ദോഹ: ഫിഫ ലോകകപ്പ് ഫുട്ബാളിന്റെ സ്വപ്നതുല്യമായ ആതിഥേയത്വത്തിന് ശേഷം, ലോകം ഒരിക്കൽ കൂടി ഖത്തറിലേക്ക് എത്തിച്ചേരുന്നു. ഒരു മാസത്തോളം നീണ്ടുനിന്ന് ലോകത്തിലെ ഏറ്റവും വലിയ കായിക ചാമ്പ്യൻഷിപ്പിനായി ലോകം ഖത്തറിൽ ഒന്നിച്ചത് പോലെ എക്സ്പോ ദോഹ-2023ന് വേണ്ടിയും ലോകത്തിന്റെ മുക്കുമൂലകളിൽ നിന്ന് ജനങ്ങൾ ഖത്തറിലെത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.ആഗോള സൗഹൃദമെന്ന ലക്ഷ്യം മുൻനിർത്തിയാണ് ലോകകപ്പ് ഫുട്ബാളും ഇനി ദോഹ എക്സ്പോയും ഖത്തർ മുന്നോട്ടുവെക്കുന്നത്.
ഒരു മാസം നീണ്ടുനിന്ന ലോകകപ്പ് ഫുട്ബാളിനായി 14 ലക്ഷം കാണികളാണ് ഖത്തറിലെത്തിയതെങ്കിൽ ഒക്ടോബർ രണ്ടിന് തുടക്കം കുറിച്ച് 2024 മാർച്ച് 28 വരെ നീണ്ടുനിൽക്കുന്ന എക്സ്പോയിൽ 30 ലക്ഷം സന്ദർശകരെയാണ് രാജ്യം വരവേൽക്കാൻ ഒരുങ്ങുന്നതെന്ന് സംഘാടകർ വ്യക്തമാക്കുന്നു. മിഡിലീസ്റ്റ് ആദ്യമായി വേദിയൊരുക്കുന്ന അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോയിലൂടെ പരിസ്ഥിതിയുടെയും കൃഷിയുടെയും പുതുമയാർന്ന മേഖലകളിലേക്ക് ലോകത്തിന്റെ വാതിൽ തുറക്കാനുള്ള ഒരുക്കത്തിലാണ് ഖത്തർ. ഹരിത മരുഭൂമി, മെച്ചപ്പെട്ട പരിസ്ഥിതി എന്ന പ്രമേയത്തിൽ നവീകരണത്തിലൂടെയും സാങ്കേതികവിദ്യകളിലൂടെയും നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച അവബോധം വളർത്തുകയാണ് എക്സ്പോയിലൂടെ പ്രധാനമായും സംഘാടകർ ലക്ഷ്യമിടുന്നത്.
മിഡിലീസ്റ്റ്, ഉത്തരാഫ്രിക്ക ഉൾപ്പെടുന്ന മിന മേഖലയിൽ നടക്കുന്ന പ്രഥമ അന്താരാഷ്ട്ര ഹോർട്ടികൾച്ചറൽ പ്രദർശനമെന്ന പേരും ദോഹ എക്സ്പോക്ക് സ്വന്തമായിരിക്കും. 88 രാജ്യങ്ങളും വിവിധ മേഖലകളിലെ അന്താരാഷ്ട്ര സംഘടനകളും എക്സ്പോയിൽ ഇതിനകംതന്നെ തങ്ങളുടെ സാന്നിധ്യം ഉറപ്പ് നൽകിക്കഴിഞ്ഞു. രാഷ്ട്രത്തലവന്മാർ, ഭരണാധികാരികൾ, അന്താരാഷ്ട്ര സംഘടന പ്രതിനിധികൾ, മന്ത്രിമാർ, ലോകത്ത് വിവിധ മേഖലകളിൽ സ്വാധീനം ചെലുത്തിയ വ്യക്തികൾ, സ്വകാര്യ മേഖലയിൽ നിന്നുള്ള മുതിർന്ന വ്യക്തിത്വങ്ങൾ തുടങ്ങിയവർ എക്സ്പോയുടെ ഭാഗമാകും.
കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും കൂടുതൽ സുസ്ഥിരമായ ജീവിതശൈലിയുടെ ആവശ്യകതയും സംബന്ധിച്ച് എക്സ്പോയിലൂടെ സന്ദർശകരെ ബോധവത്കരിക്കും. സുസ്ഥിരതയുടെ പ്രാധാന്യം സംബന്ധിച്ച് സന്ദർശകരുമായി ഇടപഴകുന്നതിന് വിദ്യാഭ്യാസ പരിപാടികൾ, സാംസ്കാരിക പരിപാടികൾ, സംവേദനാത്മക പ്രദർശനങ്ങൾ എന്നിവ അവതരിപ്പിക്കും.
എക്സ്പോ 2023ന് തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്തെ അൽ ബിദ പാർക്കിലെ തയാറെടുപ്പുകളെല്ലാം അന്തിമഘട്ടത്തിലെത്തി നിൽക്കുകയാണ്. അത്യാധുനിക സൗകര്യങ്ങളോടെയാണ് എക്സ്പോ വേദി പങ്കെടുക്കുന്നവർക്കും സന്ദർശകർക്കുമായി സംഘാടകർ ഒരുക്കിക്കൊണ്ടിരിക്കുന്നത്.പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുന്നതിനുള്ള നൂതന പരിഹാരങ്ങൾ മുന്നോട്ട് വെക്കുന്നതിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ദോഹ എക്സ്പോ ലോകത്തിന് തന്നെ മാതൃകയാകും.
ലോകത്തിന് നിരവധി പാഠങ്ങളും പ്രയോജനപ്രദമായ ചുവടുവെപ്പുകളും നൽകുന്നതിനാൽ ദോഹ എക്സ്പോ-2023 വലിയ വിജയമായിരിക്കുമെന്ന് ഇപ്പോൾതന്നെ ഉറപ്പ് പറയാൻ സാധിക്കും. ദോഹ എക്സ്പോയുടെസ്വാധീനത്താൽ സമീപഭാവിയിൽതന്നെ മരുഭൂമികൾ ഹരിതപ്രദേശങ്ങളായി മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് സംഘാടകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.