ദോഹ: ഒരുവശത്ത് കോവിഡ് വ്യാപനവും, രോഗികളുടെ എണ്ണവും പ്രതിദിനം ഇരട്ടിയോളം വർധിക്കുന്ന കണക്കുകളും മറുവശത്ത് നാട്ടിലേക്ക് പോവാനായി ടിക്കറ്റെടുത്ത പ്രവാസികൾക്ക് ആർ.ടി.പി.സി.ആർ ഫലം വൈകുന്നതുമൂലം യാത്ര തടസ്സപ്പെടുന്നതിന്റെ സങ്കടങ്ങളും.
സമൂഹമാധ്യമങ്ങളിൽ ഖത്തറിൽ നിന്നുള്ള പ്രവാസികളുടെ സങ്കടക്കാഴ്ചകളാണ് നിറയെ. ഫേസ്ബുക്കിലും ട്വിറ്റർ പേജുകളിലും മലയാളികളും മറ്റു വിദേശരാജ്യക്കാരുമായ യാത്രക്കാർ തങ്ങളുടെ ദുരിതങ്ങൾ പങ്കുവെക്കുന്നുണ്ട്. ഒമിക്രോണുമായി കോവിഡ് മൂന്നാം തരംഗത്തിലേക്ക് പ്രവേശിച്ചതിനുപിന്നാലെയാണ് പരിശോധനക്കുള്ള തിരക്ക് വർധിക്കുകയും ആർ.ടി.പി.സി.ആറിന് ആവശ്യക്കാർ ഏറുകയും ചെയ്തതോടെ യാത്രാ മുടക്കം പതിവായത്. നേരത്തേ 10 മണിക്കൂർ വരെ സമയത്തിനുള്ളിൽ ലഭിച്ച പരിശോധനാ ഫലം ഇപ്പോൾ ഏറെ വൈകുന്നത് മലയാളികൾ ഉൾപ്പെടെയുള്ളവരുടെ യാത്രക്ക് തടസ്സമാവുന്നു.
നിശ്ചിത സമയത്തിനുള്ളിൽ പരിശോധന ഫലം ലഭിക്കാത്തതു കാരണം വിമാനയാത്ര മുടങ്ങുകയും, ടിക്കറ്റ് കാശ് നഷ്ടമാവുകയും ചെയ്ത നിരവധി പേരാണ് തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുന്നത്.
അതേസമയം, ഖത്തറിലെ കോവിഡ് പരിശോധന നയങ്ങളിലെ പുതിയ നിർദേശങ്ങൾ കഴിഞ്ഞദിവസം പ്രാബല്യത്തിൽ വന്നതോടെ നിലവിലെ പ്രതിസന്ധികൾക്ക് മാറ്റം വരുമെന്ന് ട്രാവൽ മേഖലയിലെ വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു.
കോവിഡ് തിരിച്ചറിയാനായുള്ള പരിശോധനകൾക്ക് റാപിഡ് ആന്റിജൻ ടെസ്റ്റ് നടത്താൻ സർക്കാർ അനുവാദം നൽകിയതും കൂടുതൽ പൊതു-സ്വകാര്യ ക്ലിനിക്കുകളിൽ പരിശോധന സജീവമാക്കിയതും ആർ.ടി.പി.സി.ആറിന്റെ ആവശ്യക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്.
പുതിയ നിർദേശ പ്രകാരം രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന 50 വയസ്സിന് താഴെ പ്രായമുള്ളവർക്കും, കോവിഡ് പോസിറ്റീവായവരുമായി നേരിട്ട് സമ്പർക്കമുള്ള ഇതേ പ്രായവിഭാഗത്തിനും വിദേശങ്ങളിൽനിന്നെത്തിയവർക്കും റാപിഡ് ആന്റിജൻ ടെസ്റ്റ് മതിയാവും.
റാപിഡ് ആന്റിജന്‍ ടെസ്റ്റില്‍ പോസിറ്റിവ് ആയ ആളുകള്‍ പി.സി.ആര് ടെസ്റ്റ് നടത്തേണ്ടതില്ലെന്നും വ്യക്തമായ നിർദേശമുണ്ട്. ബുധനാഴ്ച മുതൽ തന്നെ പുതിയ കോവിഡ് പരിശോധന നയം ഖത്തറിൽ പ്രാബല്യത്തിൽ വന്നു. ഇതോടെ, യാത്ര ആവശ്യക്കാരും 50ന് മുകളിൽ പ്രായമുള്ള രോഗലക്ഷണമുള്ളവർക്കും മാത്രം ആർ.ടി.പി.സി.ആർ പരിശോധന മതിയാവും.
ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് നിലവിൽ 72 മണിക്കൂറിനുള്ളിലാണ് ആർ.ടി.പി.സി.ആർ പരിശോധന ആവശ്യപ്പെടുന്നത്. എന്നാൽ, ബംഗ്ലാദേശ്, ശ്രീലങ്ക, യു.എ.ഇ, ബഹ്റൈൻ തുടങ്ങിയ വിവിധ രാജ്യങ്ങൾ 48 മണിക്കൂറിനുള്ളിലെ പരിശോധനാ ഫലം ആവശ്യപ്പെടുന്നത് ഈ രാജ്യങ്ങളിൽനിന്നുള്ളവരുടെ യാത്ര കൂടുതൽ സങ്കീർണമാക്കുന്നു.
