ദോഹ: കലാ ലോകത്തെ ഏറ്റവും ശ്രദ്ധേയ വേദികളിലൊന്നായ വെനീസ് ബിനാലെയോടനുബന്ധിച്ച് പ്രദർശനമൊരുക്കി ഖത്തർ മ്യൂസിയം. മിഡിലീസ്റ്റ്, ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരുടെ ആശയങ്ങളെ വേദിയിലെത്തിക്കുന്ന വെനീസ് ബിനാലെയിലെ കലാ പ്രദർശനത്തോടനുബന്ധിച്ചാണ് ഖത്തർ മ്യൂസിയം പ്രത്യേക പ്രദർശനം ആരംഭിച്ചത്. ഖത്തർ മീഡിയാസിറ്റി, ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, മത്ഹഫ്: അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട്, ഫ്യൂച്ചർ ആർട്ട് മിൽ മ്യൂസിയം എന്നിവയുടെ സഹകരണത്തോടെ ‘യുവർ ഗോസ്റ്റ്സ് ആർ മൈൻ’ എന്ന തലക്കെട്ടിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. മാജിദ് അൽ റുമൈഹി, വിർജിൽ അലക്സാന്ദ്രേ എന്നിവരുടെ പിന്തുണയോടെ മാത്യൂ ഓർലിയൻ ആണ് പ്രദർശനം തയാറാക്കിയിരിക്കുന്നത്.
മരുഭൂമികൾ, സംസ്കാര ശേഷിപ്പുകൾ, സ്ത്രീ ശബ്ദങ്ങളും അതിർത്തികളും, പ്രവാസം എന്നിങ്ങനെ 10 പ്രമേയത്തിലൂന്നിയ ഗാലറികളാണ് പ്രദർശനത്തിലുള്ളത്. ഡി.എഫ്.ഐ പിന്തുണക്കുന്നതും സഹ ധനസഹായം നൽകുന്നതുമായ തെരഞ്ഞെടുത്ത സിനിമകളും മത്ഹഫ് മ്യൂസിയം, ആർട്ട് മിൽ മ്യൂസിയം എന്നിവയുടെ ശേഖരത്തിൽ നിന്നുള്ളതുമായ വസ്തുക്കളും പ്രദർശനത്തിനുണ്ട്. വെനീസ് ബിനാലെക്കൊപ്പം ആരംഭിച്ച ‘യുവർ ഗോസ്റ്റ് ആർ മൈൻ’ പ്രദർശനം, കാലിക ആശയങ്ങളിലേക്കും വികാരങ്ങളിലേക്കും എല്ലാറ്റിനുമുപരി കലാ ദർശനങ്ങളിലേക്കും നിരവധി അന്താരാഷ്ട്ര പ്രേക്ഷകരുടെ ശ്രദ്ധയാകർഷിക്കുമെന്ന് ഖത്തർ മ്യൂസിയം, ഡി.എഫ്.ഐ ചെയർപേഴ്സനായ ശൈഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ ആൽഥാനി പറഞ്ഞു.സിനിമാ ലോകത്തേക്ക് പുതുമുഖ പ്രതിഭകൾക്ക് പിന്തുണ നൽകി, അറബ് സംസ്കാരവും കഥകളും സൗന്ദര്യശാസ്ത്രവും പിഴവുകളില്ലാതെ കാഴ്ചക്കാരിലെത്തിക്കുക എന്ന ലക്ഷ്യവുമായി ഒന്നര പതിറ്റാണ്ടായി ഡി.എഫ്.ഐ സജീവമായുണ്ട്. 74 രാജ്യങ്ങളിൽ നിന്നുള്ള 800ലധികം വൈവിധ്യമാർന്ന പ്രോജക്ടുകളെ പിന്തുണക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നുവെന്ന് ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ. ഇ ഫതഹ്മ ഹസൻ അൽ റുമൈഹി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.