യു.എ.ഇ വഴി ഖത്തറിലേക്ക്...

ദുബൈ: ലോകമാമാങ്കം കാണാൻ ഖത്തറിന്​ ടിക്കറ്റെടുത്തവർക്ക്​ യു.എ.ഇ മൾട്ടിപ്​ൾ എൻട്രി വിസ പ്രഖ്യാപിച്ചതോടെ ഇമാറാത്തിലേക്ക്​ ഫുട്​ബാൾ പ്രേമികൾ ഒഴുകുമെന്നുറപ്പായി. ലോകകപ്പിനെത്തുന്നവരിൽ നല്ലൊരു ശതമാനവും ദുബൈയിൽ താമസമാക്കുമെന്ന ഫിഫ പ്രസിഡന്‍റ്​ ​ജിയാനി ഇൻഫന്‍റിനോയുടെ പ്രവചനം ശരിവെക്കുന്നതാണ്​ യു.എ.ഇയുടെ പ്രഖ്യാപനം.

ഹയ്യാ കാർഡുള്ളവർക്കാണ്​ 90 ദിവസത്തെ മൾട്ടിപ്​ൾ എൻട്രി വിസ അനുവദിക്കുന്നത്​. ഇതോടെ, ഇഷ്ടമുള്ള സമയത്ത്​ യു.എ.ഇയിലെത്താനും മടങ്ങാനും കഴിയും. ദുബൈയിൽ നിന്ന്​ ദോഹയിലേക്ക്​ വിമാനത്തിൽ 45 മിനിറ്റ്​ മാത്രം മതിയെന്നിരിക്കെ ഓരോ മത്സരവും കണ്ട്​ തിരിച്ചെത്തി യു.എ.ഇയിൽ തങ്ങാൻ ഫാൻസിന്​ കഴിയും.

ഗൾഫിന്‍റെ ലോകകപ്പ്​ എന്ന വിശേഷണം യാഥാർഥ്യമാകുന്ന തലത്തിലേക്കാണ്​ മറ്റ്​ ഗൾഫ്​ രാഷ്ട്രങ്ങളുടെ ഇടപെടൽ. ലോകകപ്പ്​ നടക്കുന്ന നവംബർ, ഡിസംബർ മാസങ്ങളിലേക്ക്​ യു.എ.ഇയിലെ ഹോട്ടൽ ബുക്കിങ്​ നേരത്തെ തുടങ്ങിയിരുന്നു. അർജന്‍റീന, ബ്രസീൽ അടക്കമുള്ള ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നാണ്​ കൂടുതൽ ബുക്കിങ്​ എന്ന്​ ഹോട്ടൽ അധികൃതർ വെളിപ്പെടുത്തിയിരുന്നു. പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ അർജന്‍റീന, ബ്രസീൽ ഫാൻസിനെ വ്യത്യസ്ത സോണുകളിലായാണ്​ താമസിപ്പിക്കുന്നത്​. യു.എ.ഇയിൽ നിന്ന്​ ദിവസേന ഖത്തറിലേക്ക്​ ഷട്ടി​ൽ സർവിസ്​ ഏർപ്പെടുത്തുന്നുണ്ട്​. ദുബൈയിൽ നിന്ന്​ ​​ൈഫ്ല ദുബൈ പ്രതിദിനം 60 വിമാനങ്ങളാണ്​ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്​. ഇതുവഴി ദിനേന 2700 കാണികൾ ഖത്തറിലെത്തും. ഇത്തിഹാദും എയർ ​അറേബ്യയും ഖത്തർ എയർവേസുമെല്ലാം ഫുട്​ബാൾ ഫാൻസുമായി ദോഹയിൽ പറന്നിറങ്ങും. ലോകകപ്പ്​ കാലത്ത്​ ഇന്ത്യയിൽ നിന്ന്​ എയർ ഇന്ത്യ കൂടുതൽ സർവിസ്​ പ്രഖ്യാപിച്ചിട്ടുണ്ട്​.

ദുബൈയിൽ താമസിക്കുന്നവർക്കും വിപുലമായ സൗകര്യം ഇവിടെ ഒരുക്കുന്നുണ്ട്​. ദുബൈയുടെ വിവിധ ഭാഗങ്ങളിൽ ഫാൻ സോണുകൾ ഒരുങ്ങുന്നുണ്ട്​. ഇഷ്ടഭക്ഷണവും ആസ്വദിച്ച് ബിഗ് സ്ക്രീനിൽ കളി കാണാനുള്ള അവസരമാണ് ദുബൈ ഇന്‍റർനാഷനൽ ഫിനാൻസ് സെന്‍ററിൽ (ഡി.ഐ.എഫ്.സി) ഒരുങ്ങുന്നത്. ഗേറ്റ് അവന്യൂവിൽ തുറക്കുന്ന ഫുട്ബാൾ പാർക്കിൽ കളി ആസ്വദിക്കാൻ എത്ര രൂപ ചെലവാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഇത് സെപ്റ്റംബർ 15ന് പ്രഖ്യാപിക്കുമെന്നാണ് അറിയിപ്പ്. ടൂർണമെന്‍റ് തുടങ്ങുന്ന നവംബർ 20 മുതൽ ഇവിടെ ഫാൻ സോണും തുറക്കും.

ആഡംബര സംവിധാനങ്ങളോടെയുള്ളതായതിനാൽ സാധാരണക്കാർക്ക് എത്രമാത്രം ഉപകാരപ്പെടുന്നതാണെന്ന് കണ്ടറിയണം. ദുബൈ മീഡിയ സിറ്റി ആംഫി തിയറ്ററിലും ഫാൻ സോൺ ഒരുക്കുന്നുണ്ട്. യു.എ.ഇയിലെ ഏറ്റവും വലിയ ഔട്ട്ഡോർ ടി.വി സ്ക്രീനായിരിക്കും ഇവിടെ സ്ഥാപിക്കുക. ഐറിഷ് പബ് ചെയിനായ മക് ഗെറ്റിഗനാണ് ഫാൻ പാർക്ക് ഒരുക്കുന്നത്. 50 ദിർഹമാണ് ടിക്കറ്റ് നിരക്ക്. തത്സമയ സംഗീത പരിപാടികളും കുടുംബങ്ങൾക്കും കുട്ടികൾക്കും ആസ്വദിക്കാനുള്ള മത്സരങ്ങളും ഇവിടെയുണ്ടാകും. കൊക്കകോള അരീനയിലും ദുബൈ ഹാർബറിലുമാണ് മറ്റ് ഫാൻ സോണുകളുള്ളത്. ഇതിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Tags:    
News Summary - To Qatar via UAE...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.