ദോഹ: കോവിഡിന്‍റെ പശ്ചാത്തലത്തിൽ, വിമാനക്കമ്പനികളുടെ ആേഗാള കൂട്ടായ്മയായ ഇൻറർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) ഡിജിറ്റൽ ട്രാവൽ പാസ് അഥവാ ഡിജിറ്റൽ പാസ്പോർട്ട് സംവിധാനം നടപ്പാക്കുന്നു. പുതിയ സംവിധാനം അടുത്ത ആഴ്ചകളിൽ തന്നെ ഗൾഫ് മേഖലകളിൽ നിലവിൽ വരുമെന്ന് അയാട്ട അധികൃതർ വ്യക്തമാക്കുന്നു. യാത്രക്കാർക്ക് ഡിജിറ്റൽ പാസ്പോർട്ട് ഉണ്ടാക്കാൻ കഴിയുന്ന പ്രത്യേക ആപ്പാണ് ഇത്.
കോവിഡ് പരിശോധന നടത്തിയതിന്‍റെയും വാക്സിൻ സ്വീകരിച്ചതിേൻറയുമൊക്ക വിശദവിവരങ്ങൾ ഇതിൽ ചേർക്കാൻ കഴിയും. ഇതിലൂടെ, യാത്ര ചെയ്യുന്ന വിമാനക്കമ്പനികളുമായും എമിഗ്രേഷൻ അധികൃതരുമായും ഇൗ വിവരങ്ങൾ മുൻകൂട്ടി പങ്കുവെക്കാൻ കഴിയും. വ്യത്യസ്ത വാക്സിനുകളാണ് ഓരോ രാജ്യത്തും നൽകിവരുന്നത്. ഡിജിറ്റൽ പാസ്പോർട്ടിലൂടെ ഇക്കാര്യത്തിൽ ഏകീകൃതരൂപമുണ്ടാക്കി വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രക്ക് ഇത് ആധികാരിക രേഖയാക്കുകയാണ് ചെയ്യുക. ഇതോടെ ഗൾഫിലെ രാജ്യങ്ങളിലേക്കും തിരിച്ചും ഡിജിറ്റൽ പാസ്പോർട്ടുള്ളവർക്ക് കോവിഡ് നിയന്ത്രണങ്ങൾ ഇല്ലാതെ യാത്ര നടത്താനാകും. ക്വാറൻറീനിൽ അടക്കം ഇളവുകളും ലഭ്യമാകും.
ഒരുവർഷത്തിലധികമായി കോവിഡ് തീർത്ത പ്രതിസന്ധിയിൽ ലോകത്താകമാനം വ്യോമയാന മേഖല തളർച്ചയിലാണ്. എന്നാൽ, വാക്സിൻ വ്യാപകമായതോടെ വാക്സിൻ എടുത്തവർക്ക് പ്രത്യേക പരിഗണന നൽകി വിനോദസഞ്ചാര മേഖല തിരിച്ചുവരുകയാണ്.
ഇതോടെയാണ് ഡിജിറ്റൽ പാസ്പോർട്ടും വരുന്നത്. കഴിഞ്ഞ ജനുവരിയിൽ തന്നെ ഖത്തർ എയർവേസ്, എമിറേറ്റ്സ്, ഇതിഹാദ്, സിംഗപ്പൂർ എയർലൈൻസ് എന്നീ വിമാനക്കമ്പനികൾ ഡിജിറ്റൽ പാസ്പോർട്ട് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്നു.
മികച്ച പ്രതികരണമാണ് തങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കുന്നതെന്നും അടുത്ത ആഴ് ചകളിൽ ഈ സംവിധാനം ഗൾഫിൽ നടപ്പാക്കിത്തുടങ്ങുമെന്നും അയാട്ട ഡയറക്ടർ ജനറൽ വില്ലി വാൽഷ് പറയുന്നു.
വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് പല വാക്സിനുകൾക്കും അംഗീകാരം നൽകാൻ ഡിജിറ്റൽ പാസ്പോർട്ടിലൂടെ രാജ്യങ്ങളുടെ കൂട്ടായ്മകൾക്ക് കഴിയും.യൂറോപ്യൻ യൂനിയനിലെ 27 അംഗരാജ്യങ്ങൾ ഇത്തരത്തിൽ ഇ.യു ഡിജിറ്റൽ കോവിഡ് സർട്ടിഫിക്കറ്റ് ജൂലൈ ഒന്നുമുതൽ നടപ്പാക്കുന്നുണ്ട്. ഈ രാജ്യങ്ങൾക്കിടയിൽ ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് യാത്ര നടത്താൻ ഇതിലൂടെ സാധ്യമാകും.
