ദോഹ: എണ്ണയും ഗ്യാസും ഉൾപ്പെടെ കാർബൺ പുറന്തള്ളുന്ന വാഹനങ്ങളുടെ ഉപയോഗം കുറച്ച് ഇലക്ട്രിക് വാഹനമേഖലയിൽ കുതിപ്പിനൊരുങ്ങി ഖത്തർ. പൊതുഗതാഗത മേഖലയിൽ സമൂല മാറ്റത്തിന് നേതൃത്വം നൽകുന്നതിനൊപ്പം അടുത്ത ഏഴുവർഷത്തിനുള്ളിൽ രാജ്യത്തെ വാഹനവിപണിയിൽ ഇലക്ട്രിക് വാഹന വിപ്ലവത്തിനാണ് തയാറെടുക്കുന്നത്.
2030ഓടെ രാജ്യത്തെ വാഹന വില്പനയുടെ 10 ശതമാനം ഇലക്ട്രോണിക് വാഹനങ്ങളായിരിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ദേശീയ വിഷന്‍ 2030ന്റെ ഭാഗമായി ഏഴുവര്‍ഷത്തിനകം പൊതുഗതാഗത മേഖലയിലെ മുഴുവന്‍ ബസുകളും വൈദ്യുതിവത്കരിക്കുമെന്ന് ഖത്തര്‍ ഗതാഗത മന്ത്രാലയം അടുത്തിടെ അറിയിച്ചിരുന്നു.
ഇതോടൊപ്പം മന്ത്രാലയത്തിന്റെ കീഴിലുള്ള 35 ശതമാനം വാഹനങ്ങളും വൈദ്യുതീകരിക്കാനുള്ള തീരുമാനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപിന്നാലെ ഖത്തറിലെ ഇലക്ട്രിക് വാഹന വിപണിയില്‍ വലിയ ഉണര്‍വ് പ്രകടമാണ്. വാര്‍ഷിക വില്പനയില് 48 ശതമാനം വളര്‍ച്ച വെച്ച് 2032ല്‍ 15000 ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കപ്പെടുമെന്നാണ് അനുമാനിക്കുന്നത്.
ഫിച്ച് സൊലൂഷന്റെ വിശകലനപ്രകാരം സർക്കാറിന്റെയും ഇ-വാഹന കമ്പനികളുടെയും സഹകരണത്തിന്റെ ഫലമായി വാഹന വിപണിയിൽ ഇലക്ട്രിക് കാറുകളുടെ ആവശ്യക്കാർ വർധിക്കുന്നതായി വ്യക്തമാക്കി. 2023ൽ ഇലക്ട്രിക് വാഹന വിൽപന 300 ശതമാനത്തിലധികം വർധിച്ച് 600ഓളം യൂനിറ്റുകളായി ഉയരുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഏതാനും വർഷങ്ങൾക്കുള്ളിൽ കാറുകള്‍ക്ക് പുറമെ ട്രക്കുകളും പിക്അപ്പുകളും ഉള്‍പ്പെടെ കൂടുതല്‍ ഇലക്ട്രിക് വാണിജ്യ വാഹനങ്ങളും നിരത്തിലെത്തും. 8.1 വാര്‍ഷിക വളര്‍ച്ചയാണ് ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നത്.
ലോകകപ്പ് ഫുട്ബാള്‍ സമയത്ത് ഖത്തറില്‍ ഉപയോഗിച്ച ബസുകളില്‍ 25 ശതമാനം ഇലക്ട്രിക്കായിരുന്നു. 2030ഓടെ പൊതുഗതാഗതത്തിനുള്ള മുഴുവൻ ബസുകളും വൈദ്യുതീകരിക്കാനാണ് അധികൃതരുടെ പദ്ധതി.
2023ൽ ഇ.വി വാഹനവിൽപന 40.5 ശതമാനം വർധിക്കാനുള്ള സാധ്യതയും പ്രവചിക്കുന്നു. കഴിഞ്ഞയാഴ്ചയാണ് ഖത്തറിന്റെ സ്വന്തം ഇലക്ട്രിക് വാഹന ബ്രാൻഡ് വിപണിയിലെത്തിയത്. ഇലക്ട്രിക് വാഹനങ്ങൾ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് വായ്പകളും ചില ബാങ്കുകൾ പ്രഖ്യാപിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.