നിലവിലെ സാഹചര്യത്തിൽ ആർ.ടി.പി.സിആർ ഫലം വൈകുന്നത് കാരണം വിമാനം നഷ്ടമാവുന്നതും, യാത്ര മുടങ്ങുന്നതുമായ പരാതികൾ നിരവധിയാണ്. ഇതു സംബന്ധിച്ച് യാത്രക്കാർ അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഖത്തറിലെ പ്രമുഖ ട്രാവൽ ആൻഡ് ടൂറിസം ഗ്രൂപ്പായ 'ഗോ മുസാഫിർ' ജനറൽ മാനേജർ ഫിറോസ് നാട്ടു വിശദീകരിക്കുന്നു
വിമാനം പുറപ്പെടുന്നതിന് മുമ്പായി ആർ.ടി.പി.സി.ആർ ഫലം ലഭിക്കാത്തത് കാരണം കഴിഞ്ഞദിവസങ്ങളിലും നിരവധി ടിക്കറ്റുകളാണ് തീയതി മാറ്റുകയും റീഷെഡ്യൂൾ ചെയ്യുകയും ചെയ്തത്.
പല കോണുകളിൽ നിന്നും ഇതുസംബന്ധിച്ച് അന്വേഷണങ്ങൾ വരുന്നു. ഇത്തരം നഷ്ടം ഒഴിവാക്കാൻ യാത്രക്കാർ ഫ്ലക്സിബ്ൾ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്താൽ കൂടുതൽ സൗകര്യമാവും.
അവസാന നിമിഷം യാത്രമുടങ്ങുകയാണെങ്കിൽ കൂടുതൽ ചെലവില്ലാതെ തന്നെ യാത്രാ തീയതി മാറ്റി ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇതുവഴി കഴിയും.
റെഗുലർ ടിക്കറ്റിനേക്കാൾ നേരിയ നിരക്കുകളാണ് ഫ്ലക്സിബ്ൾ ടിക്കറ്റുകൾക്ക് ഈടാക്കുന്നത്. സുരക്ഷിത യാത്രക്കായി നിരവധി ഓഫറുകളും വിമാന കമ്പനികൾ ഫ്ലക്സി ഫെയർ ടിക്കറ്റുകൾക്ക് നൽകുന്നുണ്ട്. ഓൺലൈനിൽ എടുക്കുമ്പോഴും ട്രാവൽ വിദഗ്ധരുടെ അഭിപ്രായമോ സഹായമോ തേടാവുന്നതാണ്.
കോവിഡ് കാലത്ത് ഖത്തർ എയർവേസ് ഫുൾ ഫ്ലക്സി ഫെയർ ടിക്കറ്റുകൾ നൽകുന്നുണ്ട്. യാത്രചെയ്യാൻ പറ്റിയില്ലെങ്കിലും ടിക്കറ്റ് വീണ്ടും ഉപയോഗപ്പെടുത്താൻ ഖത്തർ എയർവേസിൽ കഴിയുന്നുണ്ട്.
ആർ.ടി.പി.സി.ആർ ഫലം വൈകുകയാണെങ്കിൽ വിമാനം പുറപ്പെടുന്നതിന് നാല് മുതൽ ആറു മണിക്കൂർ മുമ്പായി അതത് എയർലൈൻസിനെ ബന്ധപ്പെട്ട് ബുക് ചെയ്ത സീറ്റ് (റിസർവേഷൻ) കാൻസൽ ചെയ്യണം. ടിക്കറ്റ് അല്ല കാൻസൽ ചെയ്യേണ്ടത്.
ഇത്തരം സന്ദർഭങ്ങളിൽ വിദഗ്ധരായ ട്രാവൽ ഏജന്റിന്റെ സഹായവും തേടാവുന്നതാണ്.
യാത്രാ തീയതി മാറ്റി ബുക്ചെയ്യാനും, കൂടുതൽ നഷ്ടങ്ങളില്ലാതെ യാത്ര പ്ലാൻ ചെയ്യാനും സഹായകമാവും.
നിലവിലെ സാഹചര്യത്തിൽ സമൂഹമാധ്യമങ്ങളിൽ പലരും ഇങ്ങനെ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ആർ.ടി.പി.സി.ആർ പരിശോധനക്ക് സാമ്പിൾ നൽകിയ ശേഷം ടിക്കറ്റ് എടുക്കുന്നത് കൂടുതൽ റിസ്കാവും.
ഖത്തറിൽ പൊതുസാഹചര്യങ്ങളിൽ റാപിഡ് ആന്റിജൻ ടെസ്റ്റ് മതിയെന്ന് ആരോഗ്യമന്ത്രാലയം നിർദേശം നൽകിയ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ ആർ.ടി.പി.സി.ആർ പരിശോധന ഫലം 10-24 മണിക്കൂറിനുള്ളിൽ ലഭ്യമായി തുടങ്ങും.
അതോടെ യാത്രക്കാർക്കുള്ള പ്രതിസന്ധികൾ മാറുമെന്നാണ് വിശ്വാസം.
മറ്റു പല ഏഷ്യൻ രാജ്യങ്ങളും 48 മണിക്കൂറിനുള്ളിലെ ആർ.ടി.പി.സി.ആർ ഫലം ആവശ്യപ്പെടുമ്പോൾ ഇന്ത്യയിലേക്ക് 72 മണിക്കൂറിനുള്ളിലെ ടെസ്റ്റ് റിസൾട്ട് മതി എന്നത് ആശ്വാസകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.