ദോഹ: ഖത്തറിലെ വിദ്യാർഥികളും രക്ഷാകർത്താക്കളും കാത്തിരിക്കുന്ന ഗൾഫ് മാധ്യമം എജുകഫേയിലേക്ക് ഇനി മൂന്നുദിവസത്തെ കാത്തിരിപ്പു മാത്രം. ജനുവരി 19, 20 ദിവസങ്ങളിലായി അൽ മെഷാഫിലെ പൊഡാർ പേൾ സ്കൂളിൽ നടക്കുന്ന കരിയർ-വിദ്യാഭ്യാസ പരിപാടിയുടെ രജിസ്ട്രേഷൻ സജീവമായി പുരോഗമിക്കുന്നു. ഇനിയും രജിസ്ട്രേഷൻ നടത്താത്ത വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും ‘www.myeducafe.com’ എന്ന ലിങ്കിൽ പ്രവേശിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഒപ്പം, കരിയർ ഗൈഡൻസ് വിഭാഗമായ സിജിയുടെ നേതൃത്വത്തിൽ നടക്കുന്ന ‘സി ഡാറ്റ്’ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെ രജിസ്ട്രേഷനും പുരോഗമിക്കുന്നു. ഏറെ ശാസ്ത്രീയമായി നടത്തുന്ന അഭിരുചി പരീക്ഷക്ക് 100 റിയാലാണ് രജിസ്ട്രേഷൻ ഫീസ്. www.cigicareer.com/cdat എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്ത്, എജു കഫെ വേദിയിൽ ഫീസ് അടച്ച് അഭിരുചി പരീക്ഷയെഴുതാം.
പഠന-തൊഴിൽ ജാലകം തുറക്കുന്ന എജുകഫെ
ലോകോത്തര കലാലയങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടാനാഗ്രഹിക്കുന്നവർക്കും മികച്ച പഠനമാർഗങ്ങൾ തേടുന്നവർക്കും വഴികാട്ടിയാണ് ‘ഗൾഫ് മാധ്യമം’ വിദ്യാഭ്യാസ-കരിയർ പരിപാടിയായ ‘എജു കഫെ’. ഇന്ത്യയിലും യു.എ.ഇയിലും സൗദിയിലുമായി ഏറെ ശ്രദ്ധേയമായി മാറിയ വിദ്യഭ്യാസ പ്രദർശനം ആദ്യമായാണ് ഖത്തറിലേക്കെത്തുന്നത്. വിദ്യഭ്യാസ-കരിയർ വിദഗ്ധരും ഇന്ത്യയിലെയും ഗൾഫിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും ഉൾപ്പെടെ സർവകലാശാല പ്രതിനിധികളും പ്രഭാഷകരും അണിനിരക്കുന്ന ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ പരിപാടിയിൽ പ്രമുഖർ പങ്കെടുക്കും. ഉപരിപഠനത്തിന് വിവിധ കോഴ്സുകൾ പരിചയപ്പെടാനും തൊഴിൽ സാധ്യത തിരിച്ചറിയാനും വഴികാട്ടുന്നതിനൊപ്പം ഉന്നത തൊഴിൽ മേഖലകളിൽ വിജയക്കൊടി നാട്ടിയവരുടെ അനുഭവങ്ങളും നേരിട്ടറിയാനും അവസരമൊരുക്കുന്നു.
മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്, മനഃശാസ്ത്ര വിദഗ്ധയും എഴുത്തുകാരിയുമായ ആർഥി രാജരത്നം, പ്രശസ്ത മെന്റലിസ്റ്റ് ആദി, മോട്ടിവേഷണൽ സ്പീക്കർ ഡോ. മാണി പോൾ, സി.എം. മഹ്റൂഫ് എന്നിവർ രണ്ടു ദിനങ്ങളിലായി വിദ്യാർഥികളുമായി സംവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.