ഫ്രാൻസ്, ഗ്രീസ്, സ്പെയിൻ തുടങ്ങി വിനോദസഞ്ചാര പ്രാധാന്യമുള്ള വിവിധ രാജ്യങ്ങൾ നിലവിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ ഏർെപ്പടുത്തി ക്കഴിഞ്ഞു.വാക്സിൻ സ്വീകരിച്ചവർക്ക് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകുന്നുമുണ്ട്. ഇത്തരക്കാർക്ക് ക്വാറൻറീൻ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
അയാട്ടയുടെ പുതിയ ട്രാവൽ പാസാണ് ഡിജിറ്റൽ പാസ്പോർട്ട്. ഡിജിറ്റൽ പാസ്പോർട്ടിലൂടെ യാത്രക്കാരന് കോവിഡ്-19 പരിശോധനഫലം ലഭിക്കാനും അതുവഴി യാത്രക്ക് യോഗ്യനാണോ എന്ന് അറിയാനും സാധിക്കും. കൂടാതെ 'ഒ.കെ ടു ട്രാവൽ' (യാത്ര ചെയ്യുന്നതിന് യോഗ്യൻ) എന്ന സ്റ്റാറ്റസ് യാത്രക്കാരൻ വിമാനത്താവളത്തിലെത്തുന്നതിന് മുമ്പുതന്നെ വിമാന കമ്പനിയുമായും മറ്റു അധികൃതരുമായും ആപ്പ് പങ്കുവെക്കുകയും ചെയ്യും. ഇതിലൂടെ കൂടുതൽ പ്രതിബന്ധങ്ങളില്ലാതെ സുരക്ഷിതമായ യാത്ര ഉറപ്പുവരുത്താൻ സാധിക്കുന്നു.
ക്വാറൻറീനില്ലാതെ യാത്ര ചെയ്യുന്നതിന് കോവിഡ് വാക്സിനേഷൻ രേഖകൾ ആവശ്യമായിവരും. യാത്രക്കാരന്‍റെ ഐഡൻറിറ്റിയും ഡിജിറ്റൽ യാത്രാ വിവരങ്ങളും സുരക്ഷിതമായി ലിങ്ക് ചെയ്യാൻ ഡിജിറ്റൽ പാസ്പോർട്ട് മൊബൈൽ ആപ് വഴി സാധിക്കും. ഇതോടെ യാത്രക്കാർക്കും അതത് രാജ്യങ്ങളിലെ സർക്കാറിനും കോവിഡ് സുരക്ഷാ ആശങ്ക ഇല്ലാതാകും.
യാത്ര ചെയ്യാനുദ്ദേശിക്കുന്ന രാജ്യത്തെ ഏറ്റവും പുതിയ കോവിഡ് വിവരങ്ങളും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും മറ്റു നിർദേശങ്ങളും ആപ് വഴി യാത്രക്കാരന് ലഭിക്കും. ഇതോടെ ലക്ഷ്യസ്ഥാനത്തെക്കുറിച്ച ആശങ്കകൾക്കും വിരാമമാകും. ഈ മൊബൈൽ ആപ് ഉപയോഗിക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യവിമാന കമ്പനിയാണ് ഖത്തർ എയർവേസ്.
കഴിഞ്ഞ മാർച്ച് 11 മുതൽ ദോഹ- ഇസ്താംബൂൾ സെക്ടറിലാണ് ആദ്യഘട്ടത്തിൽ ഡിജിറ്റൽ പാസ്പോർട്ട് പരീക്ഷണാർഥം നടപ്പാക്കിയത്. അയാട്ട (ഇൻറർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ), ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ േകാർപറേഷൻ (എച്ച്.എം.സി) എന്നിവയുമായി സഹകരിച്ചാണിത്.
കോവിഡ് പശ്ചാത്തലത്തിൽ നേരിട്ടുള്ള സമ്പർക്കം കൂടുതൽ കുറക്കുന്ന ഖത്തർ എയർവേസിെൻറ പദ്ധതിയുടെ ഭാഗമാണ് ഡിജിറ്റൽ പാസ്പോർട്ടും. യാത്രക്കാർക്കും ജീവനക്കാർക്കും സുരക്ഷിതവും തടസ്സവുമില്ലാതെ മികച്ച യാത്രാനുഭവം നൽകുകയാണ് ഇതിലൂടെ. അയാട്ടയുമായി സഹകരിച്ച് പുതിയ കോവിഡ്-19 സുരക്ഷ പരിപാടിയായ ഡിജിറ്റൽ പാസ്പോർട്ട് നടപ്പാക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് ഖത്തർ എയർവേസ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറയുന്നു.യാത്രക്കാരുടെ വാക്സിനേഷൻ സംബന്ധമായ എല്ലാ വിവരങ്ങളും ആപ് വഴി ലഭ്യമാകുമെന്ന് അയാട്ട അധികൃതരും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.