നേരത്തെ മറ്റുള്ളവർക്കുണ്ടായിരുന്ന ധാരണകളെയും വാർപ്പുമാതൃകകളെയും തിരുത്തിയെഴുതാൻ 2006ലെ ലോകകപ്പ് ഏറെ സഹായിച്ചെന്ന് ചർച്ചയിൽ പങ്കെടുത്ത ഡോ. പ്രിയൂസ് ചൂണ്ടിക്കാട്ടി.

Tags:    
News Summary - 'The World Cup will open the eyes of the world'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.