ദോഹ: ഒരു മാസത്തിലേറെയായി ഖത്തറിലെ ഇന്ത്യൻ ഫുട്ബാൾ ആരാധകർക്ക് കളിയുത്സവം സമ്മാനിച്ച ‘ഖിഫ്’ അന്തർ ജില്ല ഫുട്ബാൾ കിരീടം തൃശൂർ ജില്ല സൗഹൃദവേദിക്ക്. അൽഅഹ്ലി സ്റ്റേഡിയത്തിൽ പതിനായിരത്തിലേറെ വരുന്ന കാണികളെ സാക്ഷിയാക്കി നടന്ന ഫൈനലിൽ ഫ്രണ്ട്സ് ഓഫ് കോഴിക്കോടിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപിച്ചാണ് ഖിഫ് ഫുട്ബാൾ ടൂർണമെന്റ് ജേതാക്കളായത്.
52 മിനിറ്റിൽ മൗസൂഫാണ് തൃശൂരിനുവേണ്ടി ആദ്യ ഗോൾ നേടിയത്. സാദിഖ് 70ാം മിനിറ്റിൽ രണ്ടാം ഗോൾ നേടി. കോഴിക്കോട് പൊരുതിക്കളിച്ചെങ്കിലും ഗോൾ അടിക്കാനായില്ല. ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുറഹ്മാൻ, സിറ്റി എക്സ്ചേഞ്ച് സി.ഇ.ഒ ഷറഫ് പി. ഹമീദ്, ഖിഫ് പ്രസിഡന്റ് മുഹമ്മദ് ഈസ എന്നിവർ ചേർന്ന് ഫൈനൽ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു.
മത്സരത്തിന് മുമ്പ് നടന്ന ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിൻ ദിനകർ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവസ് ബാവാ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഷറഫ് പി.ഹമീദ് ഉദ്ഘാടനം നിർവഹിച്ചു. ഖിഫ് പ്രസിഡന്റ് മുഹമ്മദ് ഈസ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ഷമീൻ സ്വാഗതവും മുഹ്സിൻ നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങിനുശേഷം യുനൈറ്റഡ് മാർഷ്യൽ ആർട്സ് ഇന്റർനാഷനൽ (ഉമൈ) അവതരിപ്പിച്ച കരാട്ടെ, കളരി അഭ്യാസങ്ങൾ, ബ്ലാസ്റ്റേഴ്സ് സ്പോർട്സ് അക്കാദമിയും എം.ഇ.എസ് ഐഡിയൽ സ്കൂൾ വിദ്യാർഥികളും അവതരിപ്പിച്ച വിവിധ കായിക പ്രകടനങ്ങളും ഏറെ ആകർഷകമായി.
ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനായി കോഴിക്കോടിന്റെ മുഫീർ തെരഞ്ഞെടുക്കപ്പെട്ടു. തൃശൂരിന്റെ മൗസൂഫാണ് ടൂർണമെന്റിൽ കൂടുതൽ ഗോൾ നേടി ടോപ് സ്കോറർ ആയത്. ഏറ്റവും നല്ല ഗോളിക്കുള്ള അവാർഡ് കോഴിക്കോടിന്റെ ഗോൾ കീപ്പർ ഹർഷക് കരസ്ഥമാക്കി. ടൂർണമെന്റിൽ ഏറ്റവും നല്ല കളിക്കാരനായി മലപ്പുറത്തിന്റെ ഫസ്ലുറഹ്മാൻ തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.